
അസാധാരണമായ മറ്റൊരു സംഭവവും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസ് സേന പിന്മാറിയതിനു തൊട്ടു പിന്നാലെ ബഗ്‌റാം സൈനികതാവളത്തില്‍ വന്‍ കൊള്ള നടന്നതായി എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന ബഗ്‌റാമില്‍, അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനു തൊട്ടുപിറകെയാണ്, കൊള്ളക്കാര്‍ അഴിഞ്ഞാടിയത്.
ദ് ഒനിയന്‍ പ്രസിദ്ധീകരിച്ച തമാശവാര്‍ത്ത'
പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, അമേരിക്കന്‍ ആക്ഷേപ ഹാസ്യ വെബ്‌സൈറ്റായ ദ് ഒനിയന്‍ ഒരു 'തമാശവാര്‍ത്ത' പ്രസിദ്ധീകരിച്ചത്. ഇല്ലാത്ത വാര്‍ത്തകള്‍ യഥാര്‍ത്ഥമെന്നോണം അവതരിപ്പിക്കുന്ന ഈ ആക്ഷേപ ഹാസ്യ വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് ഇതായിരുന്നു: നട്ടപ്പാതിരായ്ക്ക് അമേരിക്ക അഫ്ഗാനിസ്ഥാന്‍ വിട്ടു!
ഭീകരവാദത്തിനെതിരായ യുദ്ധം എന്നുപേരിട്ട സൈനിക നടപടിയുടെ ഭാഗമായി അമേരിക്ക അഫ്ഗാനിസ്താനിലെത്തി 10 വര്‍ഷത്തിനുശേഷം, 2011 ജുലൈ 18-നാണ്, തമാശവാര്‍ത്തയെന്ന പേരില്‍, ദ് ഒനിയന്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പുറത്താരെയും അറിയിക്കാതെ, രായ്ക്കുരാമാനം, അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്താനില്‍നിന്നും തടിതപ്പി എന്നായിരുന്നു ആ വാര്‍ത്തയില്‍ പറഞ്ഞത്.
തമാശയ്ക്കു വേണ്ടി ഉണ്ടാക്കിയ ആ വാര്‍ത്ത എന്നാല്‍, സത്യമായിരിക്കുകയാണ്. പത്തു വര്‍ഷത്തിനു ശേഷം, അതേ ജുലൈ മാസം, ഒരു നട്ടപ്പാതിരയ്ക്ക് അമേരിക്കന്‍ സൈന്യം അക്ഷരാര്‍ത്ഥത്തില്‍ അഫ്ഗാനിസ്താനില്‍നിന്ന് തടിതപ്പി. അഫ്ഗാനിസ്താന്‍ സര്‍ക്കാറിനെയോ സൈനിക മേധാവിയെ പോലുമോ അറിയിക്കാതെയാണ്, പാതിരായ്ക്ക് അമേരിക്കന്‍ സൈന്യം അഫ്ഗാനിലെ അവരുടെ അവസാന സൈനിക താവളമായ ബഗ്‌റാം വിട്ടത്. അമേരിക്കന്‍ സൈനികര്‍ താവളം വിട്ട് രണ്ടര മണിക്കൂറിനു ശേഷമാണ്, അഫ്ഗാന്‍ സൈനിക മേധാവി പോലും ഇക്കാര്യം അറിഞ്ഞതെന്ന്, അഫ്ഗാന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ജനറല്‍ മിര്‍ അസദുല്ലാ കോഹിസ്താനി
സൈനിക മേധാവി അറിഞ്ഞത് രണ്ടര മണിക്കൂറിനു ശേഷം
ഓഗസ്ത് മാസം അവസാനത്തെ അമേരിക്കന്‍ െൈനികനും അഫ്ഗാനിസ്താന്‍ വിടും എന്നായിരുന്നു വെള്ളിയാഴ്ച അമേരിക്ക അറിയിച്ചിരുന്നത്. എന്നാല്‍, അതിനും ആഴ്ചകള്‍ക്കു മുമ്പേ അേമരിക്കന്‍ സൈനിക നടപടിയുടെ മുഖ്യകേന്ദ്രമായിരുന്ന ബഗ്‌റാം സൈനികത്താവളം ഉപേക്ഷിക്കുകയായിരുന്നു.
''അമേരിക്കന്‍ സൈന്യം ബഗ്‌റാം സൈനിക താവളം ഉപേക്ഷിച്ചു എന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, അത്തരം ഒരു വിവരവും ഔദ്യോഗികമായി ലഭിച്ചിരുന്നില്ല. രാവിലെ ഏഴ് മണിയോടെയാണ് ആ പ്രചാരണം സത്യമാണെന്ന് ബോധ്യമായത്. ഞങ്ങള്‍ സ്ഥിരീകരിക്കുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പേ അമേരിക്കന്‍ സൈന്യം ബഗ്‌റാം വിട്ടിരുന്നു. ഇപ്പോള്‍, താവളം പൂര്‍ണ്ണമായും ഞങ്ങളുടെ നിയന്ത്രണത്തിലാണ്. ''ബഗ്‌റാമിലെ പുതിയ അഫ്ഗാന്‍ സൈനിക മേധാവി ജനറല്‍ മിര്‍ അസദുല്ലാ കോഹിസ്താനി എ പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഉപേക്ഷിച്ച വാഹനങ്ങള്‍
ആയിരക്കണക്കിന് വാഹനങ്ങള്‍ ഉപേക്ഷിച്ചു; താക്കോലുകള്‍ അമേരിക്കന്‍ സൈന്യം കൊണ്ടുപോയി
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ തീരുമാനപ്രകാരമാണ്, താലിബാന്റെ ആക്രമണം ശക്തിപ്പെടുന്നതിനിടെ, അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടത്. ജൂലൈ പകുതിയോടെ അമേരിക്കന്‍ സൈനികരെ ആസൂത്രിതമായി പിന്‍വലിക്കാന്‍ വൈറ്റ്ഹൗസ് തീരുമാനിച്ചിരുന്നു. അതിനിടെയാണ്, അമേരിക്കയുടെ അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ കോട്ട പാതിരാത്രിയില്‍ അവര്‍ ഉപേക്ഷിച്ചുപോവുന്നത്.
35 ലക്ഷം സാധനങ്ങള്‍ ഉപേക്ഷിച്ചാണ് അമേരിക്കന്‍ സൈന്യം ബഗ്‌റാം വിട്ടുപോയതെന്ന് ജനറല്‍ കൊഹിസ്താനി പറഞ്ഞു. ആയിരക്കണക്കിന് വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു. ഇതില്‍, സിവിലിയന്‍ വാഹനങ്ങളും കവചിത വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള സൈനിക വാഹനങ്ങളും പെടുന്നു. എന്നാല്‍, ഈ വാഹനങ്ങളുടെയെല്ലാം താക്കോല്‍ അമേരിക്കന്‍ സൈന്യം കൊണ്ടുപോയതായി അഫ്ഗാന്‍ സൈന്യം അറിയിച്ചു.
താവളത്തിലുണ്ടായിരുന്ന വലിയ ആയുധങ്ങള്‍ അമേരിക്കന്‍ സൈന്യം കൊണ്ടുപോയി. കുറേയധികം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ചു തീര്‍ത്തു. ചെറിയ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും അഫ്ഗാന്‍ സൈന്യത്തിനു വേണ്ടി ബഗ്‌റാം സൈനിക താവളത്തില്‍ ബാക്കി വെച്ചു. പതിനായിരക്കണക്കിന് വെള്ളക്കുപ്പികള്‍, എനര്‍ജി ഡ്രിങ്കുകള്‍, റെഡിമെയിഡ് ഭക്ഷണ സാധനങ്ങള്‍, എന്നിവയും ഉപേക്ഷിച്ചിട്ടുണ്ട്.
അമേരിക്കന്‍ സൈന്യം പോയതിനു പിന്നാലെ വന്‍ കൊള്ള
അസാധാരണമായ മറ്റൊരു സംഭവവും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസ് സേന പിന്മാറിയതിനു തൊട്ടു പിന്നാലെ ബഗ്‌റാം സൈനികതാവളത്തില്‍ വന്‍ കൊള്ള നടന്നതായി എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന ബഗ്‌റാമില്‍, അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനു തൊട്ടുപിറകെയാണ്, കൊള്ളക്കാര്‍ അഴിഞ്ഞാടിയത്. ഇവിടെനിന്നും ലാപ്‌ടോപ്പുകളും വിലപിടിച്ച സാധനങ്ങളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടതായി അഫ്ഗാന്‍ സൈന്യം അറിയിച്ചു. തങ്ങള്‍ ബാഗ്‌റാമില്‍ എത്തും മുമ്പേ കൊള്ള കഴിഞ്ഞിരുന്നതായും സൈനിക മേധാവി പറഞ്ഞു.
''താലിബാന്‍കാരായിരിക്കും കൊള്ള നടത്തിയത് എന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഒരു സംഘം കൊള്ളക്കാരാണ് കവര്‍ച്ച നടത്തിയതെന്ന് പിന്നീട് വ്യക്തമായി. സംഭവത്തില്‍ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.''ബഗ്‌റാം താവളത്തിലെ പുതിയ അഫ്ഗാന്‍ സൈനിക മേധാവി ജനറല്‍ കൊഹിസ്താനി പറഞ്ഞു.
ബഗ്‌റാം താവളത്തിന് കാവല്‍ നില്‍ക്കുന്ന അഫ്ഗാന്‍ സൈനികര്‍
ഏതു നിമിഷവും താലിബാന്‍ ഇവിടെയെത്തുമെന്ന് ഭീതി
ബഗ്‌റാം സൈനിക താവളത്തിനു നേര്‍ക്ക് ഏതുസമയവും താലിബാന്‍ ആക്രമണം ഉണ്ടാവുമെന്നാണ് അഫ്ഗാന്‍ സൈന്യം കരുതുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ താലിബന്‍ പിടിച്ചെടുക്കുകയാണ്. ''അവര്‍ ഇവിടെയും വരും. അമേരിക്കന്‍ സൈന്യം പോലല്ല ഞങ്ങള്‍ എങ്കിലും, ഈ സൈനിക താവളം നിലനിര്‍ത്താന്‍ എല്ലാ ശക്തിയും ഉപയോഗിച്ച് പൊരുതും''-ജനറല്‍ കൊഹിസ്താനി പറഞ്ഞു.
1950 -കളില്‍ സോവിയറ്റ് യൂണിയനാണ് ഇവിടെ വ്യോമ താവളം നിര്‍മിച്ചത്. സോവിയറ്റ് സൈന്യത്തിന്റെ 10 വര്‍ഷം നീണ്ട ഭരണകാലത്ത് ഇതായിരുന്നു പ്രധാന സൈനിക താവളം. 1989 -ല്‍ സോവിയറ്റ് സൈന്യം പിന്‍മാറിയ ശേഷം താലിബനും വടക്കന്‍ സഖ്യവും ബഗ്‌റാം താവളത്തിനായി പോരാട്ടം നടത്തി. 2001-ല്‍ അമേരിക്കന്‍ സൈന്യം ഇവിടെെയത്തി. 2011 ആയപ്പോഴേക്കും അമേരിക്കയുടെ പ്രധാന താവളമായി ഇതു മാറി. രണ്ട് റണ്‍വേകളും പതിനായിരക്കണക്കിന് താമസക്കാരും കടകളും യുഎസ് സൈനിക ജയിലും അടക്കം ഇവിടെ ഉണ്ടായിരുന്നു. ഒരു ലക്ഷം സൈനികര്‍ വരെ ഇവിടെ ഉണ്ടായിരുന്ന സമയമുണ്ടായിരുന്നു.