Latest Videos

Robert Anderson : സ്പോർട്സ് ഡോക്ടർ പീഡിപ്പിച്ചത് 1000 -ത്തിലധികം ആൺകുട്ടികളെ, കോടികൾ നഷ്ടപരിഹാരം അനുവദിച്ചു

By Web TeamFirst Published Jan 21, 2022, 12:20 PM IST
Highlights

ഒത്തുതീർപ്പിന് കീഴിൽ, ഏകദേശം 1,050 പേർക്ക് 490 മില്യൺ ഡോളറിന്റെ ഒരു വിഹിതം ലഭിക്കും, ഭാവിയിൽ ആരോപണവുമായി എത്തുന്നവർക്കായി 30 മില്യൺ ഡോളർ നീക്കിവയ്ക്കും.

മിഷി​ഗൺ സർവകലാശാല(University of Michigan)യിലെ ആയിരത്തിലധികം വരുന്ന മുൻ വിദ്യാർത്ഥികൾ സർവകലാശാലയ്ക്കെതിരെ ​ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചിരുന്നു. സ്പോർട്സ് ഡോക്ടറായ റോബർട്ട് ആൻഡേഴ്‌സൺ(Robert Anderson) തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തുവെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. ഇതേ തുടർന്ന് ഇപ്പോൾ മുൻ വിദ്യാർത്ഥികൾക്ക് 490 മില്യൺ ഡോളർ (36,48,90,75,000.00) നഷ്ടപരിഹാരം നൽകാൻ മിഷിഗൺ സർവകലാശാല സമ്മതിച്ചിരിക്കുന്നു.

1960 -കളിലെ ആരോപണങ്ങളിൽ 15 മാസത്തെ ചർച്ചകൾക്ക് ശേഷമാണ് അഭിഭാഷകർ ഒത്തുതീർപ്പ് പ്രഖ്യാപിച്ചത്. ഒത്തുതീർപ്പ്, നീതിയും സമാധാനവും കൊണ്ടുവരുമെന്ന് താൻ കരുതുന്നതായി ഒരാൾ പറഞ്ഞു. 2008 -ൽ ആൻഡേഴ്സൺ മരിച്ചു. ജോലിയിലായിരിക്കെ പതിവ് വൈദ്യപരിശോധനയ്ക്കിടെ ആൺകുട്ടികളെ ഇയാൾ ലൈം​ഗികമായി ഉപദ്രവിച്ചതായി പറയപ്പെടുന്നു. 2018 -ൽ ആരംഭിച്ച പൊലീസ് അന്വേഷണത്തിൽ, ആൻഡേഴ്സൺ മരിച്ചതിനാൽ കുറ്റം ചുമത്താനാവില്ലെന്നും ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളൊന്നും സംസ്ഥാനത്തിന്റെ ആറുവർഷത്തെ പരിധികളിൽ ഉൾപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.

2020- ൽ, മിഷിഗൺ സർവ്വകലാശാലയുടെ പ്രസിഡന്റ് മാർക്ക് ഷ്ലിസെൽ, ഡോക്ടറാൽ ഉപദ്രവിക്കപ്പെട്ടവരോടെല്ലാം സർവ്വകലാശാലയെ പ്രതിനിധീകരിച്ച് ക്ഷമാപണം നടത്തി. 1966 മുതൽ 2003 വരെയുള്ള ആൻഡേഴ്‌സന്റെ കരിയറിൽ ജീവനക്കാർ അയാളെ ഈ കുറ്റകൃത്യത്തിൽ നിന്നും തടയാനുള്ള നിരവധി അവസരങ്ങൾ നഷ്‌ടപ്പെടുത്തിയതായി സർവകലാശാല നിയോഗിച്ച ഒരു സ്വതന്ത്ര റിപ്പോർട്ട് കഴിഞ്ഞ വർഷം കണ്ടെത്തി.

ഒത്തുതീർപ്പിന് കീഴിൽ, ഏകദേശം 1,050 പേർക്ക് 490 മില്യൺ ഡോളറിന്റെ ഒരു വിഹിതം ലഭിക്കും, ഭാവിയിൽ ആരോപണവുമായി എത്തുന്നവർക്കായി 30 മില്യൺ ഡോളർ നീക്കിവയ്ക്കും. "ഇതൊരു ദീർഘവും വെല്ലുവിളി നിറഞ്ഞതുമായ യാത്രയാണ്, നിശബ്ദരാകാൻ വിസമ്മതിച്ച നിരവധി ധീരരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ ഒത്തുതീർപ്പ് നീതിയും ശാന്തിയും നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു" പീഡിപ്പിക്കപ്പെട്ടവരുടെ അഭിഭാഷകൻ പാർക്കർ സ്റ്റിനാർ പറഞ്ഞു. ആൻഡേഴ്സൺ മനപ്പൂർവം വിദ്യാർത്ഥികളുടെ സ്വകാര്യഭാ​ഗങ്ങൾ പരിശോധിക്കുമായിരുന്നു എന്ന് പലരും ആരോപിച്ചു. യൂണിവേഴ്സിറ്റിയിലെ പ്രശസ്ത അമേരിക്കൻ ഫുട്ബോൾ ടീമായ വോൾവറിൻസിന്റെ മുൻ അംഗങ്ങളും അയാൾക്കെതിരെ ദുരുപയോഗം ആരോപിച്ചവരിൽ പെടുന്നു.

അവരിൽ ഒരാളായ ഗിൽവാന്നി ജോൺസൺ കഴിഞ്ഞ വർഷം ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു: "മിഷിഗണിലെ എന്റെയീ അനുഭവം കാരണം, എനിക്ക് ഡോക്ടർമാരെ വിശ്വാസമില്ലാതായി. എനിക്ക് ആളുകളോട് വിശ്വാസത്തിൽ പ്രശ്നങ്ങളുണ്ടായി. ബന്ധങ്ങളിൽ പ്രശ്നങ്ങളുണ്ടായി."

2018 -ൽ, സംസ്ഥാനത്തെ മറ്റൊരു കോളേജായ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജിംനാസ്റ്റിക്സ് ഡോക്ടർ ലാറി നാസർ ദുരുപയോഗം ചെയ്ത നൂറുകണക്കിന് സ്ത്രീകൾക്ക് 500 മില്യൺ ഡോളർ നൽകാമെന്ന് സമ്മതിച്ചിരുന്നു. ലാറി ശിക്ഷിക്കപ്പെട്ടിരുന്നു.

 

click me!