ലോകാവസാനത്തെ അതിജീവിക്കാനാകുന്ന ഭൂഗർഭ അറ; 75 ആളുകൾക്ക് അഞ്ചുവർഷം സുരക്ഷിതമായി കഴിയാമെന്ന്...

Published : Apr 13, 2023, 01:27 PM IST
ലോകാവസാനത്തെ അതിജീവിക്കാനാകുന്ന ഭൂഗർഭ അറ; 75 ആളുകൾക്ക് അഞ്ചുവർഷം സുരക്ഷിതമായി കഴിയാമെന്ന്...

Synopsis

ഈ ബങ്കറിന് ലോകാവസാനത്തെ അതിജീവിക്കാൻ സാധിക്കുമോ എന്ന് അറിയില്ലെങ്കിലും ഏറെ സവിശേഷമായതാണ് ഇതിന്റെ നിർമ്മാണ രീതി.

ലോകാവസാനത്തെ കുറിച്ച് നമ്മൾ പല കഥകളും കേട്ടിട്ടുണ്ടാവും. എന്നാൽ, ലോകാവസാനത്തെ അതിജീവിക്കാൻ ഒരു ഭൂഗർഭ അറ തന്നെ ഒരുക്കിയിരിക്കുകയാണ് അമേരിക്കൻ സ്വദേശിയായ ഒരു മനുഷ്യൻ. മുൻ സർക്കാർ കോൺട്രാക്ടറായ ലാറി ഹാൾ ആണ് 'സർവൈവൽ കോണ്ടോ' എന്ന ഈ ബഹുനില ഭൂഗർഭ അറയുടെ സ്രഷ്ടാവ്.  തൻ്റെ നിർമ്മിതിക്ക് ലോകാവസാനത്തെ ചെറുക്കാൻ കഴിയുമെന്നാണ്  ഇദ്ദേഹത്തിൻറെ വാദം.

ഭൂമിക്ക് അടിയിൽ ആണെങ്കിലും ഒരു ബഹുനില ആഡംബര ഹോട്ടലിന് സമാനമാണ് ഇതിൻറെ നിർമ്മാണം. ഏറ്റവും മുകളിലായുള്ളത് എട്ട് ടൺ സ്റ്റീൽ കൊണ്ട് നിർമ്മിച്ച വാതിലുകളാണ്. 15 നിലകളാണ് ഈ സ്റ്റീൽ ബങ്കറിന് ഉള്ളത്. ഇതിൽ പ്രത്യേകം സജ്ജീകരിച്ച ആഡംബര മുറികൾക്ക് ഒപ്പം സ്വിമ്മിംഗ് പൂളും തിയേറ്ററും മെഡിക്കൽ ബേകളും ഭക്ഷണശാലകളും ഒക്കെ ഉൾപ്പെടുന്നു.

കൂടാതെ ആക്രമണങ്ങളെ പ്രതിരോധിക്കാനായി തോക്കുകളും ഹെൽമറ്റുകളും, എന്തെങ്കിലും ആവശ്യങ്ങൾക്കായി പുറത്തേക്ക് ഇറങ്ങേണ്ടി വന്നാൽ ധരിക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ വസ്ത്രങ്ങളും ഈ ഭൂഗർഭ അറക്കുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്. ഒരു ഭൂഗർഭ മിസൈൽ സിലോ(മിസൈൽ വിക്ഷേപണ അറ) യിലാണ് ഇദ്ദേഹം ഈ ബങ്കർ നിർമ്മിച്ചിരിക്കുന്നത്.

സർവൈവൽ കോണ്ടോയ്ക്ക് അതിന്റെ നിർമ്മാണത്തിന് പിന്നിലെ ലക്ഷ്യം എല്ലാവരിലേക്കും ആയി എത്തിക്കുന്നതിനായി ഒരു പ്രത്യേക വെബ്‌സൈറ്റ് തന്നെ ഉണ്ട്. അതിൽ പറയുന്നത് ലോകാവസാനത്തിന് സമാനമായ എന്ത് പ്രതിസന്ധി ഉണ്ടായാലും ആളുകൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സുരക്ഷിതമായും ആഡംബരപൂർവ്വമായും ജീവിക്കാനുള്ള ഇടം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ്. 

ബങ്കറിൽ ലഭ്യമായ മറ്റ് സൗകര്യങ്ങളുടെ പട്ടികയിൽ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ജനറൽ സ്റ്റോർ, ഡിജിറ്റൽ വെതർ സ്റ്റേഷൻ, ഇഷ്‌ടാനുസൃത ബാറും ലോഞ്ചും, കുറഞ്ഞത് 75,000 ഗാലൺ റിസർവ് ടാങ്കുകളുള്ള  ജലവിതരണം, ഇന്റർനെറ്റ് ആക്‌സസ് ഉള്ള കമ്മ്യൂണിക്കേഷൻ സെന്റർ തുടങ്ങിയവയാണ്.

ഈ ബങ്കറിന് ലോകാവസാനത്തെ അതിജീവിക്കാൻ സാധിക്കുമോ എന്ന് അറിയില്ലെങ്കിലും ഏറെ സവിശേഷമായതാണ് ഇതിന്റെ നിർമ്മാണ രീതി. ഇതിൻറെ മുകൾ ഭാഗം ഒമ്പത് അടി കട്ടിയുള്ള കഠിനമായ കോൺക്രീറ്റ് ഭിത്തികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.  500 മൈലിൽ കൂടുതൽ വേഗതയുള്ള കാറ്റിനെ നേരിടാൻ കഴിയും വിധമാണ് ഇതിൻറെ മേൽക്കൂരയുടെ നിർമ്മാണം.ഇതിൽ താമസിക്കുന്ന 75 ആളുകൾക്ക് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ അഞ്ച് വർഷത്തിലധികം ഉള്ളിൽ അതിജീവിക്കാൻ കഴിയുമെന്നാണ് വെബ്‌സൈറ്റ് പറയുന്നത്.

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്