സഹപാഠികളായ പെൺകുട്ടികളില്ലാതെ സ്കൂളിലേക്കില്ല, സ്കൂളിൽ പോകാൻ വിസമ്മതിച്ച് അഫ്​ഗാനിൽ ആൺകുട്ടികൾ

By Web TeamFirst Published Sep 20, 2021, 1:53 PM IST
Highlights

റോയിട്ടേഴ്‌സിനോട് സംസാരിക്കുമ്പോൾ, കാബൂളിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകൻ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് വരുത്തിയ നിരവധി മാറ്റങ്ങളെക്കുറിച്ച് അറിയിച്ചു. 

അഫ്ഗാനിസ്ഥാനിൽ ആൺകുട്ടികളോടും പുരുഷന്മാരായ അദ്ധ്യാപകരോടും മാത്രം സ്കൂളിലേക്ക് മടങ്ങാൻ ഉത്തരവിട്ടിരിക്കയാണ് താലിബാൻ. പെൺകുട്ടികൾ വീടുകളിൽ തന്നെ തുടരുന്നു. എന്നാൽ, രാജ്യത്ത് സ്കൂളുകൾ തുറന്നിട്ടും സ്കൂളുകളിലേക്ക് മടങ്ങാത്ത ചില ആൺകുട്ടികളും അവർക്കിടയിലുണ്ട്. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലാണ് അത്. അവിടെയുള്ള ചില ആൺകുട്ടികൾ അവരുടെ സഹപാഠികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീടുകളിൽ തന്നെ തുടരുകയാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 'എന്ന് ഞങ്ങളുടെ പെങ്ങമ്മാർ സ്കൂളിൽ പോകുന്നോ അന്നേ ഞങ്ങളും പോകുന്നുള്ളൂ' എന്ന ഉറച്ച തീരുമാനത്തിലാണ് അവർ.  

"സമൂഹത്തിന്റെ പകുതിയോളം സ്ത്രീകളാണ്. പെൺകുട്ടികളുടെ സ്കൂളുകൾ തുറക്കുന്നതുവരെ ഞാൻ സ്കൂളിൽ പോകുന്നില്ല" പന്ത്രണ്ടാം ക്ലാസിലെ 18 വയസ്സുള്ള വിദ്യാർത്ഥിയായ റോഹുല്ല പറഞ്ഞതായി ജേർണൽ പറഞ്ഞു. അതേസമയം, ബോയ്സ് സെക്കൻഡറി സ്കൂളുകൾ ഉടൻ തുറക്കുമെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഗേൾസ് സെക്കൻഡറി സ്കൂളുകൾ വീണ്ടും തുറക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ശനിയാഴ്ച പ്രാദേശിക ബക്തർ വാർത്താ ഏജൻസിയോട് പറഞ്ഞുവെങ്കിലും, തീയതി ഇപ്പോഴും പറഞ്ഞിട്ടില്ല. "എല്ലാ പുരുഷ അധ്യാപകരും വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരാകണം" വെള്ളിയാഴ്ച വൈകീട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ അധ്യാപികമാരെയോ പെൺകുട്ടികളെയോ കുറിച്ച് പരാമർശമൊന്നും ഉണ്ടായില്ല.  

റോയിട്ടേഴ്‌സിനോട് സംസാരിക്കുമ്പോൾ, കാബൂളിലെ ഒരു സ്വകാര്യ സ്കൂളിലെ ഒരു അധ്യാപകൻ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് വരുത്തിയ നിരവധി മാറ്റങ്ങളെക്കുറിച്ച് അറിയിച്ചു. "രാവിലെ പെൺകുട്ടികളും ഉച്ചതിരിഞ്ഞ് ആൺകുട്ടികളും പഠിക്കും. പുരുഷ അദ്ധ്യാപകർ ആൺകുട്ടികളെയും വനിതാ അധ്യാപകർ പെൺകുട്ടികളെയും പഠിപ്പിക്കും” ടീച്ചർ പറഞ്ഞു. അതേസമയം, ചില പെൺകുട്ടികൾ സ്കൂൾ തുറക്കുമ്പോൾ പോകണോ വേണ്ടയോ എന്ന സംശയത്തിലാണ് ഇപ്പോൾ.    

"ആൺകുട്ടികളുടെ വിദ്യാഭ്യാസം ഒരു കുടുംബത്തെ സ്വാധീനിച്ചേക്കാം. പക്ഷേ പെൺകുട്ടികളുടെ വിദ്യാഭ്യാസം സമൂഹത്തെ മുഴുവൻ സ്വാധീനിക്കും," ഒരു സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. അതേസമയം, അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യസത്തെക്കുറിച്ച് അഗാധമായ ആശങ്കയുണ്ടെന്ന് യുഎൻ വ്യക്തമാക്കി. എല്ലാ പെൺകുട്ടികൾക്കും കാലതാമസമില്ലാതെ വിദ്യാഭ്യാസം പുനരാരംഭിക്കേണ്ടത് നിർണായകമാണെന്നും, അതിനായി വനിതാ അധ്യാപകരെ ആവശ്യമാണെന്നും യൂണിസെഫ് പറഞ്ഞു.

click me!