ഒരിടത്ത് പ്രതിരോധം, മറ്റൊരിടത്ത് പുകയിടൽ, കുർബാന, വോഡ്ക ; പിന്നെങ്ങനെ ജയിക്കും കൊറോണയോടുള്ള ഈ യുദ്ധം നമ്മൾ ?

By Babu RamachandranFirst Published Mar 25, 2020, 6:41 AM IST
Highlights

മതചിഹ്നങ്ങളും ചിത്രങ്ങളും മറ്റും പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക, എന്നിട്ട് അതിൽ ആളുകൾ ഒന്നിന് പിറകെ ഒന്നായി വന്നു ചുംബിക്കുക എന്നിങ്ങനെ പല മനോഹരമായ ആചാരങ്ങളും ഇന്നത്തെ സാഹചര്യത്തിലും ഓർത്തഡോക്സ് വിശ്വാസികൾക്കുണ്ട്. 
 

ലോകം കൊറോണാവൈറസിന്റെ നീരാളിപ്പിടുത്തത്തിൽ പൂർണ്ണമായും വീണുകഴിഞ്ഞിരിക്കയാണല്ലോ. അവിടെക്കിടന്നു വീർപ്പുമുട്ടുന്ന ജനങ്ങൾക്കുവേണ്ടി തുർക്ക്മെനിസ്ഥാൻ എന്ന യാഥാസ്ഥിതിക മതരാഷ്ട്രത്തിന്റെ തലവന്റെ പക്കൽ കൊറോണാ വൈറസിനെ തുരത്താൻ ഒരുഗ്രൻ ഒറ്റമൂലിയുണ്ട്. അവിടങ്ങളിൽ 'ഹമല' എന്ന പേരിൽ അറിയപ്പെടുന്നൊരു ഔഷധ സസ്യം പുകയ്ക്കുക. ബെലാറസിന്റെ പ്രസിഡന്റിന്റെ ഉപദേശവും കിടുക്കനാണ്. കൊവിഡ് 19 വരാതിരിക്കണമെങ്കിൽ നിത്യവും പുലർച്ചെ എണീറ്റ് പാടത്തുചെന്ന് ട്രാക്ടർ കൊണ്ട് നിലമുഴുതാൽ മതിയാകും. 

ഇതൊക്കെ അക്ഷരംപ്രതി അനുസരിക്കുന്ന മണ്ടന്മാരായ പരശ്ശതം അനുയായികളും ഇവർക്കുണ്ട് എന്നതാണ് വേദനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യം. ലോകത്തെമ്പാടുമുള്ള ലോകരാജ്യങ്ങളിലെ നേതാക്കളും അവരുടെ വൈദ്യശാസ്ത്ര വിദഗ്ധ സംഘവും, ക്വാറന്റൈനുകൾ അടിച്ചേൽപ്പിച്ചു, നഗരങ്ങളെ ഒന്നടങ്കം ലോക്ക് ഡൗണിൽ ഇട്ടും, അതിർത്തികൾ അടച്ചും, മാസ്ക് ഉപയോഗം നിർബന്ധിതമാക്കിയും, ഒക്കെ  ഈ മഹാമാരിയെ തുരത്താൻ വേണ്ടി അഹോരാത്രം മിനക്കെട്ടുകൊണ്ടിരിക്കയാണ്. ആരോഗ്യപ്രവർത്തകർ ഒന്നും രണ്ടും ഷിഫ്റ്റെടുത്ത് രോഗികളെ ശുശ്രൂഷിച്ചു കൊണ്ടിരിക്കയാണ്.  വൈദ്യശാസ്ത്ര ഗവേഷകരാകട്ടെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കോടിക്കണക്കിനു ഡോളർ ചെലവിട്ട് വാക്സിൻ ഗവേഷണങ്ങളിൽ മുഴുകിക്കൊണ്ടിരികയുമാണ്. പത്തുപതിനായിരം ആളുകളെ ലോകത്തെമ്പാടുമായി കൊന്നുകഴിഞ്ഞ ഈ അഭൂതപൂർവമായ പകർച്ചവ്യാധി ലോകാരോഗ്യസംഘടന ഇനിയും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലാത്ത ഒന്നാണ്. 

ഉള്ള പ്രതിസന്ധികൾ പോരാഞ്ഞിട്ടാണ് കൊവിഡിനെ പിടിച്ചുകെട്ടാൻ മിനക്കെടുന്ന  അധികാരികൾക്ക് മുന്നിൽ അനാവശ്യമായ മറ്റു പല പ്രതിസന്ധികളും വന്നിരിക്കുന്നത്. അത് അർദ്ധസത്യങ്ങളുടെയും, പച്ചക്കള്ളങ്ങളുടെയും, അന്ധവിശ്വാസങ്ങളുടെയും, അസത്യങ്ങളുടെയും, അപവാദങ്ങളുടെയും ഒറ്റമൂലികളുടെയും ഒക്കെ കൊണ്ട് പിടിച്ചുള്ള പ്രചാരണമാണ്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് തടയിടുക ഇന്നത്തെ ഹൈ ടെക് സമൂഹത്തിൽ വളരെ പ്രയാസമുള്ള പണിയാണ്. 

ആ അർത്ഥത്തിൽ കൊവിഡ് 19 ഒരു പാൻഡെമിക് മാത്രമല്ല, ഒരു 'ഇൻഫോ'ഡെമിക് കൂടിയാണ്. വിവരങ്ങളുടെ അതിപ്രസരം. ചിലത് കൃത്യം, ചിലത് അർദ്ധസത്യം. അത് ജനങ്ങളിൽ അനാവശ്യമായ സംശയങ്ങളും ആശങ്കകളും സൃഷ്ടിക്കുന്നു. ഏതിനെ കൊള്ളണം ഏതിനെ തള്ളണം എന്നറിയാത്ത അവസ്ഥ. 

ചില്ലറ ഒറ്റമൂലികളൊന്നും അല്ലെന്നേ കൊറോണയ്ക്കുള്ളത്. വെളുത്തുള്ളി, വിറ്റാമിൻ സി, സ്റ്റിറോയിഡ്‌സ്, വെളിച്ചെണ്ണ മുതൽ ഒലീവ് ഓയിൽ വരെ അങ്ങനെ പലതും ജനം കൊറോണയ്ക്കെതിരെ എന്ന പേരിൽ വയറ്റിൽ എത്തിച്ചു കഴിഞ്ഞു. വിവരങ്ങൾ എല്ലായിടത്തും സുലഭമാണ്. അതിനി ഫേസ്‌ബുക്ക് ആയാലും വാട്ട്സ്ആപ്പ് ആയാലും അല്ല എഫ്ബിയുടെ റഷ്യൻ പതിപ്പായ വികെ ആയാലും എല്ലായിടത്തും വിവരക്കേട് സുലഭമാണ്. അത്തരത്തിലുള്ള ചില ഹിമാലയൻ വിവരക്കേടുകൾ, അതും ലോകനേതാക്കൾ പ്രചരിപ്പിക്കുന്നവ ആണ് ഇനി. 

തുർക്ക്മെനിസ്ഥാൻ വക പുകയിടൽ 

ലോകത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട ജനതകളിൽ ഒന്നാണ് തുർക്ക്മെനിസ്ഥാനിലേത്. കഴിഞ്ഞ ദശാബ്ദങ്ങളായി അവിടം ഭരിക്കുന്നത് തികഞ്ഞ സ്വേച്ഛാധിപത്യ പ്രവണതയുള്ളവരാണ്. അവിടത്തെ ഏകഛത്രാധിപതിയുടെ പേര് സേപ്പാർമുറാത്ത് നിയാസോവ് എന്നാണ്. അയാൾ അയാളെത്തന്നെ വിളിച്ചു പോന്നിരുന്ന പേര് 'തുർക്ക്മെനിസ്ഥാൻകാരുടെ പിതാവ്' എന്നതാണ്. ഇടയ്ക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന അസ്കിതയുള്ള നിയസോവ് ആധ്യാത്മിക ഉപദേശങ്ങൾക്ക് പുറമെ പൊതുജനാരോഗ്യത്തെ ഉദ്ധരിക്കാൻ വേണ്ടിയും ചില ഹെൽത്ത് ടിപ്സ് നൽകാറുണ്ട്. ആ സന്ദേശങ്ങൾ രാജ്യത്തെ ഔദ്യോഗിക ടെലിവിഷൻ, പത്രങ്ങൾ, ഇന്റർനെറ്റ് ഒക്കെ വഴി ജനങ്ങളിലേക്ക് നേരിട്ട് എത്തുന്നുമുണ്ട്. 

2006 -ലാണ് നിയാസോവ് മരിക്കുന്നത്. അതിനു തൊട്ടുമുമ്പത്തെ കൊല്ലം അവിടത്തെ ഡോക്ടർമാരോട് അദ്ദേഹം പഠിച്ചിറങ്ങുമ്പോൾ ഇനിമേൽ ഹിപ്പോക്രാറ്റിക് ഓത്ത് എടുക്കരുത് എന്ന് ഉത്തരവിട്ടു. പകരം പരിശീലനം കൊണ്ട് ഇലക്ട്രിക്കൽ എഞ്ചിനീയറായ തന്റെ നാമത്തിലാകാം എന്നായി ഉത്തരവ്. നിയാസോവിന്റെ പിൻഗാമി ഗുർബാങ്ക്‌ലി ബെർദിമുഖമ്മദോവ് ഒരു ഡെന്റിസ്റ്റ് ആണ്. അദ്ദേഹവും തന്നെ ചുറ്റിപ്പറ്റി ഒരു പ്രസ്ഥാനം തന്നെ കെട്ടിപ്പൊക്കി വെച്ചിട്ടുണ്ട്. മാർച്ച് 13 നാണ് വളരെ വിലപ്പെട്ട ഒരു ആരോഗ്യ നിർദേശം മുഖമ്മദോവിൽ നിന്നുണ്ടായത്. കൊറോണാ വൈറസിനെ തുരത്താൻ വേണ്ടി.

 

'ഗുർബാങ്ക്‌ലി ബെർദിമുഖമ്മദോവ്'

പൂർവികന്മാരുടെ അമൂല്യമായ താളിയോല ഗ്രന്ഥങ്ങളിൽ നിന്ന് മുഖമ്മദോവ് കണ്ടെടുത്ത ആ ഒറ്റമൂലിയാണ് ഹമല ചെടി കടിച്ച് ആകെ പുകയിടുക എന്നത്. നഗ്നനേത്രങ്ങൾക്ക് അഗോചരമായ കൊറോണാ വൈറസ് ഈ പുകയെ അതിജീവിക്കില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. നിർഭാഗ്യവശാൽ ഇത് തികച്ചും വ്യാജമായ ഒരു അവകാശവാദമാണ്. എന്നിട്ടും, തുർക്ക്മെനിസ്ഥാനിൽ ഇന്ന് ഇന്നുവരെ കൊവിഡ് 19 രോഗത്തിന് ഒരു സ്ഥിരീകരണം പോലും ഉണ്ടായിട്ടില്ല. 

ബെലാറസിലെ ട്രാക്ടർ ചികിത്സ 

രണ്ടു പതിറ്റാണ്ടു കാലമായി ബെലാറസ് ഭരിക്കുന്നത് അലക്‌സാണ്ടർ ലുകാഷെങ്ക ആണ്.  അദ്ദേഹം പറഞ്ഞത് ഇങ്ങനെ, "ഇപ്പോൾ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കൃഷിയിറക്കേണ്ട കാലമാണ്. ഇത്തരം രോഗങ്ങൾക്കുള്ള ഒറ്റമൂലി പാടത്ത് എല്ല് മുറിയെ ഉള്ള പണിയെടുപ്പാണ്. ട്രാക്ടർ ഓടിക്കുന്നവർക്ക് ആർക്കും ഈ അസുഖം വരില്ല." അസുഖമുള്ളവർ 60 ഡിഗ്രി ചൂടിൽ ഒന്ന് സണ്‍ ബാത്ത് എടുത്താൽ പിന്നെ ശരീരത്തിൽ കൊറോണാ വൈറസ് ജീവനോടെ അവശേഷിക്കില്ല.'' ഇതും പച്ചക്കള്ളമായ അവകാശവാദമാണ്. 

 

'അലക്‌സാണ്ടർ ലുകാഷെങ്ക'

സെർബിയൻ വോഡ്‌കാ ടോണിക് ഒറ്റമൂലി

സെർബിയയിൽ മാർച്ച് 18  വരെ സ്ഥിരീകരിക്കപ്പെട്ടത് കൊവിഡ് 19 -ന്റെ 83 കേസുകളാണ്. മൂന്നാഴ്ച മുമ്പ് ലോകനേതാക്കൾ കൊറോണാ വൈറസിന്‍റെ മാരകസ്വഭാവത്തെപ്പറ്റി, അതിനെ നിർമാർജ്ജനം ചെയ്യാൻ ചെയ്യണ്ട നിയന്ത്രണങ്ങളെപ്പറ്റി ഒക്കെ പറഞ്ഞുകൊണ്ടിരിക്കെ സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുചിക് രാജ്യത്തെ ആരോഗ്യപ്രവർത്തകരുമായി ഒത്തുകൂടി ചർച്ചകളിൽ ഏർപ്പെട്ടു. അന്ന് അവരോട് അദ്ദേഹം പറഞ്ഞത്, വോഡ്ക വെറും വയറ്റിൽ സേവിച്ചാൽ അസുഖം മാറും എന്നാണ്. "ആൽക്കഹോളിന് വൈറസിനെ നശിപ്പിക്കാനുള്ള സിദ്ധിയുണ്ടെന്നാണ് അവർ പറയുന്നത്. ഇതിപ്പോൾ, മദ്യപിക്കാൻ ഒരു കാരണം കൂടി ആയല്ലോ"അദ്ദേഹം പറഞ്ഞു. താൻ തമാശ പറഞ്ഞതാണ് എന്നൊരു ന്യായീകരണം വുചികിന്റെ ഭാഗത്തു നിന്ന് പിന്നീടുണ്ടായി. ഇതേ അഭിപ്രായം തന്നെ ബെലാറസിന്റെ ലൂകാഷെങ്കയും ആവർത്തിച്ചു. ഒന്നോ രണ്ടോ പെഗ്ഗടിക്കുന്നത് കൊറോണാ വൈറസിനെ തടുക്കും എന്നുതന്നെയാണ് അദ്ദേഹവും പറഞ്ഞത്. 

 

'അലക്‌സാണ്ടർ വുചിക്'

എന്നാൽ വാസ്തവത്തിൽ ആൽക്കഹോൾ മദ്യരൂപേണ അകത്തുചെന്നാൽ കരൾ കാഞ്ഞുപോകും എന്നല്ലാതെ കൊറോണ വൈറസിനെ അത് ഏശുക പോലുമില്ല. കൈകളിൽ സാനിറ്റൈസർ ആയി പ്രയോഗിക്കുമ്പോൾ ആൽക്കഹോൾ വൈറസിനെ കൊല്ലും. എന്നുവെച്ച് വയറ്റിനുള്ളിലെത്തിയാൽ അതും വൈറസുമായി ഒരു പോരാട്ടവും നടക്കില്ല. 

റഷ്യൻ തിരുസ്‌നാനജലം, തിരുവൈറസ് 

പലരാജ്യങ്ങളിലെയും മതപൗരോഹിത്യം തങ്ങളുടേതായ പുണ്യജലങ്ങൾ കൊറോണയ്ക്കെതിരെയുള്ള പ്രതിരോധങ്ങൾക്ക് പ്രയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. റഷ്യയിലെ ക്രിസ്ത്യൻ പള്ളികൾ പലതും കൊറോണാവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുർബാനകളും മറ്റും ഒഴിവാക്കണമെന്ന സർക്കാർ നിർദേശത്തിന് പുല്ലുവിലയാണ് നൽകിയത്. ഏപ്രിൽ 19 -ന് ഈസ്റ്റർ വരുന്ന സാഹചര്യത്തിൽ പള്ളികളിൽ മാസുകൾ ഒഴിവാക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല എന്നവർ പറഞ്ഞു. തങ്ങളുടെ പള്ളികളിൽ പുരോഹിതർ വിശ്വാസികൾക്ക് പങ്കിടുന്ന വീഞ്ഞിലൂടെയോ അപ്പത്തിലൂടെയോ ഇന്നുവരെ ഒരു പകർച്ചവ്യാധിയും പടർന്നു പിടിച്ച ചരിത്രമേ ഇല്ല എന്നാണ് അവർ പറയുന്നത്. 

 

 

വേണമെങ്കിൽ അത് പകർന്നു നൽകാൻ ഡിസ്പോസിബിൾ സ്പൂൺ ഉപയോഗിച്ചുകൊണ്ട് ഒരു കോംപ്രമൈസിന് തയ്യാറാണ് തങ്ങൾ എന്നും അവർ അറിയിച്ചു. അല്ലാതെ, കുർബാനകൾ ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് അവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം കൂടി, വോൾഗ നദിയുടെ കരയിലുള്ള കസാൻ എന്ന ഓർത്തഡോക്സ് നഗരത്തിലെ പള്ളിയിൽ ഒരേ പരിശുദ്ധതവി കൊണ്ട് തിരുസ്‌നാനജലം പള്ളിയിലെ സകല വിശ്വാസികൾക്കും പകർന്നുനല്കുന്നതിന്റെ വീഡിയോ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോർജിയയിലെ ഓർത്തഡോക്സ് പള്ളികളും ഇതുതന്നെയാണ് ഇപ്പോഴും തുടരുന്നത്. ഒരു പടികൂടി കടന്ന്, ജോർജിയയിലെ പള്ളീലച്ചന്മാർ, നിരത്തിലേക്കിറങ്ങി കാറുകളെയും, ഡ്രൈവർമാരെയും അങ്ങനെ കണ്ണിൽ കണ്ട സകലതിനെയും വെഞ്ചെരിച്ചുകൊണ്ടാണ്  കൊറോണയ്ക്കെതിരെ പ്രതിരോധം തീർക്കാൻ ഒരുമ്പെട്ടത്. മതചിഹ്നങ്ങളും ചിത്രങ്ങളും മറ്റും പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക, എന്നിട്ട് അതിൽ ആളുകൾ ഒന്നിന് പിറകെ ഒന്നായി വന്നു ചുംബിക്കുക എന്നിങ്ങനെ പല മനോഹരമായ ആചാരങ്ങളും അവിടെ ഇന്നത്തെ സാഹചര്യത്തിലും ഓർത്തഡോക്സ് വിശ്വാസികൾക്കുണ്ട്. 

 

പ്രതിരോധങ്ങളെ ഇല്ലാതാക്കുന്ന കുത്സിതപ്രവൃത്തി 

ഒരു ഭാഗത്ത് ആരോഗ്യരംഗത്തെ വിദഗ്ധരും, വിഹഗവീക്ഷണമുള്ള ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വവും ചേർന്നുകൊണ്ട് കൊവിഡ് 19  എന്ന ഈ മഹാമാരിയെ ഏതുവിധവും ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാൻ വേണ്ടി രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഇങ്ങനെ ചിലർ അതിന്റെയൊക്കെ അടിവേരറുക്കുന്ന, കടയ്ക്കൽ കത്തി വെക്കുന്ന അതിക്രമങ്ങളും പ്രവർത്തിക്കുന്നു. മുഖം നോക്കാതുള്ള അതിശക്തമായ നടപടികൾ സ്വീകരിക്കുകയല്ലാതെ ഇതിനെ ചെറുക്കാൻ യാതൊരു മാർഗവും വേറെ ഉണ്ടെന്ന് തോന്നുന്നില്ല. പലയിടത്തും നടക്കുന്ന അറസ്റ്റുകളും മറ്റും സൂചിപ്പിക്കുന്നതും അതാണ്. എന്നാൽ, അന്ധവിശ്വാസങ്ങളും അപകടകരമായ ആചാരങ്ങളും ഒക്കെ പ്രചരിപ്പിക്കുന്നത് ഭരണയന്ത്രത്തിന്റെ അമരത്തിരിക്കുന്നവർ തന്നെയായാലും എന്താണ് ചെയ്യുക? വിളവ് തിന്നുന്ന വേലികൾ പൊളിച്ചുകളയാൻ എന്താണ് ഒരൊറ്റമൂലി?
 

click me!