കോണിപ്പടിക്കുതാഴെ ഒരു രഹസ്യമുറി, മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി

Web Desk   | Asianet News
Published : Feb 18, 2022, 06:04 AM IST
കോണിപ്പടിക്കുതാഴെ ഒരു രഹസ്യമുറി, മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി

Synopsis

രണ്ട് വര്‍ഷം മുമ്പ് കാണാതായ നാല് വയസ്സുകാരിയെ സമീപ നഗരത്തിലെ ഒരു വീട്ടിലെ േകാണിപ്പടിക്കു താഴെയുള്ള രഹസ്യ മുറിയില്‍ നിന്ന് ജീവനോടെ കണ്ടെത്തി.  

രണ്ട് വര്‍ഷം മുമ്പ് കാണാതായ നാല് വയസ്സുകാരിയെ സമീപ നഗരത്തിലെ ഒരു വീട്ടിലെ േകാണിപ്പടിക്കു താഴെയുള്ള രഹസ്യ മുറിയില്‍ നിന്ന് ജീവനോടെ കണ്ടെത്തി.  എത്രയോ തവണ തെരഞ്ഞുപോയിട്ടും കണ്ടെത്താന്‍ കഴിയാത്ത അതേ വീട്ടിലെ അതീവരഹസ്യ മുറിയിലാണ് കുട്ടിയെ കണ്ടെത്തിയത് എന്ന് ന്യൂയോര്‍ക്ക് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കുട്ടിയുടെ നിയമപരമായ സംരക്ഷണ അവകാശം നഷ്ടപ്പെട്ട ബയാളജിക്കല്‍ മാതാപിതാക്കള്‍ അറസ്റ്റിലായി. ഇവരെ സഹായിച്ച മറ്റൊരാളെയും അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇനിയും ദുരൂഹതകള്‍ ഉണ്ടെന്നും അധികം വൈകാതെ അക്കാര്യം പുറത്തുവരുമെന്നും പൊലീസ് അറിയിച്ചു. 

 

 

മാതാപിതാക്കള്‍ക്ക് കുട്ടിയെ എങ്ങനെ നഷ്ടമായി?

പൈസ്ലി ഷുല്‍റ്റിസ് എന്ന പെണ്‍കുട്ടിയെ രണ്ടു വര്‍ഷം മുമ്പാണ് ന്യൂയോര്‍ക്ക് പ്രാന്തപ്രദേശത്തുള്ള  ടിയോഗ കൗണ്ടിയിലെ വീട്ടില്‍നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. മൂത്ത സഹോദരിക്കൊപ്പം ഈ വീട്ടില്‍ താമസിച്ചു വരുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെയും സഹോദരിയുടെയും നിയമപരമായ സംരക്ഷണ അവകാശമുള്ള പേരു വെളിപ്പെടുത്താത്ത ഒരാളുടേതായിരുന്നു ആ വീട്. അവരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

കുട്ടിയുടെയും സഹോദരിയുടെയും നിയപരമായ സംരക്ഷണ അവകാശം തനിക്കാണെന്നും ബയോളജിക്കല്‍ മാതാപിതാക്കള്‍ ഇക്കാര്യം അംഗീകരിച്ചില്ലെന്നുമാണ് അവര്‍ അറിയിച്ചത്. ഇതിനാല്‍, കുട്ടിയെ തട്ടിക്കൊണ്ടുപോയത് ബയോളിക്കല്‍ മാതാപിതാക്കളായ 22 വയസ്സുള്ള മാതാവ് കിംബര്‍ലി കൂപ്പറും, 23 വയസ്സുള്ള പിതാവ് കിര്‍ക്ക് ഷുള്‍റ്റിസ് ജൂനിയറും ചേര്‍ന്ന് അവളെ തട്ടിക്കൊണ്ടുപോയെന്നാണ് സംശയിക്കപ്പെടുന്നതെന്നുമാണ് പരാതിയില്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസ് കുട്ടിക്കായി അന്വേഷണം ആരംഭിച്ചു. 

കുട്ടിയുടെ നിയമപരമായ രക്ഷിതാവ് ആരെന്നോ കുട്ടികളുമായി ഇവര്‍ക്കുള്ള ബന്ധം എന്തെന്നോ ഇനിയും വ്യക്തമായിട്ടില്ല. കുട്ടികളുടെ മാതാപിതാക്കള്‍ക്ക് എങ്ങനെയാണ് അവളുടെ മേലുള്ള നിയപരമായ സംരക്ഷണ അവകാശം നഷ്ടമായതെന്നും ഇനിയും അറിവായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെയും സഹോദരിയെയും നിയമാവകാശങ്ങളുള്ള രക്ഷിതാവും ഉദ്യോഗസ്ഥരും ചേര്‍ന്ന് മാതാപിതാക്കളില്‍നിന്നും കൊണ്ടുപോവുകയായിരുന്നു. അതിനുശേഷം, കുട്ടി നിയമാവകാശങ്ങളുള്ള രക്ഷിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസം. അവിടെവെച്ചാണ് ദുരൂഹ സാഹചര്യത്തില്‍ കുട്ടിയെ കാണാതായത്. 

സംശയമുനയില്‍ ആദ്യമേ മാതാപിതാക്കള്‍

പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ബയോളജിക്കല്‍ മാതാപിതാക്കളായ കിംബര്‍ലി കൂപ്പര്‍, കിര്‍ക്ക് ഷുള്‍റ്റിസ് ജൂനിയര്‍ എന്നിവരെയാണ് പൊലീസ് ആദ്യമേ സംശയിച്ചത്. എന്നാല്‍, തങ്ങള്‍ക്ക് കുട്ടിയുടെ കാര്യം അറിയില്ലെന്നാണ് ഇവര്‍ പൊലീസിന് പല വട്ടം ചോദ്യം ചെയ്തപ്പോഴും മൊഴി നല്‍കിയത്. ഇടയ്ക്ക് ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയും ചെയ്തു. അതിനിടയിലും പൊലീസ് ഇവരുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ അന്വേഷണം തുടര്‍ന്നു. അങ്ങനെയാണ്, ഇപ്പോള്‍ കുട്ടിയെ കിട്ടിയ സോഗെര്‍ട്ടീസ് നഗരത്തിലെ വീട്ടിലും പൊലീസ് എത്തിയത്. കുട്ടിയുടെ ബയോളജിക്കല്‍ പിതാവായ കിര്‍ക്ക് ഷുള്‍റ്റിസിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വീട്. പൊലീസ് പത്തുപതിനഞ്ച് തവണ ഇവിടെ ചെന്ന് അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കിട്ടിയില്ല. 

സോഗെര്‍ട്ടീസ് നഗരത്തിലെ വീട്ടിലെ രഹസ്യ നിലവറയില്‍ കുട്ടി ഉണ്ടെന്ന വിവരം അതീവരഹസ്യമായി ലഭിച്ചതിനെ തുടര്‍ന്ന് കോടതിയുടെ സെര്‍ച്ച് വാറന്റുമായി പോലീസ് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. വീട്ടില്‍ ചെന്നപ്പോള്‍ ബയോളജിക്കല്‍ പിതാവിന്റെ അച്ഛനായ കിര്‍ക്ക് ഷുള്‍റ്റിസ് സീനിയര്‍ ആയിരുന്നു ഉണ്ടായിരുന്നത്. കുഞ്ഞിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് അവിടെ എത്തിയ ബയോളജിക്കല്‍ പിതാവായ കിര്‍ക്ക് ഷുള്‍റ്റിസ് ജൂനിയറും ഇക്കാര്യം തന്നെ പറഞ്ഞു. 

 

 

കോണിപ്പടിക്കു താഴെ ഒരു രഹസ്യമുറി

ഒരു മണിക്കൂറോളം നേരം വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും കുഞ്ഞിനെ ഒ്‌ളിപ്പിച്ചുവെന്ന് കരുതുന്ന രഹസ്യ ഇടം കണ്ടെത്താനായില്ല. അപ്പോഴാണ് അതിലെ ഒരു ഉദ്യോഗസ്ഥന്‍ വിചിത്രമായ രീതിയില്‍ നിര്‍മ്മിച്ച ബേസ്‌മെന്റിലേക്കുള്ള ഗോവണിപ്പടികള്‍ ശ്രദ്ധിച്ചത്. ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ പടികള്‍ക്കിടയില്‍ വിടവുള്ളതായി കണ്ടു. അതിലൂടെ നോക്കിയപ്പോള്‍ പുതപ്പ് പോലെ എന്തോ ഒന്ന് അവര്‍ക്ക് കാണാന്‍ സാധിച്ചു. ഗോവണിപ്പടിയില്‍ എന്തോ അസ്വാഭാവികതയുണ്ടെന്ന് അതോടെ പൊലീസ് ഉറപ്പിച്ചു. തുടര്‍ന്ന്, ഗോവണി പലകകളില്‍ ചിലത് അവര്‍ നീക്കം ചെയ്തു. അപ്പോള്‍ കുഞ്ഞിന്റെ കാലുകള്‍ കാണാന്‍ കഴിഞ്ഞു. 

അതോടെ പൊലീസ് പടികള്‍ നീക്കം ചെയ്തു. അപ്പോള്‍ ഗോവണിപ്പടിക്കു കീഴെ രഹസ്യമായി നിര്‍മിച്ച തീരെ ചെറിയ മുറിയിലേക്ക് എത്തി. അവിടെ പെണ്‍കുട്ടിയെ കണ്ടെത്തി. ഒപ്പം, അവളുടെ ബയോളജിക്കല്‍ അമ്മയുമുണ്ടായിരുന്നു. മുറി ചെറുതും തണുത്തതും നനവുള്ളതുമായിരുന്നു. കുഞ്ഞ് ആരോഗ്യവതിയാണ് എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അവളെ മൂത്ത സഹോദരിക്കും നിയമാവകാശങ്ങളുള്ള രക്ഷിതാവിനും തിരികെ നല്‍കി. 

 

 

ഇനിയും തീരാത്ത ദുരൂഹതകള്‍ 

സംഭവത്തില്‍, മാതാവ് കിംബര്‍ലി കൂപ്പര്‍, പിതാവ് കിര്‍ക്ക് ഷുള്‍റ്റിസ് ജൂനിയര്‍, മുത്തച്ഛന്‍ കിര്‍ക്ക് ഷുള്‍റ്റിസ് സീനിയര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയി, കുട്ടിയുടെ നിയമപരമായ സംരക്ഷണാവകാശം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. കാണാതാകുന്നതിന് തൊട്ടുമുമ്പാണ് അവളുടെയും സഹോദരിയുടെയും സംരക്ഷണാവകാശം ബയോളജിക്കല്‍ മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ടത്. ഇതാണ് മകളെ തട്ടിക്കൊണ്ടുപോകാന്‍ കാരണമായതെന്ന് പോലീസ് കരുതുന്നു.

കുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടില്ല. എന്നാല്‍, സ്‌കൂളിലൊന്നും പോവാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിലുള്ള ദുരൂഹതകള്‍ ഉടന്‍ നീക്കാനാവുമെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?