
ജീവനാംശം നൽകാത്ത മുൻ ഭർത്താവിൻറെ രണ്ടാം വിവാഹത്തിൽ പ്രതിഷേധവുമായി ചൈനയിൽ നിന്നുള്ള യുവതി രംഗത്ത്. ജീവനാംശമായി തനിക്ക് ലഭിക്കേണ്ടിയിരുന്ന 1.16 കോടി രൂപ നൽകാതെ മുൻ ഭർത്താവ് വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങിയതാണ് യുവതിയെ ചൊടിപ്പിച്ചത്. ഇതേ തുടർന്ന് മുൻ ഭർത്താവിൻറെ വിവാഹ ചടങ്ങിൽ എത്തിയ യുവതി ഒരു ബാനർ ഉയർത്തിക്കാട്ടി ചടങ്ങ് തടസ്സപ്പെടുത്തുകയായിരുന്നു. ചൈനയിലെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. 2019 -ൽ ലി എന്ന തന്റെ മുൻ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ ലുവോ എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന യുവതിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്
വിവാഹമോചന സെറ്റിൽമെന്റിൽ ലി അവരുടെ മകളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. കൂടാതെ ജീവനാംശമായി ലുവോയ്ക്ക് 1 മില്യൺ യുവാൻ (1.16 കോടി രൂപ) നൽകാനും സമ്മതിച്ചു. ഇതിനു പുറമേ അവൾ പുനർവിവാഹം കഴിക്കുന്നത് വരെ ചികിത്സാ ചെലവുകളും ബിസിനസ് ഇൻഷുറൻസും ഏറ്റെടുത്ത് കൊള്ളാം എന്നും സമ്മതിച്ചിരുന്നു. എന്നാൽ, തനിക്ക് തരാമെന്ന് സമ്മതിച്ച തുക തരാതെ വന്നതിനെ തുടർന്നാണ് രണ്ടാം വിവാഹത്തിന് തടസ്സമായി ലുവോ എത്തിയത്. വിവാഹദിനത്തിൽ ബാനർ ഉയർത്തിയും വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ലഘുലേഖകൾ നൽകിയുമായിരുന്നു ലുവോയുടെ പ്രതിഷേധം.
സംഭവത്തെ തുടർന്ന്, ലി തന്റെ ഭാര്യക്കെതിരെ മൂന്ന് മാനനഷ്ടക്കേസുകൾ നൽകി. കൂടാതെ കോടതി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക മൂന്ന് ഗഡുക്കളായി നൽകാൻ സമ്മതിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ലുവോ വിവാഹവേദിയിലെ തന്റെ പെരുമാറ്റത്തിന് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി മാപ്പ് പറഞ്ഞു.