
ഇന്ത്യയിൽ ഇന്നും ജാതിവിവേചനമുണ്ടോ? ഉണ്ട്, ഇന്ത്യയിൽ എല്ലായിടത്തും പ്രത്യക്ഷമായും പരോക്ഷമായും ജാതി നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും വിവാഹങ്ങളുടെ കാര്യത്തിൽ വളരെ സ്പഷ്ടമായി തന്നെ ഈ ജാതി കാണാം. അത് തെളിയിക്കുന്നൊരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. മാച്ച് മേക്കിംഗ് പ്ലാറ്റ്‌ഫോമായ 'ദി ഡേറ്റ് ക്രൂ' സ്ഥാപക ഓന്ദ്രില കപൂറാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ഫാഷൻ ലേബൽ ഉടമയായ, പുരോഗമനവാദികളെന്ന് തോന്നിപ്പിക്കുന്ന കുടുംബത്തിൽ നിന്നുള്ള ഒരു 32 -കാരിയുടെ ഡിമാൻഡാണ് കുറിപ്പിൽ പറയുന്നത്.
യുവതിയുടെ പിതാവ് ഐ.പി.എസ് ഉദ്യോഗസ്ഥനും മാതാവ് അധ്യാപികയുമാണ്. അവൾ തന്റെ വിവാഹാലോചനയുടെ കാര്യം വന്നപ്പോൾ മുന്നോട്ടുവെച്ച പ്രധാന ഡിമാൻഡ് 'ഉയർന്ന ജാതി'യിൽ പെട്ട ഒരു പങ്കാളിയെ വേണം എന്നതായിരുന്നത്രെ. ബ്രാഹ്മണർ, രജപുത് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ആലോചനകൾ മാത്രമേ പരിഗണിക്കൂ എന്നും യുവതി പറഞ്ഞിട്ടുണ്ടായിരുന്നു.
നല്ല വരുമാനമുള്ള, മറ്റ് കാര്യങ്ങളിലെല്ലാം അനുയോജ്യനായ ഒരാൾ ജാതിയിൽ 'പിന്നോക്ക'മാണെങ്കിലോ എന്ന് മാച്ച് മേക്കറായ ഓന്ദ്രില തിരിച്ചു ചോദിച്ചു. ഇതിന് യുവതി നൽകിയ മറുപടി 'അയാൾക്ക് വർഷം 80 ലക്ഷം രൂപയോ അതിലധികമോ ശമ്പളമുണ്ടെങ്കിൽ കുഴപ്പമില്ല' എന്നായിരുന്നു. മാതാപിതാക്കൾ സമ്മതിക്കില്ല എന്ന കാരണത്താലാണ് താൻ ജാതി നോക്കുന്നതെന്നും യുവതി പറഞ്ഞത്രെ.
'2026 -ലും മെട്രോ നഗരങ്ങളിലെ വിദ്യാഭ്യാസമുള്ള കുടുംബങ്ങളിൽ ജാതിവിവേചനം നിലനിൽക്കുന്നത് ഇത്തരം ഒഴിവാക്കലുകളിലൂടെയും, ഇതൊക്കെ ഇങ്ങനെയാണ് നടക്കുന്നത് എന്ന ചിന്താഗതിയിലൂടെയുമാണ്' എന്നും ഓന്ദ്രില പറയുന്നു. ജാതിയെ സാമൂഹിക പദവിയുടെ പ്രശ്നമായിട്ടാണ് ആളുകൾ കാണുന്നത്, വലിയ തുക ശമ്പളമുണ്ടെങ്കിൽ പണം കൊണ്ട് ആ സാമൂഹിക പദവി വാങ്ങാം എന്നാണ് ആളുകൾ കരുതുന്നത്, അതിനാലാണ് അവിടെ ജാതി പ്രശ്നമല്ലെന്ന് പറയുന്നതെന്നും ഓന്ദ്രില അഭിപ്രായപ്പെട്ടു.
നഗരങ്ങളിൽ കഴിയുന്ന, പുരോഗമനവാദികളെന്ന് അവകാശപ്പെടുന്നവർ മാട്രിമോണിയൽ സൈറ്റുകളിൽ ജാതി ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് ആദ്യം നിർത്തണമെന്നും ഓന്ദ്രില കപൂർ തന്റെ പോസ്റ്റിൽ പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് യുവാക്കൾ മാതാപിതാക്കളോട് തുറന്ന് സംസാരിക്കാൻ തയ്യാറാകണമെന്നും അവർ പറഞ്ഞു. ഓന്ദ്രില പറഞ്ഞതിനെ അനുകൂലിച്ചുകൊണ്ട് ആളുകൾ പോസ്റ്റിന് കമന്റുകൾ നൽകി.