ആയിരക്കണക്കിന് പന്തയക്കുതിരകളെ കശാപ്പുശാലകളിലേക്ക് പറഞ്ഞയച്ച് നിർദ്ദയം വെടിവെച്ചു കൊന്ന് യുകെ

Published : Jul 19, 2021, 03:03 PM ISTUpdated : Jul 19, 2021, 06:48 PM IST
ആയിരക്കണക്കിന് പന്തയക്കുതിരകളെ കശാപ്പുശാലകളിലേക്ക് പറഞ്ഞയച്ച് നിർദ്ദയം വെടിവെച്ചു കൊന്ന് യുകെ

Synopsis

നടക്കുന്നത് കണ്ണില്ലാത്ത ക്രൂരതയെന്ന് മൃഗസംരക്ഷണ സംഘടനകൾ.

ആയിരക്കണക്കിന് പന്തയക്കുതിരകളാണ് വർഷാവർഷം യുകെയിലെ കശാപ്പുശാലകളിൽ 'ദയാവധം' എന്ന പേരിൽ കണ്ണില്ലാത്ത ക്രൂരതക്ക് ഇരയാകുന്നത് എന്ന വെളിപ്പെടുത്തലുമായി, 'ദി ഡാർക്ക് സൈഡ് ഓഫ് ഹോഴ്സ് റേസിംഗ് എന്ന ബിബിസി പനോരമ അന്വേഷണാത്മക ഡോക്യുമെന്ററി.  2019 മുതൽക്കിങ്ങോട്ട് ഇത്തരത്തിൽ കൊല ചെയ്യപ്പെട്ടത് 4000 -ലധികം പന്തയക്കുതിരകൾ ആണെന്നും, അവയിൽ പലതും ഇളം പ്രായം പിന്നിടാത്ത 'തറോ ബ്രെഡ്'(thorough bred) കുതിരകളാണ് എന്നുമാണ് ഈ ഡോക്യൂമെന്ററി വീഡിയോ തെളിവുകൾ സഹിതം വെളിപ്പെടുത്തിയിട്ടുള്ളത്. 

 

 

കഴിഞ്ഞ വർഷങ്ങളിൽ നിരവധി പന്തയങ്ങൾ ജയിച്ച, 'High Espectations' അടക്കമുള്ള ചില പ്രസിദ്ധ കുതിരകളും ഇങ്ങനെ വധിക്കപ്പെട്ടു കഴിഞ്ഞു എന്നും അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നു. ഈ കശാപ്പുശാലകളിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചു നടത്തിയ മാസങ്ങൾ നീണ്ട അന്വേഷണത്തിലാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്. ഇങ്ങനെ 'ദയാവധം' നടത്താൻ അനുമതി നൽകപ്പെടുന്ന കുതിരകളെ അനാവശ്യമായ ക്രൂരതകളിൽ നിന്ന് രക്ഷിച്ചു നിർത്താൻ വിഭാവനം ചെയ്യപ്പെട്ട നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങളാണ് ഈ ഗവണ്മെന്റ് അംഗീകൃത കശാപ്പുശാലകളിൽ നടക്കുന്നത് എന്നും ബിബിസി പറഞ്ഞു. 

ഇതിൽ 'High Espectations' എന്ന പന്തയക്കുതിരയെ വളർത്തി പരിശീലിപ്പിച്ചെടുത്ത ഗോർഡൻ എലിയറ്റിനെ അടുത്തിടെ ചത്ത ഒരു കുതിരയുടെ ജഡത്തിന്മേൽ കയറിയിരുന്ന് വിജയ ചിഹ്നം കാണിച്ചു കൊണ്ട് ചിത്രമെടുത്തു എന്നാക്ഷേപിച്ച്, ബ്രിട്ടനിൽ പന്തയങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയുണ്ടായി. മൂന്നു ഗ്രാൻഡ് നാഷണൽ കിരീടങ്ങൾ നേടിയ റേസർ ആണ് എലിയട്ട്. 

 

 

ഈ കശാപ്പുശാലകളിൽ കുതിരകളെ യാർഡുകൾ അകലെ നിന്നാണ് വെടിവെക്കുന്നത് എന്നും, വേണ്ടത്ര മയക്കാതെ ആണ് കുതിരകളെ വെടിവെക്കുന്നത് എന്നതുകൊണ്ട് കൃത്യ സ്ഥാനത്ത് വെടി കൊല്ലാതെ ഏറെ വേദന തിന്നാണ് ഈ കുതിരകൾ ഒടുവിൽ ചാവുന്നത് എന്നുമാണ് മൃഗസംരക്ഷണ സംഘടനകൾ ആക്ഷേപിച്ചിട്ടുള്ളത്. കുതിരകളെ ഓട്ടപ്പന്തയത്തിൽ പങ്കെടുപ്പിക്കുന്നത് തന്നെ നിരോധിക്കണം എന്നാണ് ഈ സംഘടനകൾ വര്ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. 


 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു