സ്ത്രീകള്‍ അകത്തുകടന്നാല്‍ വിവരമറിയും, പാക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക്

Published : Jul 18, 2022, 07:46 PM IST
സ്ത്രീകള്‍ അകത്തുകടന്നാല്‍ വിവരമറിയും,  പാക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക്

Synopsis

ഭര്‍ത്താവോ ബന്ധുക്കളോ കൂടെ ഉണ്ടെങ്കില്‍ പോലും ഒരു സ്ത്രീയും ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഗോത്രമുഖ്യരുടെ സമിതി വ്യക്തമാക്കി. 

പാക്കിസ്താനിലെ ബജോര്‍ ഗോത്രവര്‍ഗ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഗോത്രമുഖ്യരുടെ സമിതി. ഒരു ദിവസത്തിനുള്ളില്‍ ഇക്കാര്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കില്‍, ഗോത്രമുഖ്യര്‍ തന്നെ ഈ തീരുമാനം നടപ്പാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവോ ബന്ധുക്കളോ ആയ പുരുഷന്‍മാര്‍ ഒപ്പമുണ്ടെങ്കിലും ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടാവില്ലെന്നും ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയായ ജംഇയത്തുല്‍ ഉലമായെ ഇസ്‌ലാം ഫസ്ല്‍ (ജെ യു ഐ എഫ്) പ്രാദേശിക ഘടകം മുന്നറിയിപ്പ് നല്‍കി. 

അഫ്ഗാനിസ്താനിലെ കുനാര്‍ പ്രവിശ്യയോട് ചേര്‍ന്നു കിടക്കുന്ന ബജോര്‍ ഗോത്രവര്‍ഗ ജില്ല അതിമനോഹരമായ മലനിരകളാല്‍ പ്രശസ്തമാണ്. ഇവിടെ പ്രശസ്തമായ അനേകം വിനേണാദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. 
ഗബ്ബാര്‍ ചീന, ഭായി ചീന, മുണ്ട ഖില, രാഗഗന്‍ അണക്കെട്ട്, അമന്‍ പാര്‍ക്ക് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പാക്കിസ്താന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സ്ത്രീകളും കുട്ടികളും അടക്കം അനേകം വിനേണാദ സഞ്ചാരികള്‍ എത്താറുണ്ട്. അവധി കാലങ്ങളില്‍ കുടുംബങ്ങള്‍ ധാരാളമായി എത്തുന്നവയാണ് ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ഇവിടെയാണ് സ്ത്രീകള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക്  ഏര്‍പ്പെടുത്തിയത്. 

ഭര്‍ത്താവോ ബന്ധുക്കളോ കൂടെ ഉണ്ടെങ്കില്‍ പോലും ഒരു സ്ത്രീയും ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഗോത്രമുഖ്യരുടെ സമിതി വ്യക്തമാക്കി. പാക്കിസ്താന്റെയും ഇസ്‌ലാമിന്റെയും മൂല്യങ്ങള്‍ക്കും പാരമ്പര്യത്തിനും എതിരായാണ് സ്ത്രീകള്‍ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നതെന്നും യോഗം വ്യക്തമാക്കി. വിവിധ ഗോത്രവിഭാഗങ്ങളിലെ തലമുതിര്‍ന്ന അംഗങ്ങളും മതപുരോഹിതരും ജെ യു ഐ എഫ് നേതാക്കളും അടങ്ങിയ ജിര്‍ഗ ഏകപക്ഷീയമായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് 
ജെ യു ഐ എഫ് ജില്ലാ അധ്യക്ഷന്‍ മൗലാന അബ്ദുര്‍ റഷീദ് പറഞ്ഞു.  പുതിയ കൂട്ടുകക്ഷി സര്‍ക്കാറിലെ പ്രമുഖ കക്ഷിയായ ജെ യു ഐ എഫ് ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാറിനോടും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഒരു ദിവസത്തിനകം സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുന്നില്ലെങ്കില്‍, തങ്ങള്‍ തന്നെ ഈ ഉത്തരവ് നടപ്പാക്കുമെന്നും ജെ യു ഐ എഫ് നേതാക്കള്‍ പറഞ്ഞു. 

വിനോദ സഞ്ചാരത്തിന്റെ മറവില്‍ ഇവിടെ അധാര്‍മികവും സദാചാര വിരുദ്ധവുമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് ജിര്‍ഗ അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ നൂറു കണക്കിന് സ്ത്രീകള്‍ ഇവിടെ വിനോദ സഞ്ചാരികളീായി എത്തി. ഇത് നാടിന്റെ സംസ്‌കാരത്തിന് എതിരാണ്. ഇസ്‌ലാമിക നിയമങ്ങള്‍ പ്രകാരം ഇത് അനുവദനീയമല്ലെന്നും ഗോത്രമുഖ്യരുടെ സമിതി വ്യക്തമാക്കി. ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവും ഖാര്‍ തഹ്‌സില്‍ കൗണ്‍സില്‍ അധ്യക്ഷനുമായ ഹാജി സയിദ് ബാദ്ഷ അടക്കം പ്രമുഖര്‍ പങ്കെടുത്ത യോഗം സദാചാരവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കര്‍ശനമായ ഇടപെടല്‍ നടത്തുമെന്നും പ്രഖ്യാപിച്ചു.  

സ്ത്രീകള്‍ സ്വതന്ത്രമായി ഇറങ്ങി നടക്കുന്നത് അനുവദിക്കാനാവില്ലെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ്, വിവിധ ഗോത്ര വിഭാഗങ്ങളുടെ മുഖ്യര്‍ അടങ്ങുന്ന ജിര്‍ഗ ഈ തീരുമാനം എടുത്തതെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. ''ഞങ്ങള്‍ ടൂറിസത്തിന് എതിരല്ല. പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിന് ആവശ്യമാണ് അത്. ഞങ്ങള്‍ എതിര്‍ക്കുന്നത് സ്ത്രീകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് മാത്രമാണ്. ഇത് പാരമ്പര്യത്തിനും മതവിശ്വാസസത്തിനും ആചാരങ്ങള്‍ക്കും വിരുദ്ധമാണ്. വിനോദ സഞ്ചാരത്തിന്റെ മറവില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല''-പ്രസ്താവന വ്യക്തമാക്കി. 

സര്‍ക്കാറും ജില്ലാ ഭരണകൂടവും അടുത്ത ദിവസം തന്നെ ഈ തീരുമാനം നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍, തങ്ങള്‍ തന്നെ എന്തുവില കൊടുത്തും അത് നടപ്പാക്കുമെന്നും യോഗം വ്യക്തമാക്കി. 

ഈ ആവശ്യത്തോട് സര്‍ക്കാറോ ജില്ലാ ഭരണകൂടമോ പ്രതികരിച്ചില്ലെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്താന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വിരുദ്ധമാണ് ഈ നടപടിയെന്ന് വിവിധ മനുഷ്യാവകാശ, വനിതാ സംഘടനകള്‍ വ്യക്തമാക്കി.
 

PREV
Read more Articles on
click me!

Recommended Stories

ജർമ്മനിയിൽ നല്ല ജോലി, സമ്പാദ്യം, കൂട്ടുകാർ, എല്ലാമുണ്ട്, പക്ഷേ നാടിന് പകരമാകുമോ? തിരികെ വരാൻ ആലോചിക്കുന്നുവെന്ന് യുവതി
ഇൻഷുറൻസ് തുക തട്ടാൻ വൻ നാടകം, കാമുകിയെ കാറിടിപ്പിച്ചു, ഒടുവിൽ എല്ലാം പൊളിഞ്ഞു