
കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തപ്പോള്‍, നിരാശരായ അഫ്ഗാന്‍ ജനത രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ വൈറലായിരുന്നു. എന്ത് വില കൊടുത്തും രാജ്യം വിടാന്‍ ആളുകള്‍ ആഗ്രഹിച്ചു. അക്കൂട്ടത്തില്‍ കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന ഒരു യുഎസ് സൈനിക വിമാനത്തിന്റെ ചക്രങ്ങളില്‍ മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടത് വലിയ ചര്‍ച്ചയായിരുന്നു. അതിനെ തുടര്‍ന്ന് യുഎസ് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
ഇപ്പോഴിതാ സംഭവത്തില്‍ വിമാനത്തിലെ ജീവനക്കാര്‍ കുറ്റക്കാരല്ലെന്ന് വ്യോമസേന കണ്ടെത്തിയിരിക്കുന്നു. യു എസ് വ്യോമസേനയുടെ എയര്‍ മൊബിലിറ്റി കമാന്‍ഡും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്.
കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിന്റെ ചക്രത്തിലാണ് മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. വിമാനത്തില്‍ കയറാന്‍ തിരക്ക് കൂട്ടിയ നൂറുകണക്കിന് അഫ്ഗാനികളെ തങ്ങളെ കൊണ്ടാവും വിധം കൈകാര്യം ചെയ്യാന്‍ വിമാന ക്രൂവിന് കഴിഞ്ഞുവെന്ന് വ്യോമസേനയുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.
അതുപോലെ പിറ്റേ ദിവസവും, കോള്‍ സൈന്‍ റീച്ച് 885 എന്ന് പേരുള്ള ഒരു വിമാനം ചരക്കുകളും കൊണ്ട് കാബൂളിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയിരുന്നു. യുഎസ് നാവികര്‍ക്കും സൈനികര്‍ക്കും വേണ്ടിയുള്ള ഉപകരണങ്ങളും വസ്തുക്കളുമായിരുന്നു അതിനകത്ത്. എന്നാല്‍ വിമാനം വന്നിറങ്ങി ചരക്കുകള്‍ മാറ്റുന്നതിന് മുന്‍പ് തന്നെ ആളുകള്‍ അതിനകത്തേയ്ക്ക് ഇടിച്ചു കയറി. ക്രൂ അംഗങ്ങള്‍ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും ആളുകള്‍ ചിറകുകളില്‍ കയറി ഇരിപ്പായി. ആളുകളെ മാറ്റാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവില്‍ വിമാനം പറന്നുയര്‍ന്നു. എന്നാല്‍ ഉയര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷവും, ലാന്‍ഡിംഗ് ഗിയര്‍ പൂര്‍ണ്ണമായും അകത്തോട്ട് വലിയാതായപ്പോള്‍ പൈലറ്റും സഹ പൈലറ്റും സംശയിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് നോക്കിയ ക്രൂ അംഗം ഞെട്ടിപ്പോയി. ലാന്‍ഡിംഗ് ഗിയറിനിടയില്‍ പെട്ട് ചതഞ്ഞരഞ്ഞ ആളുകളുടെ മൃതുദേഹങ്ങളായിരുന്നു അദ്ദേഹം കണ്ടത്!
അന്വേഷണ വിധേയമായ സി-17 വിമാനം ഓഗസ്റ്റ് 16-ന് ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. 640 അഫ്ഗാനികളെയും കൊണ്ടാണ് വിമാനം പറന്നത്. കണക്ക് കൂട്ടിയതിനെക്കാളും ഇരട്ടിയിലധികമായിരുന്നു അത്. പലായനം ചെയ്യാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കിയതിനെ തുടര്‍ന്ന് നൂറുകണക്കിന് അഫ്ഗാനികള്‍ വിമാന താവളത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഖത്തറിലെ അല്‍ ഉദെയ്ദ് എയര്‍ ബേസില്‍ വന്നിറങ്ങിയപ്പോഴാണ് ടയറില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.
വിമാനത്തിന്റെ വീഡിയോയില്‍ പലരും അതില്‍ നിന്ന് താഴെ വീഴുന്നതും കാണാമായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ, എയര്‍ഫോഴ്‌സ് സംഘം അന്വേഷണം ആരംഭിക്കുകയും അവശിഷ്ടങ്ങള്‍ ശേഖരിക്കാനും വിമാനം പരിശോധിക്കാനും വിമാനം പിടിച്ചെടുക്കുകയും ചെയ്തു. ഈ അന്വേഷണത്തിന് ഒടുവിലാണ് വിമാന ജീവനക്കാര്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ചിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. എന്നാല്‍ ഈ അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് കൃത്യമായി അറിയില്ല.
ആഗസ്റ്റ് 16-ന് ഖത്തറില്‍ വിമാനം ഇറങ്ങുമ്പോള്‍ ചക്രത്തില്‍ കുരുങ്ങി നിലയില്‍ 19 കാരനായ ഒരു സോക്കര്‍ താരത്തിന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. 'അഭൂതപൂര്‍വമായതും അതിവേഗം വഷളാകുന്നതുമായ സുരക്ഷാ സാഹചര്യത്തെ മറികടക്കാന്‍, എത്രയും വേഗം വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ജീവനക്കാര്‍ തീരുമാനമെടുത്തത് വിവേകപൂര്‍വമായ ഒരു നടപടിയായിരുന്നു' എന്ന് വ്യോമസേനയുടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി എയര്‍ഫോഴ്‌സ് വക്താവ് തിങ്കളാഴ്ച പറഞ്ഞു. എന്നാല്‍ യുവാവ് മരിച്ചത് ദാരുണമായ ഒരു സംഭവമാണെന്ന് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.