മൊത്തം തട്ടിപ്പ്; വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് യാത്രക്കാരനിൽ നിന്നും കൂടുതൽ പണം തട്ടാൻ ഊബർ ഡ്രൈവറുടെ ശ്രമം

Published : Oct 25, 2026, 01:07 PM IST
taxi

Synopsis

യാത്രക്കാരൻ്റെ സ്വന്തം ഫോണിലെ ഊബർ ആപ്പിൽ നിരക്ക് 885 രൂപ മാത്രമായിരുന്നു കാണിച്ചിരുന്നത്. യാത്ര അവസാനിച്ചിട്ടുമുണ്ടായിരുന്നില്ല. ഉടൻ തന്നെ യാത്രക്കാരൻ ആപ്പിലെ സപ്പോർട്ട് ഓപ്ഷൻ വഴി ഊബർ കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയും ഫോൺ സ്പീക്കറിലാക്കുകയും ചെയ്തു.

ദില്ലി വിമാനത്താവളത്തിൽ നിന്നും വിളിച്ച ഊബർ ടാക്സിയിലെ ഡ്രൈവർ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് കൂടുതൽ പണം തട്ടാൻ ശ്രമിച്ചതായി യാത്രക്കാരൻ. റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. യാത്രയുടെ തുടക്കത്തിൽ തന്നെ യാത്രാനിരക്ക് പണമായി നൽകുമോ എന്ന് ഡ്രൈവർ ചോദിച്ചിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിയെങ്കിലും ഡ്രൈവർ തൻ്റെ ആപ്പിൽ റൈഡ് അവസാനിപ്പിച്ചില്ല. പകരം, ടാക്സി കൂലി 1,780 രൂപയാണെന്ന് കാണിക്കുന്ന ഒരു വ്യാജ സ്ക്രീൻഷോട്ട് തൻ്റെ ഫോണിൽ കാണിക്കുകയായിരുന്നു. തനിക്ക് റേറ്റിംഗ് നൽകാനുള്ള ഓപ്ഷനും ഇതോടൊപ്പം ഡ്രൈവർ കാണിച്ചു.

ആപ്പിൽ റൈഡ് എൻഡ് ആകുന്നതിന് മുന്നേയാണോ റേറ്റിംഗ് നൽകുന്നത് എന്ന കാര്യത്തിൽ യാത്രക്കാരന് സംശയം തോന്നി. ആ സമയം ഡ്രൈവർ യാത്രക്കാരനോട് പറഞ്ഞത്, നിരക്ക് കൂടിയതുകൊണ്ട് യാത്രക്കാരൻ്റെ ആപ്പിൽ അപ്ഡേറ്റ് ആകാൻ സമയമെടുക്കും എന്നാണ്. ആദ്യം 1,780 രൂപ തനിക്ക് നൽകണമെന്നും പിന്നീട് ഉയർന്ന നിരക്കിനെക്കുറിച്ച് ഊബർ സപ്പോർട്ടിൽ പരാതി നൽകി റീഫണ്ട് വാങ്ങാമെന്നും ഡ്രൈവർ നിർദ്ദേശിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എന്നാൽ, യാത്രക്കാരൻ്റെ സ്വന്തം ഫോണിലെ ഊബർ ആപ്പിൽ നിരക്ക് 885 രൂപ മാത്രമായിരുന്നു കാണിച്ചിരുന്നത്. യാത്ര അവസാനിച്ചിട്ടുമുണ്ടായിരുന്നില്ല. ഉടൻ തന്നെ യാത്രക്കാരൻ ആപ്പിലെ സപ്പോർട്ട് ഓപ്ഷൻ വഴി ഊബർ കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയും ഫോൺ സ്പീക്കറിലാക്കുകയും ചെയ്തു. ഏജൻ്റുമായി സംസാരിച്ചപ്പോൾ കസ്റ്റമർ കെയർ റെക്കോർഡിലും നിരക്ക് 885 രൂപയാണെന്നും റൈഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു.

തുടർന്ന് ഡ്രൈവറോട് ആപ്പ് ക്ലോസ് ചെയ്ത് വീണ്ടും തുറക്കാൻ ഏജൻ്റ് നിർദ്ദേശിച്ചു. തട്ടിപ്പ് വിജയിക്കില്ലെന്ന് മനസ്സിലാക്കിയ ഡ്രൈവർ എതിർപ്പൊന്നും കൂടാതെ സ്ഥലം വിടുകയും മിനിറ്റുകൾക്കകം റൈഡ് അവസാനിപ്പിക്കുകയും ചെയ്തു. ഊബർ ആപ്പിന്റെ സ്പൂഫിം​ഗ് ആപ്പ് ഉപയോഗിച്ചാകാം ഡ്രൈവർ ഇത്തരം വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കുന്നതെന്ന് യാത്രക്കാരൻ സംശയം പ്രകടിപ്പിച്ചു.

വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ, ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ഡിജിറ്റൽ/ഓൺലൈൻ പേയ്മെന്റ് രീതികൾ ഉപയോഗിക്കാനാണ് നെറ്റിസൺസ് നിർദ്ദേശിക്കുന്നത്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളോ ആപ്പ് വാലറ്റുകളോ ഉപയോഗിച്ച് ഓൺലൈനായി പണം അടച്ചാൽ തുക കൃത്യമായി മാത്രമേ ഈടാക്കൂ എന്നും, തർക്കങ്ങളുണ്ടായാൽ കസ്റ്റമർ സപ്പോർട്ടിനെ എളുപ്പത്തിൽ സമീപിക്കാമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

PREV
Read more Articles on
click me!

Recommended Stories

13-ാം വയസ്സിൽ 130 രൂപയ്ക്ക് പാത്രം കഴുകി, ഇന്ന് KFC യു.എസ് പ്രസിഡന്റ്; കാതറിൻ ടാൻ ഗില്ലെസ്പിയുടെ കഥ
കഫേയില്‍ വച്ച് കുറ്റസമ്മതം രഹസ്യമായി റെക്കോർഡ് ചെയ്ത് പരാതിക്കാരി; പീഡനക്കേസിൽ യുവാവ് കുറ്റക്കാരനെന്ന് കോടതി