ബാസ്‍കറ്റ്ബോള്‍ സൂപ്പര്‍താരം ബ്രിട്‍നിയെ മോചിപ്പിച്ച് യുഎസ്, കുപ്രസിദ്ധ ആയുധവ്യാപാരിയെ റഷ്യ‍യ്ക്ക് കൈമാറി

Published : Dec 09, 2022, 11:37 AM ISTUpdated : Dec 09, 2022, 11:38 AM IST
ബാസ്‍കറ്റ്ബോള്‍ സൂപ്പര്‍താരം ബ്രിട്‍നിയെ മോചിപ്പിച്ച് യുഎസ്, കുപ്രസിദ്ധ ആയുധവ്യാപാരിയെ റഷ്യ‍യ്ക്ക് കൈമാറി

Synopsis

'മരണ വ്യാപാരി' എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന മുന്‍ റഷ്യന്‍ സൈനികന്‍ കൂടിയായ വിക്ടര്‍ ബൗട്ടിനെ 2008 -ലാണ് തായ്‍ലാന്‍ഡില്‍ വച്ച് യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്യുന്നത്.

റഷ്യയില്‍ തടവിലായിരുന്ന ബാസ്‍കറ്റ്ബോള്‍ സൂപ്പര്‍താരം ബ്രിട്‍നി ഗ്രൈനറെ മോചിപ്പിച്ച് യുഎസ്. പകരമായി കുപ്രസിദ്ധ ആയുധവ്യാപാരി വിക്ടര്‍ ബൗട്ടിനെ റഷ്യയ്ക്ക് വിട്ടുകൊടുത്തു. ദുബായിലാണ് ഇരുവരെയും കൈമാറിയത്. 

യുഎസ് ടീമംഗവും വനിതാ ദേശീയ ബാസ്കറ്റ്ബോള്‍ അസോസിയേഷന്‍ ഫീനിക്സ് മെര്‍ക്കുറി ടീമിലെ സൂപ്പര്‍താരവുമായ ഗ്രൈനര്‍ രണ്ട് തവണ ഒളിംപിക് സ്വര്‍ണമെഡലും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഫെബ്രുവരി 17 -ന് ലഹരിപദാര്‍ത്ഥം കയ്യില്‍ വച്ചു എന്ന കുറ്റത്തിന് ഗ്രൈനര്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. മോസ്കോ വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന് ഗ്രൈനര്‍ പറഞ്ഞുവെങ്കിലും റഷ്യന്‍ കോടതി അതൊന്നും മുഖവിലയ്ക്കെടുത്തില്ല. അതോടെ ഒമ്പത് വര്‍ഷത്തെ തടവിന് താരം ശിക്ഷിക്കപ്പെട്ടു. 

എന്നാല്‍, ഗ്രൈനര്‍ തടവിലായത് ആരാധകര്‍ക്ക് സഹിച്ചില്ല. നിരന്തരം ഗ്രൈനറിന്‍റെ മോചനത്തിന് വേണ്ടി അവര്‍ മുറവിളി കൂട്ടിക്കൊണ്ടിരുന്നു. അതോടെ യുഎസ് ഭരണകൂടം സമ്മര്‍ദ്ദത്തിലാവുകയും ഗ്രൈനറിനെ മോചിപ്പിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം തുടങ്ങുകയും ചെയ്‍തു. ജൂലൈ മുതല്‍ തന്നെ ബൈഡന്‍ സര്‍ക്കാര്‍ ഇതിനായുള്ള ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് സെക്രട്ടറിയായ ആന്‍റണി ബ്ലിംഗന്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവിനെ നേരിട്ടു വിളിച്ചു സംസാരിച്ചു. അതേസമയം റഷ്യയാവട്ടെ ഒരുപാട് കാലമായി ബൗട്ടിന്‍റെ മോചനം ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഗ്രൈനറിന് പകരമായി ആയുധ വ്യാപാരി ബൗട്ടിനെ പകരം മോചിപ്പിക്കാനായി തീരുമാനം. അങ്ങനെയാണ് ഇരുവരെയും രാജ്യങ്ങള്‍ കൈമാറുന്നത്. 

'മരണ വ്യാപാരി' എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന മുന്‍ റഷ്യന്‍ സൈനികന്‍ കൂടിയായ വിക്ടര്‍ ബൗട്ടിനെ 2008 -ലാണ് തായ്‍ലാന്‍ഡില്‍ വച്ച് യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്യുന്നത്. യുഎസ് കോടതി 25 വര്‍ഷം തടവാണ് ബൗട്ടിന് വിധിച്ചത്. എന്നാല്‍, റഷ്യ ഇതിനെ ശക്തമായി വിമര്‍ശിച്ചു. ബൗട്ട് നിരപരാധിയാണ് എന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഏതായാലും, ഇപ്പോള്‍ ബൗട്ട് മോസ്‍കോയില്‍ തിരികെ എത്തിയതായിട്ടാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'പാതിരാത്രി അവരെന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചു, സാധനങ്ങളെല്ലാം എടുത്തോ എന്ന് പറഞ്ഞു, അത്രയേ ഉണ്ടായിരുന്നുള്ളൂ' എന്ന് റഷ്യന്‍ മാധ്യമങ്ങളോട് ബൗട്ട് തന്‍റെ മോചനത്തെ കുറിച്ച് പ്രതികരിച്ചു. 

ഗ്രൈനറിന്‍റെ മോചനത്തെ വലിയ ആവേശത്തോടെയാണ് യുഎസ് സ്വീകരിച്ചിരിക്കുന്നത്. അവര്‍ക്ക്, ഈ അനുഭവത്തില്‍ നിന്നും മോചനം നേടാനും ശക്തമായി തിരികെ എത്താനും സമയവും നല്ല അന്തരീക്ഷവും ആവശ്യമാണ് എന്ന് പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞു. ഗ്രൈനറിന്‍റെ ഭാര്യ ചെരെല്ലെ ഗ്രൈനറിനെ മോചിപ്പിക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ പുകഴ്ത്തി. വളരെ വൈകാരികമായ നിമിഷമാണ് തന്നെ സംബന്ധിച്ച് ഇത് എന്നാണ് ചെരെല്ലെ പറഞ്ഞത്. 
 

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം