പതിനാറാം വയസ്സില്‍ നാലുകോടി ലോട്ടറിയടിച്ച 'ഭാഗ്യവാന്' ഏഴാം വര്‍ഷം അകാലമരണം!

By Web TeamFirst Published Jun 7, 2021, 7:56 PM IST
Highlights

പതിനാറാം വയസ്സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെയാണ് 390,000 പൗണ്ട് ഏകദേശം (നാലു കോടി രൂപ) ഫിറ്റ്‌സ്പാട്രിക്കിന് ലോട്ടറി അടിക്കുന്നത്.

ലണ്ടന്‍: വിദ്യാര്‍ത്ഥിയായിരിക്കെ നാലു കോടി രൂപ ലോട്ടറിയടിച്ചതോടെ ശ്രദ്ധാകേന്ദ്രമായതാണ് വടക്കന്‍ അയര്‍ലണ്ടിലെ കൗണ്ടി ഡൗണ്‍  ബാലിമാര്‍ട്ടിന്‍ നിവാസിയായ കേലം ഫിറ്റ്‌സ്പാട്രിക്ക്. ഭാഗ്യവാനായ കുട്ടിയെന്ന് പ്രശസ്തനായ ഫിറ്റ്‌സ്പാട്രിക്ക് അതു കഴിഞ്ഞ് ഏഴാം വര്‍ഷം, 23 വയസ്സില്‍ പെട്ടെന്ന് മരണത്തിന് കീഴടങ്ങി. 

പതിനാറാം വയസ്സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെയാണ് 390,000 പൗണ്ട് ഏകദേശം (നാലു കോടി രൂപ) ഫിറ്റ്‌സ്പാട്രിക്കിന് ലോട്ടറി അടിക്കുന്നത്. ബ്രിട്ടീഷ് നാഷനല്‍ ലോട്ടറിയുടെ നറുക്കെടുപ്പിലായിരുന്നു നേട്ടം. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ലോട്ടറി ജേതാക്കളിലൊരാളായ ഈ ചെറുപ്പക്കാരന്‍ അതോടെ വാര്‍ത്തയില്‍ നിറഞ്ഞു. മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള പലചരക്കുകടയില്‍ സഹായിയായി ജോലിചെയ്തിരുന്ന ചെറുക്കന്‍ ലോട്ടറി അടിച്ചിട്ടും അതേ ജോലി തുടര്‍ന്നു. അതിനു ശേഷം, ഔല്‍സ്റ്റര്‍ സര്‍വകലാശാലയില്‍നിന്നും സിവില്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു. അനലോംഗിലെ  ഹാര്‍ബര്‍ ഇന്‍ ബാറില്‍ ജോലി ചെയ്യുന്നതിനിടെയാണ് മരണം ഫിറ്റ്‌സ് പാട്രിക്കിനെ തേടിയെത്തിയത്.

 

 

ലോട്ടറിയടിച്ച കാശിന് ചെറുക്കന്‍ ആദ്യമായി വാങ്ങിയത് ഒരു പുത്തന്‍ കാര്‍ ആയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകനായിരുന്ന ഫിറ്റ്‌സ്പാട്രിക്ക് ഓള്‍ഡ് ട്രഫോര്‍ഡിലെ അവരുടെ സ്‌റ്റേഡിയം സന്ദര്‍ശിക്കാനും കാശ് ചെലവഴിച്ചു. അതിനുശേഷം, പഠിത്തത്തില്‍ ശ്രദ്ധിക്കുകയായിരുന്നു. എന്ത് ജോലി ചെയ്യാനും മടിയില്ലാത്ത ഈ കോടീശ്വരന്‍ പഠിത്തത്തിനൊപ്പം തന്നെ പല ജോലികളും ചെയ്തിരുന്നു. 

മരണകാരണം എന്താണെന്ന് കുടുംബം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ആത്മഹത്യാ പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ കൂട്ടായ്മയ്ക്ക് മരണശേഷം, കുടുംബം വലിയ തുക സംഭാവനയായി നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

click me!