
താലിബാൻ അഫ്ഗാനിസ്ഥാനിൽ നിയന്ത്രണം ഏറ്റെടുത്തതോടെ ഏറ്റവും ആശങ്കയുയർന്നത് സ്ത്രീകളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളെ ചൊല്ലിയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് സ്ത്രീകൾ പോകാതെയുമായി. എന്നാൽ, ഇപ്പോഴിതാ ക്യാംപസുകൾ തുറന്നുവെന്നും പെൺകുട്ടികളും ക്ലാസിൽ പോയിത്തുടങ്ങിയെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്നാണ്, പൊതുസർവകലാശാലകൾ(Afghan universities) തുറന്നത്. എന്നാൽ, പെൺകുട്ടികളും ക്ലാസുകളിൽ വരുന്നതിനെ ചൊല്ലി താലിബാൻ(Taliban) ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല.
റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താലിബാന്‍ അധികാരികള്‍ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നും റോയിട്ടേഴ്സ് പറയുന്നു. പക്ഷേ, വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി പറയുന്നത് ആണ്‍കുട്ടികളില്‍ നിന്നും വേര്‍തിരിച്ച് പെണ്‍കുട്ടികള്‍ക്കും ക്ലാസില്‍ പങ്കെടുക്കാനുള്ള അവസരം അവിടെയുണ്ട് എന്നാണ്. കിഴക്കൻ നഗരമായ ജലാലാബാദില്‍ ഈ ആഴ്ച തുറന്ന വലിയ സർക്കാർ സർവ്വകലാശാലകളിലൊന്നായ നംഗർഹാർ സർവകലാശാലയിൽ പ്രത്യേക വാതിലിലൂടെ വിദ്യാർത്ഥിനികൾ പ്രവേശിക്കുന്നത് കണ്ടുവെന്ന് റോയിട്ടേഴ്സ് എഴുതുന്നു.
നേരത്തെ 1996 മുതല്‍ 2001 വരെ താലിബാന്‍ ഭരിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. ആഗസ്റ്റ് 15 -ന് അധികാരം പുനരാരംഭിച്ചതിന് ശേഷം പഴയതുപോലെയാവില്ല കാര്യങ്ങള്‍ എന്നാണ് താലിബാന്‍ അറിയിച്ചിരുന്നത് എങ്കിലും അതിനെ കുറിച്ചൊന്നും താലിബാന്‍ കാര്യമായി വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴും പല പ്രവിശ്യകളിലും പെൺകുട്ടികളെ സ്കൂളിലേക്ക് മടങ്ങാൻ അനുവദിച്ചിട്ടില്ലെന്നും പറയുന്നു. ചില സ്വകാര്യ സർവ്വകലാശാലകൾ വീണ്ടും തുറന്നെങ്കിലും പലപ്പോഴും വിദ്യാർത്ഥിനികൾക്ക് ക്ലാസിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല.
അന്താരാഷ്ട്രസമൂഹം താലിബാന്‍ വിദേശസഹായത്തിനായി ആവശ്യപ്പെട്ടപ്പോള്‍ പകരമായി പ്രധാനമായും ആവശ്യപ്പെട്ടത് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസകാര്യത്തിൽ നടപടികളെടുക്കണമെന്നാണ്. രാജ്യത്തെ പൊതുസർവ്വകലാശാലകളിൽ വിദ്യാർത്ഥിനികളെ ഉൾപ്പെടുത്തിയതിനെ ചൊവ്വാഴ്ച വൈകി ഐക്യരാഷ്ട്രസഭ പ്രശംസിച്ചു. ഇത് ഇക്കാര്യത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണത്തെ സൂചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ യുഎന്‍ മിഷന്‍ ഒരു ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വിദ്യാഭ്യാസമേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ അനൗദ്യോഗികമായി വെളിപ്പെടുത്തിയത് പ്രത്യേകം ക്ലാസുകള്‍, സമയം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്കും ക്യാംപസില്‍ വരാനുള്ള സാഹചര്യമുണ്ടാകും എന്നാണെന്ന് റോയിട്ടേഴ്സ് എഴുതുന്നു. നംഗർഹാർ യൂണിവേഴ്സിറ്റി മേധാവി ഖലീൽ അഹ്മദ് ബിഹ്സുദ്വാൾ, സ്ഥാപനത്തിലെ വിദ്യാർത്ഥികളും സ്ത്രീകളും വെവ്വേറെ ക്ലാസുകളിലായി പങ്കെടുക്കുമെന്ന് റോയിട്ടേഴ്സിനോട് പറഞ്ഞു. ഇത് ഇതിനകം തന്നെ പല പ്രവിശ്യകളിലും നിലവിലുണ്ട് എന്നും.