ബോംബടക്കം 11 ടണ്‍ ആയുധങ്ങളുമായി സഞ്ചരിച്ച വിമാനം തീഗോളമായി കത്തിയമര്‍ന്നു!

By Web TeamFirst Published Jul 18, 2022, 7:48 PM IST
Highlights

 വിമാനത്തിലെ വെടിക്കോപ്പുകളും കുഴിബോംബുകളും മറ്റ് ആയുധങ്ങളും പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍അഗ്‌നിഗോളമാണ് ഉണ്ടായത്. 

കുഴിബോംബുകളും മറ്റ് 11 ടണ്‍ ആയുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുവിമാനം തകര്‍ന്നുവീണ് വന്‍തീഗോളമായി കത്തിയമര്‍ന്നു. സംഭവത്തില്‍, വിമാനത്തിലുണ്ടായിരുന്ന എട്ട് ജീവനക്കാരും കൊല്ലപ്പെട്ടു. സെര്‍ബിയയില്‍നിന്ന് ആയുധങ്ങളുമായി ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന ചരക്കുവിമാനം ഗ്രീസിലെ കാവല നഗരത്തിനടുത്തുള്ള പാടത്താണ് കത്തിയമര്‍ന്നത്. വിമാനത്തിലെ വെടിക്കോപ്പുകളും കുഴിബോംബുകളും മറ്റ് ആയുധങ്ങളും പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍അഗ്‌നിഗോളമാണ് ഉണ്ടായത്. മാരകശേഷിയുള്ള  ബോംബുകള്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ മാരകവാതകങ്ങള്‍ ചുറ്റും പരന്നതിനെ തുടര്‍ന്് രണ്ട് കിലോ മീറ്റര്‍ ചുറ്റളവിലുള്ള ആളുകളോട് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഗ്‌നിശമന സൈനികര്‍ അടക്കമുള്ള രക്ഷാ പ്രവര്‍ത്തകരുടെ വന്‍ സംഘം പ്രദേശത്തേക്ക് പോവാനാവാത്ത അവസ്ഥയില്‍ മാറിനില്‍ക്കുകയാണ്. ഇവിടെനിന്നും വിഷവാതകം ശ്വസിച്ച് രണ്ട് അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ ആശുപത്രിയിലാവുകയും ചെയ്തു. 

ഇന്നലെയാണ് ഗ്രീസില്‍ ഞെട്ടിക്കുന്ന വിമാനാപകടം നടന്നത്. യുക്രൈന്‍ ചരക്കു വിമാന കമ്പനിയായ മെറിഡിയന്റെ ആന്റനോവ് എ എന്‍ 12 വിമാനമാണ് പാടത്തേക്ക് നിലം പതിച്ചത്. വിമാനം അപകടത്തിലാവുമെന്ന് ഭയന്ന് ഗ്രീസില്‍ ക്രാഷ് ലാന്റിംഗ് നടത്താന്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ ശ്രമിച്ചുവെങ്കിലും അതിനുള്ള നടപടികള്‍ക്കിടെ വിമാനം നിലം പതിക്കുകയായിരുന്നു. വിമാനം നിലത്തുവീണതും അതിനുള്ളിലെ  ബോംബുകളും മറ്റുമടങ്ങിയ 11 ടണ്‍ ആയുധങ്ങള്‍ വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വമ്പന്‍ തീഗോളമായി വിമാനം കത്തിയമര്‍ന്നതിനാല്‍, അതിലുണ്ടായിരുന്ന എട്ട് ജീവനക്കാരും കൊല്ലപ്പെടുകയായിരുന്നു. മരിച്ച വിമാന ജീവനക്കാരെല്ലാം യുക്രൈന്‍കാരാണ്. 

Ukrainian Cargo plane carrying NATO weapons/ammunition has crashed in Greece. The plane flew from Serbia to Jordan and crashed near the city of Kavala.

Greece withdraws all firefighters due to “unknown toxic materials on the plane." What?? pic.twitter.com/AwZ6Xka6vC

— *! Funkytown13™*** (@0_funky13)

ബംഗ്ലാദേശ് പ്രതിരോധ മന്ത്രാലയത്തിനുള്ള ആയുധങ്ങളാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യുക്രൈനിയന്‍ വിമാനക്കമ്പനി അറിയിച്ചു. സെര്‍ബിയയിലെ ആയുധക്കമ്പനിയായ വാലിര്‍ ആണ് ആയുധങ്ങള്‍ കയറ്റി അയച്ചത്. സെര്‍ബിയയിലെ നിസ് വിമാനത്താവളത്തില്‍നിന്നും പുറപ്പെട്ട വിമാനം ബംഗ്ലാദേശിലേക്കുള്ള യാത്രാമധ്യേ ഗ്രീസില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് സെര്‍ബിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചാണ് ബംഗ്ലാദേശിലേക്ക് ആയുധങ്ങള്‍ അയച്ചതെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. 

അതിനിടെ, റഷ്യയുമായി യുദ്ധം നടക്കുന്ന യുക്രൈനിലേക്ക് കൊണ്ടുപോവുന്ന ആയുധങ്ങളാണ് വിമാനത്തിനുള്ളിലുണ്ടായിരുന്നതെന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. സെര്‍ബിയന്‍ ആയുധങ്ങള്‍ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയി അവിടെനിന്നും യുക്രൈനിലേക്ക് കൊണ്ടുപോവാനായിരുന്നു ശ്രമമെന്നും വിവിധ മാധ്യമങ്ങള്‍ തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, സെര്‍ബിയ ഇക്കാര്യം നിഷേധിച്ചു. യുക്രൈനിലേക്കുള്ള ആയുധങ്ങളായിരുന്നില്ല അതെന്നും ബംഗ്ലാദേശ് പ്രതിരോധ മന്ത്രാലയമാണ് രാജ്യാന്തര നിയമങ്ങള്‍ പ്രകാരം ആയുധങ്ങള്‍ വാങ്ങിച്ചതെന്നും സെര്‍ബിയ വ്യക്തമാക്കി. ബംഗ്ലാദേശും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുക്രൈന്‍ വിമാനം അപകടത്തില്‍ പെട്ടതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ആദ്യം പരന്നത് വ്യാജവാര്‍ത്തകളാണെന്നും വിമാനക്കമ്പനി വക്താവും അറിയിച്ചു. എങ്കിലും ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഇപ്പോഴും ഉയരുന്നുണ്ട്. 

വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്നുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലരും പോസ്റ്റ് ചെയ്തിരുന്നു. ആകാശം മുട്ടുന്ന തീഗോളമായി വിമാനം കത്തിയമരുന്ന ദൃശ്യങ്ങളാണ് പരന്നത്. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ബോംബുകളും മറ്റ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രദേശമാകെ വിഷവാതകം വ്യാപിച്ചിട്ടുണ്ട്. രണ്ട് കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളിലുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് ഗ്രീക്ക് ഭരണകൂടം അറിയിച്ചത്. 

: Reported scene of Ukranian cargo plane crash in Kavala, Greece. Reports that the Antonov An-12BK lost an engine before crashing.

Unclear how many people were on-board and if the plane was carrying equipment.
pic.twitter.com/NwaVslWzaC

— Moshe Schwartz (@YWNReporter)

വിഷവാതകം പരക്കുമെന്ന് ആശങ്കയുള്ളതിനാല്‍, അഗ്‌നിശമന സേന അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തുപോവാതെ മാറിനില്‍ക്കുകയാണ്. വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നുവെങ്കിലും പ്രദേശത്ത് കുഴിബോംബുകളടക്കം പൊട്ടാതെ കിടക്കുന്നുണ്ടാവുമെന്നാണ് ആശങ്ക. അതോടൊപ്പം വിമാനം കത്തിയമര്‍ന്ന മേഖലയില്‍ പരന്ന വിഷവാതകവും രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കി. അതിനിടയില്‍, രണ്ട് അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ വിഷവാതകം ശ്വസിച്ച് ആശുപത്രിയിലാവുകയും ചെയ്തു. വിമാനം പൂര്‍ണ്ണമായി കത്തിയമരുകയും സ്ഥലത്തെ മാരകമായ വാതകവ്യാപനം അവസാനിക്കുകയും ചെയ്താലേ അഗ്‌നിശമന സേനയ്ക്ക് പ്രദേശത്ത് എത്തിച്ചേരാനാവൂ എന്നാണ് ഗ്രീക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. 

click me!