
ബ്രിട്ടിഷ് പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിലെ കൂടിക്കാഴ്ച പല തരത്തിലാണ് വിലയിരുത്തപ്പെടുന്നത്. ബ്രിട്ടന് വിജയം, പക്ഷേ യുക്രൈയ്ന് മെച്ചമില്ല, എന്നാണ് പൊതു നിരീക്ഷണം.
ബ്രിട്ടൻറെ പ്രധാന ആശങ്കക്ക് പരിഹാരമായി. വ്യാപാരധാരണയിൽ നികുതി ഭാരമുണ്ടാവില്ല. പക്ഷേ, യുക്രൈയ്നിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല അമേരിക്കൻ പ്രസിഡൻറ്. അതേസമയം ട്രംപിന് രണ്ടാമതൊരു ഔദ്യോഗിക സന്ദർശനത്തിന് ക്ഷണക്കത്ത് കിട്ടി. അത് അസാധാരണമാണ്. രണ്ടാമൂഴക്കാരായ അമേരിക്കൻ പ്രസിഡൻറുമാർക്ക് ഔദ്യോഗിക സന്ദർശനത്തിന് ക്ഷണം കിട്ടാറില്ല. രാജാവിനൊപ്പം വിൻഡ്സർ കൊട്ടാരത്തിൽ ചായ, അല്ലെങ്കിൽ ഉച്ചഭക്ഷണം. അതാണ് പതിവ്.
കൂടിക്കാഴ്ചയുടെ തുടക്കത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡൻറിനെ ഒന്ന് അമ്പരപ്പിച്ചു. പോക്കറ്റിൽ കൈയിട്ട് ചാൾസ് രാജാവ് നൽകിയ ക്ഷണക്കത്ത് പുറത്തെടുത്തു കെയ്ർ സ്റ്റാമർ. അത് ട്രംപിന് കൈമാറി. ട്രംപ് കുറച്ചൊന്ന് അമ്പരന്നു. ഇതിപ്പോൾ തുറക്കണോ എന്നായി. കൂട്ടച്ചിരിക്കിടെ തുറന്നു, വായിച്ചു. ചാൾസിനെ പ്രശംസിച്ചു. ബ്രിട്ടൻ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിക്കയും ചെയ്തു. ട്രംപിൻറെ രണ്ടാം സന്ദർശനമാവും അത്. ആദ്യ ഭരണകാലത്തെ സന്ദർശനത്തിൽ എലിസബത്ത് രാജ്ഞിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു പ്രസിഡൻറ്.
ക്ഷണം സ്വീകരിച്ച്, പരസ്പരം പ്രശംസ തുടങ്ങിയ രണ്ട് പേരും അത് നിർത്തിയേയില്ല. ആരെയും പിണക്കാനിഷ്ടമില്ലാത്ത പ്രധാനമന്ത്രി എന്നാണ് കെയ്ർ സ്റ്റാമറിനെക്കുറിച്ച് പറയാറ്. ട്രംപിനെയും പിണക്കിയില്ല സ്റ്റാമർ. പക്ഷേ, വലിയ സ്വാധീനം ചെലുത്താനായോ എന്ന് ചോദിച്ചാൽ കുറച്ച് എന്നാണ് ഉത്തരം. പുതിയ വ്യാപാരധാരണ ഉടനെന്ന് അമേരിക്കൻ പ്രസിഡൻറ് അറിയിച്ചു. നികുതി ഭീഷണികൾ ഇല്ലാത്ത ധാരണ. അതൊരു സാമ്പത്തിക ധാരണയായിരിക്കുമെന്നാണ് സ്റ്റാമർ വിശദീകരിച്ചത്. അങ്ങനെയെങ്കിൽ അത് ബ്രിട്ടന് നേട്ടമാണ്.
ബ്രിട്ടനും യൂറോപ്പും ഉൾപ്പടെ എല്ലാ സഖ്യകക്ഷികൾക്കും മേൽ 25 ശതമാനം നികുതിയായിരുന്നു ട്രംപിൻറെ നേരത്തെയുള്ള ഭീഷണി. സ്റ്റീൽ, അലൂമിനിയം എന്നിവയ്ക്ക് പ്രത്യേകിച്ചും. അത് യുകെയെയും പ്രതികൂലമായി ബാധിച്ചേനെ. നികുതി ഇല്ലെന്ന് തന്നെക്കൊണ്ട് പറയിക്കാൻ സ്റ്റാമർ ശ്രമിച്ചു, വാങ്ങുന്ന ശമ്പളത്തിന് തക്കവണ്ണം പ്രവർത്തിച്ചു എന്നായിരുന്നു ട്രംപ് എന്ന ബിസിനസുകാരൻറെ വാക്കുകൾ. എന്തായാലും നികുതി വേണ്ടിവരാത്ത ധാരണയിലെത്താനാകും എന്ന സാധ്യതയാണ് ട്രംപ് അറിയിച്ചത്.
യൂറോപ്യൻ യൂണിയൻ വിട്ടപ്പോൾ മുതൽ അമേരിക്കയുമായി വ്യാപാര ധാരണയിലെത്താൻ ശ്രമിക്കുകയായിരുന്നു ബ്രിട്ടൻ. ട്രംപിൻറെ ആദ്യഭരണകാലത്ത് തുടങ്ങിയ ചർച്ചകൾ പക്ഷേ, കാർഷിക കയറ്റുമതിയിലും ടെക് കമ്പനികൾക്കുള്ള നികുതിയിലും തട്ടി തടഞ്ഞുവീണു. സ്റ്റാമർ അതിനൊരു പരിഹാരം കണ്ടിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിലെ സഹകരണവും ഉറപ്പിച്ചു. പക്ഷേ, യുക്രൈയ്നിലെ അമേരിക്കൻ സൈനിക സാന്നിധ്യം ട്രംപ് തള്ളിക്കളഞ്ഞു. പുടിൻ അത് സമ്മതിക്കില്ലെന്നും വ്യക്തമാക്കി. റഷ്യയെ ഒറ്റക്ക് നേരിടാൻ കഴിയുമോ എന്നൊരു പരിഹാസവും ഉണ്ടായി ട്രംപിൻറെ ഭാഗത്ത് നിന്ന്.
യുക്രൈയ്ന് സുരക്ഷാ ഉറപ്പുകൾ വേണമെന്ന യൂറോപ്പിൻറെയും ബ്രിട്ടൻറെയും യുക്രൈയ്ൻറെ തന്നെ ആവശ്യം നടന്നില്ലെന്ന് ചുരുക്കം. പകരം മറ്റൊരു ഉറപ്പ് നൽകി. ധാതുസമ്പത്തിൻറെ ഖനനത്തിനും ഒക്കെയായി അമേരിക്കൻ തൊഴിലാളികളും ഉദ്യോഗസ്ഥരും യുക്രൈയ്നിലുള്ളപ്പോൾ ആരും കളിക്കാൻ ധൈര്യപ്പെടില്ലെന്ന് പറഞ്ഞു അമേരിക്കൻ പ്രസിഡൻറ്.
പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കുന്നതിൽ പേരുകേട്ട ട്രംപ് സെലൻസ്കിയെ അധിക്ഷേപിച്ചതും തിരിച്ചെടുത്തു. ലോകത്ത് മുഴുവൻ ചർച്ചയായ 'ഏകാധിപതി' പ്രയോഗമാണ് തിരിച്ചെടുത്തത്. താനങ്ങനെ പറഞ്ഞോ, വിശ്വസിക്കാൻ പറ്റുന്നില്ല എന്നായി. സെലൻസ്കിയോട് ഒരുപാട് ബഹുമാനമുണ്ടെന്നും കൂട്ടിച്ചേർത്തു. സമാധാനത്തിനുള്ള വലിയൊരു അവസരം ഒരുക്കിയതിന് ട്രംപിനെ പ്രശംസിച്ചു സ്റ്റാമർ. പക്ഷേ, ബ്രിട്ടിഷ് മാധ്യമങ്ങളിൽ വലിയ പ്രാധാന്യം നേടിയ കൂടിക്കാഴ്ചക്ക് അമേരിക്കൻ മാധ്യമങ്ങൾ അത്ര പ്രാധാന്യം നൽകിയില്ലെന്നാണ് നിരീക്ഷകപക്ഷം.
ഡോണൾഡ് ട്രംപിൻറെ കുപ്രസിദ്ധമായ ഹസ്തദാനം എങ്ങനെ സ്റ്റാമർ നേരിടും എന്നൊരു ചർച്ച തന്നെ നടന്നു മാധ്യമങ്ങളിൽ. എതിരെ നിൽക്കുന്ന ആളിന് കൈകൊടുത്തിട്ട് അവരെ പിടിച്ചുവലിക്കുകയോ തള്ളിമാറ്റുകയോ ചെയ്യുന്നതാണ് ട്രംപിൻറെ രീതി. ലോകനേതാക്കളിൽ പലരും അതിൻറെ ഇരകളായിട്ടുണ്ട്. ആധിപത്യം സ്ഥാപിക്കലാണ് ലക്ഷ്യം. എന്തായാലും ശരീരഭാഷയിലൂടെ ട്രംപാണ് ആധിപത്യം സ്ഥാപിച്ചത്. സ്റ്റാമറിൻറെ അടിസ്ഥാന സ്വഭാവം തന്നെ അതിനെതിരായത് കൊണ്ട് ആധിപത്യം സ്ഥാപിക്കൽ നടന്നില്ല.
പുടിന് വിധേയനായ ട്രംപ്; മൂന്നാം ലോക മഹായുദ്ധത്തിന് വഴി തെളിയുകയാണോ?