മാജിക് മഷ്‌റൂം ലഹരിയില്‍ വിമാനയാത്രക്കാരന്റെ അഴിഞ്ഞാട്ടം, ജീവനക്കാരിയുടെ മാറിടം പിടിച്ചുഞെരിച്ചു

Published : Oct 11, 2022, 05:55 PM IST
മാജിക് മഷ്‌റൂം ലഹരിയില്‍ വിമാനയാത്രക്കാരന്റെ  അഴിഞ്ഞാട്ടം, ജീവനക്കാരിയുടെ മാറിടം പിടിച്ചുഞെരിച്ചു

Synopsis

മാരക മയക്കുമരുന്നായ മാജിക് മഷ്‌റൂമിന്റെ ലഹരിയില്‍ യാത്രക്കാരന്‍ വിമാനത്തില്‍ അഴിഞ്ഞാടി.

മാരക മയക്കുമരുന്നായ മാജിക് മഷ്‌റൂമിന്റെ ലഹരിയില്‍ യാത്രക്കാരന്‍ വിമാനത്തില്‍ അഴിഞ്ഞാടി.  ടോയിലറ്റില്‍ ആളുണ്ടായിട്ടും അതു തള്ളിത്തുറന്നു. വാതിലിന്റെ ഒരു ഭാഗം പൊട്ടിച്ചെടുക്കുകയും തടയാന്‍ വന്ന വിമാന ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ശാന്തനാക്കാന്‍ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ മാറിടത്തില്‍ കയറിപ്പിടിക്കുകയും ഞെരിക്കുകയും ചെയ്തു. നിലത്തുകിടന്ന് ബഹളം വെക്കുകയും മറ്റ് യാത്രക്കാരുടെ സീറ്റില്‍ കയറിയിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ ഒരു സുരക്ഷാ ജീവനക്കാരനും മറ്റ് വിമാന ജീവനക്കാരും ചേര്‍ന്ന് കൈവിലങ്ങിട്ട് പിടിച്ചുകെട്ടിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഒടുവില്‍ ശാന്തനായത്. മാജിക് മഷ്‌റൂമിന്റെ ലഹരിയിലാണ് താന്‍ വിമാനത്തില്‍ അഴിഞ്ഞാടിയതെന്ന് ഇയാള്‍ പിന്നീട് എഫ് ബി ഐ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

മിയാമിയില്‍നിന്നും വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പോവുകയായിരുന്ന യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഒക്‌ടോബര്‍ നാലിന് മയക്കുമരുന്ന് ലഹരിയില്‍ യാത്രക്കാരന്‍ അഴിഞ്ഞാടിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എഫ് ബി ഐ പ്രത്യേക ഉദ്യോഗസ്ഥന്‍ ഡാനിയല്‍ മര്‍ക്‌ലി നല്‍കിയ റിപ്പോര്‍ട്ടിലാണ് നടന്ന കാര്യങ്ങള്‍ വിശദമായി പറയുന്നത്. 

ചെറി ലോഗന്‍ സെവില്ല എന്ന യാത്രക്കാരനാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് എഫ് ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ വിമാനത്തില്‍ കയറിയതുമുതല്‍ പ്രശ്‌നമായിരുന്നു. സീറ്റില്‍നിന്ന് എഴുന്നേറ്റ് ബഹളം വെച്ചായിരുന്നു തുടക്കം. പിന്നീട് മറ്റ് സീറ്റുകളിലുള്ള യാത്രക്കാര്‍ക്കിടയില്‍ ചെന്നിരിക്കാന്‍ ശ്രമിച്ചു. അതിനു ശേഷം അയാള്‍ ടോയിലറ്റിന്റെ വശത്തേക്ക് ചെന്നു. ടോയിലറ്റില്‍ ആളുണ്ടായിട്ടും അതു തള്ളിത്തുറന്നു. വാതിലിന്റെ ഒരു ഭാഗം പൊട്ടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് വിമാന ജീവനക്കാര്‍ ഇടപെട്ടു. അതോടെ അയാള്‍ അവരുമായി സംഘര്‍ഷത്തിലായി. ഇയാളെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ വിമാനജീവനക്കാരെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. സീറ്റിലിരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഈ യാത്രക്കാരന്‍ നിലത്തു കിടന്നു. തുടര്‍ന്ന് ഒരു വനിതാ ജീവനക്കാരി ഇയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. അതോടെ ഇയാള്‍ ജീവനക്കാരിയുടെ മാറിടത്തില്‍ കടന്നുപിടിച്ചു. മാറിടം ഞെരിക്കുകയും അവരെ വീഴ്ത്താന്‍ ശ്രമിക്കുകയും ചെയ്തതോടെ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇടപെട്ടു. തുടര്‍ന്ന് മറ്റ് ജീവനക്കാരും കൂടിച്ചേര്‍ന്ന് ഇയാളെ കൈവിലങ്ങിട്ട് സീറ്റില്‍ പിടിച്ചിരുത്തി. 

വിമാനം ഡല്ലെസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ ഇയാളെ അവിടെയുള്ള എഫ് ബി ഐ ഓഫീസില്‍ എത്തിച്ചു. യാത്രയ്ക്കു മുമ്പ് താന്‍ മാജിക് മഷ്‌റൂം കഴിച്ചതായും അതിനെ തുടര്‍ന്നുള്ള ലഹരിയിലാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതാദ്യമായല്ല ഇയാള്‍ മാജിക് മഷ്‌റൂം കഴിച്ച് വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!