യുഎസിൽ വിമാനയാത്രക്കാർക്ക് ഇനി കഞ്ചാവ് ഉൽപ്പന്നങ്ങളും കരുതാം; പക്ഷേ ഒരു നിബന്ധനയുണ്ട്!

Published : May 21, 2026, 12:30 PM IST
Flight

Synopsis

അമേരിക്കയിൽ ആഭ്യന്തര വിമാനയാത്രക്കാർക്ക് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള കഞ്ചാവ് ഉൽപ്പന്നങ്ങൾ കൈവശം വെക്കാൻ അനുമതി? എയർപോർട് സെക്യൂരിറ്റി ചട്ടങ്ങൾ പുതുക്കിയതോടെയാണ് മാറ്റങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. അപ്പോഴും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. 

അമേരിക്കയിൽ ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനിമുതൽ കഞ്ചാവ് ഉത്പ്പന്നങ്ങൾ കൂടി കരുതാൻ അനുമതി? വൈദ്യശാസ്ത്രപരമായ ആവശ്യങ്ങൾക്കുള്ള കഞ്ചാവ് ഉൽപ്പന്നങ്ങൾ അഥവാ മെഡിക്കൽ മരിജുവാന കൈവശം കരുതാൻ അനുമതി നൽകിയേക്കുമെന്നാണ് ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. എയർപോർട് സെക്യൂരിറ്റി ചട്ടങ്ങൾ പുതുക്കിയതോടെയാണിത്. മെഡിക്കൽ ആവശ്യങ്ങൾക്കായി നിർദ്ദേശിച്ചിട്ടുള്ള കഞ്ചാവ് ഉൽപ്പന്നങ്ങൾ ഹാൻഡ് ബാഗേജിലും ചെക്ക്-ഇൻ ലഗേജിലും സൂക്ഷിക്കാമെന്നാണ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ തങ്ങളുടെ മാർ​ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. കഞ്ചാവിന് മെഡിക്കൽ രംഗത്ത് അംഗീകൃത ഉപയോഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി, അതിനെ ഷെഡ്യൂൾ III ഗണത്തിലുള്ള മരുന്നുകളുടെ വിഭാഗത്തിലേക്ക് മാറ്റാൻ യുഎസ് സർക്കാർ നീക്കം നടത്തിയതിന് പിന്നാലെയാണ് ഈ മാറ്റം. എങ്കിലും ഈ നയത്തിൽ ഇപ്പോഴും പ്രധാനപ്പെട്ട ഒരു നിബന്ധന നിലനിൽക്കുന്നുണ്ട്.

മുൻപ് യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ കഞ്ചാവ് നിയമങ്ങൾ വ്യത്യസ്തമായിരുന്നതിനാൽ യാത്രക്കാർ വലിയ ആശയക്കുഴപ്പം നേരിട്ടിരുന്നു. പല സംസ്ഥാനങ്ങളും മെഡിക്കൽ അല്ലെങ്കിൽ വിനോദാവശ്യങ്ങൾക്കുള്ള കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും, ഫെഡറൽ നിയമപ്രകാരം ഇത് ഇപ്പോഴും നിയമവിരുദ്ധമാണ്. വിമാനത്താവളങ്ങളും വ്യോമയാന മേഖലയും ഫെഡറൽ ഭരണത്തിന് കീഴിൽ വരുന്നതിനാൽ, സെക്യൂരിറ്റി പരിശോധനകളിൽ കഞ്ചാവ് കൈവശം വെക്കുന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കിയിരുന്നുവെന്ന് ദി ന്യൂയോർക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.

പുതുക്കിയ ടിഎസ്എ മാർ​ഗനിർദ്ദേശം അനുസരിച്ച്, സാധാരണ സുരക്ഷാ പരിശോധനകൾക്കിടയിൽ ഉദ്യോഗസ്ഥർ പ്രത്യേകം കഞ്ചാവിനായി പരിശോധന നടത്തില്ല. എന്നാൽ, പരിശോധനയ്ക്കിടയിൽ കഞ്ചാവ് കണ്ടെത്തുകയും അത് ഫെഡറൽ നിയമങ്ങളുടെയോ പ്രാദേശിക നിയമങ്ങളുടെയോ ലംഘനമാണെന്ന് കരുതുകയും ചെയ്താൽ, ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ടവരെ വിവരമറിയിക്കാവുന്നതാണ്.

കഞ്ചാവ് നിയമവിധേയമാക്കിയ സംസ്ഥാനങ്ങളിൽ, മെഡിക്കൽ അംഗീകാരമുള്ള ചെറിയ അളവിലുള്ള കഞ്ചാവ് കൈവശം വെക്കുന്ന യാത്രക്കാർ നിയമനടപടികൾ നേരിടാൻ സാധ്യതയില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. എങ്കിലും, സംസ്ഥാനങ്ങൾക്കനുസരിച്ച് നിയമങ്ങൾ മാറുന്നതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് പ്രാദേശിക നിയമങ്ങൾ കൃത്യമായി പരിശോധിക്കാനും യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വാടകക്കൊലയാളിയെ കണ്ടെത്തിയത് ഡാർക് വെബ്ബില്‍, ഇൻഫ്ലുവൻസറിനും സംഘത്തിനും പിഴച്ചു, പൊലീസൊരുക്കിയ ട്രാപ്പിൽ വീണു
ഇവിടെ നിന്നാണ് തുടങ്ങിയത്; അച്ഛൻ താമസിച്ച വീട്, പൈപ്പുവെള്ളമോ വൈദ്യുതിയോ ഇല്ല, യു എസ് സംരംഭകന്റെ ഹൃദയം തൊടും കുറിപ്പ്