'ഞാൻ അവതാർ പോലെയായി'; യുകെക്കാരൻ ഉണ‍ർന്ന് എഴുന്നേറ്റപ്പോൾ തൊലിയ്ക്ക് നീല നിറം !

Published : Mar 11, 2026, 10:38 PM IST
blue skin

Synopsis

യുകെയിൽ 42 വയസ്സുകാരനായ ടോമി ലിഞ്ച് ഉറക്കമുണർന്നപ്പോൾ തന്‍റെ ചർമ്മം നീല നിറത്തിലായത് കണ്ട് പരിഭ്രാന്തനായി. ഗുരുതരമായ ആരോഗ്യപ്രശ്നമാണെന്ന് കരുതി ആശുപത്രിയിലെത്തിയ അദ്ദേഹത്തിന്‍റെ നിറം മാറ്റത്തിന് പിന്നിലെ കാരണം ഡോക്ടർമാർ കണ്ടെത്തിയപ്പോൾ ഏവരും അമ്പരന്നു. കഴുകാതെ ഉപയോഗിച്ച പുതിയ നേവി ബ്ലൂ ബെഡ്ഷീറ്റായിരുന്നു എല്ലാറ്റിനും കാരണം. 

 

യുകെയിലെ ഒരു വ്യക്തി ഉറക്കമുണർന്നപ്പോൾ തന്‍റെ ചർമ്മം അസാധാരണമായി നീലയായി മാറിയതായി കണ്ട് ഞെട്ടി. 42 വയസ്സുള്ള ടോമി ലിഞ്ചിനാണ് ഈ അസാധാരണമായ അനുഭവം ഉണ്ടായത്. തൊലിയുടെ നിറം മാറിയതിനൊപ്പം അസാധാരണമായ ക്ഷീണം കൂടിയായപ്പോൾ അദ്ദേഹം പരിഭ്രാന്തനായി. ഗുരുതരമായ എന്തോ ആരോഗ്യപ്രശ്നമാണെന്ന് കരുതിയ അദ്ദേഹം ആശുപത്രിയിലേക്ക് ഓടി. ആദ്യം ആശുപത്രിക്കാർക്കും കാര്യം മനസിലായില്ല. ഏറെ നേരം ടോമിയോട് സംസാരിക്കുകയും പരിശോധന നടത്തുകയും ചെയ്ത ഡോക്ടർമാർ അവസാനം നിറം മാറ്റത്തിന്‍റെ കാരണം കണ്ടെത്തി. പക്ഷേ. ആ കാരണം ഏവരെയും അമ്പരപ്പിച്ചു.

അസാധാരണമായ നിറം മാറ്റം

ഉറക്കമുണർന്നപ്പോൾ തൊലിയുടെ നിറം മാറ്റവു ക്ഷീണവും കാരണം ആശങ്കയിലായ ടോമി ലിഞ്ച് കെയററായി ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ വിളിക്കുകയും തന്‍റെ ആശങ്ക പങ്കുവയ്ക്കുകയുമായിരുന്നു. പിന്നാലെ ടോമിയുടെ വീട്ടിലെത്തിയ സുഹൃത്താണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ടോമിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

 

 

പരിശോധനയുടെ തുടക്കത്തിൽ മെഡിക്കൽ സ്റ്റാഫുകളും ലിഞ്ചിന്‍റെ രൂപമാറ്റത്തിൽ ആശങ്കാകുലരായിരുന്നു. ഡോക്ടർമാർ പെട്ടെന്ന് തന്നെ ലിഞ്ചിന് ഓക്സിജൻ നൽകി. പിന്നാലെ അസാധാരണമായ നിറം മാറ്റത്തിന്‍റെ കാരണമെന്താണെന്ന് നിർണ്ണയിക്കാനുള്ള പരിശോധനകളും തുടങ്ങി. ലിഞ്ചിനെ പരിശോധിക്കുന്നതിനിടയിൽ, ഡോക്ടർമാരിൽ ഒരാൾ ആൽക്കഹോൾ സ്വാബ് ഉപയോഗിച്ച് കൈ തുടച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ആ കോട്ടൺ പാഡ് തൽക്ഷണം നീലയായി. ഈ അപ്രതീക്ഷിത കണ്ടെത്തൽ ലിഞ്ചിന്‍റെ നിറം മാറ്റത്തിന്‍റെ രഹസ്യം വേഗത്തിൽ പരിഹരിച്ചു.

 

 

പുതിയ നേവി ബ്ലൂ ബെഡ്ഷീറ്റ്

യഥാർത്ഥത്തിൽ ലിഞ്ചിന്‍റെ തൊലിയുടെ നിറം മാറിയത് ഒരു മെഡിക്കൽ അവസ്ഥയല്ലായിരുന്നു. മറിച്ച് ലിഞ്ച് അടുത്തിടെ ഉപയോഗിക്കാൻ തുടങ്ങിയ പുത്തൻ നേവി ബ്ലൂ ബെഡ്ഷീറ്റുകളിൽ നിന്നാണ് അത് സംഭവിച്ചത്. രണ്ട് രാത്രികൾ കഴുകാതെ ലിഞ്ച് തന്‍റെ പുതിയ നേവി ബ്ലൂ ബെഡ്ഷീറ്റ് വിരിച്ച് അതിൽ കിടന്നുറങ്ങി, ബെഡ്ഷീറ്റിലെ നില നിറം അങ്ങനെ ലിഞ്ചിന്‍റെ ശരീരത്തിൽ പറ്റിപ്പിടിക്കുകയായിരുന്നു. നിറ വ്യത്യാസത്തിന്‍റെ യഥാർത്ഥ കാരണം കണ്ടെത്തിയതോടെ അതുവരെ നിലനിന്ന ആശങ്ക വെറും തമാശയായി മാറി. തന്‍റെ തൊലിയുടെ നിറം മാറ്റം അവതാർ സിനിമയിലെ കഥാപാത്രത്തെപ്പോലെയാണെന്ന് ലിഞ്ച് തന്നെ തമാശയായി പറഞ്ഞു.

 

 

തന്നെ കണ്ട ഡോക്ടർമാർ നീല നിറത്തിൽ ആരോഗ്യവാനായ ഒരാളെ ആദ്യമായി കാണുകയാണെന്ന് പറഞ്ഞതായും ലിഞ്ച് കൂട്ടിച്ചേർക്കുന്നു. കിംഗ് സൈസുള്ള നേവി ബ്ലൂ ബെഡ്ഷീറ്റുകൾ ഡെൽ എന്ന സുഹൃത്ത് ലിഞ്ചിന് സമ്മാനിച്ചതായിരുന്നു. പുതിയ തുണിത്തരങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ലിഞ്ച് പറഞ്ഞു. അങ്ങനെ ചെയ്തിരുന്നെങ്കിൽ തുണിയിലെ അധിക നിറം പോയേനെ. പക്ഷേ. കാരണം കണ്ടെത്തിയെങ്കിലും ശരീരത്തിലെ നിറം നിറം മുഴുവനായും പോകാൻ ഏതാണ്ട് ഒരാഴ്ചയോളം എടുത്തെന്നും ലിഞ്ച് പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ലക്കുണ്ടിയിലെ സ്വർണ്ണനിധി ; നൂറ്റാണ്ടുകളോളം മണ്ണിനടയിൽ കഴിഞ്ഞ ആ രഹസ്യം ഒടുവിൽ കണ്ടെത്തി
യുദ്ധം ഇന്ത്യൻ അടുക്കളയിലേക്കും: പാചകവാതക ക്ഷാമത്തെ എങ്ങനെ നേരിടാം? ചില ബദൽമാർഗങ്ങൾ