മന്ത്രവാദം, ഭാഗ്യാന്വേഷണം, അരുംകൊലകള്‍, കേരളം നരബലിയുടെ നാടാവുന്നത് എങ്ങനെ?

Published : Oct 11, 2022, 04:39 PM ISTUpdated : Oct 11, 2022, 04:45 PM IST
മന്ത്രവാദം, ഭാഗ്യാന്വേഷണം, അരുംകൊലകള്‍,  കേരളം നരബലിയുടെ നാടാവുന്നത് എങ്ങനെ?

Synopsis

ലോട്ടറിയെന്ന ഭാഗ്യാന്വേഷണത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോയ റോസ്‌ലിക്കും പത്മയ്ക്കും നേരെയാണ് നിര്‍ഭാഗ്യം നരബലിയുടെ രൂപത്തിലെത്തിയത്- പിആര്‍ വന്ദന എഴുതുന്നു

സാക്ഷരകേരളം സുന്ദര കേരളം, പുരോഗമന കേരളം, ആരോഗ്യ കേരളം, പ്രബുദ്ധ കേരളം അങ്ങനെ വിശേഷണങ്ങളില്‍ അഭിരമിക്കുന്ന കേരളം ഇന്ന് ആകെ ഞെട്ടിയിരിക്കുകയാണ്.  പത്തനംതിട്ട ഇലന്തൂരിലെ നരബലി വാര്‍ത്ത സംസ്ഥാനത്തെ സ്തബ്ധമാക്കിയിരിക്കുന്നു. ലോട്ടറിയെന്ന ഭാഗ്യാന്വേഷണത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോയ റോസ്‌ലിക്കും പത്മയ്ക്കും നേരെയാണ് നിര്‍ഭാഗ്യം നരബലിയുടെ രൂപത്തിലെത്തിയത്. ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവര്‍ റോസ്‌ലിയെയും പത്മയെയും കൊലചെയ്തത് ഐശ്വര്യം കൊണ്ടു വരാന്‍ ആയിരുന്നത്രേ. 

 

 

മനുഷ്യരുടെ അരക്ഷിതാവസ്ഥയെ മുതലെടുക്കുന്ന, തീരാത്ത ആര്‍ത്തിയില്‍ തീ പടര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍ ജീവനെടുക്കുന്നത് ഇതാദ്യമല്ല. വിദ്യാഭ്യാസമുള്ള, ശാസ്ത്രബോധമുള്ള. സാമൂഹികബോധമുള്ള സമൂഹത്തില്‍ ഇന്നത്തെ ആധുനിക ലോകത്തും മന്ത്രത്തിനും തന്ത്രത്തിനും ഇരകളെ കിട്ടുന്നു എന്നത് നമുക്ക് മുന്നില്‍ നില്‍ക്കുന്ന വലിയ ചോദ്യചിഹ്നമാണ്. സമൂഹം എന്ന നിലയില്‍ നമ്മുടെ പരാജയമാണത്.

ചിലര്‍ക്ക് മന്ത്രവാദവും മന്ത്രവാദ ക്രിയകളും അസുഖം ഭേദപ്പെടുത്താനാണ്. മറ്റ് ചിലര്‍ക്ക് കുട്ടികള്‍ ഉണ്ടാവാനാണ്. ചിലര്‍ക്ക് മന്ത്രവാദം ശത്രു സംഹാരത്തിനാണ്. നല്ലൊരു വിഭാഗവും ധനപ്രപാപ്തിക്കും ഐശ്വര്യം കൂട്ടാനുമാണ് മന്ത്രവാദികളെ കൂട്ടുപിടിക്കുന്നത്. ഇങ്ങനെ ഉള്ള തട്ടിപ്പു വിദ്യകള്‍ക്ക് പോകുന്നവര്‍ അല്ലെങ്കില്‍ ക്രിയകള്‍ക്ക് മന്ത്രവാദികളെ കൂട്ടുപിടിക്കുന്നവര്‍ സാമൂഹികാവസ്ഥയുടെ എല്ലാത്തട്ടിലും ഉണ്ട്. വിദ്യാഭ്യാസ യോഗ്യതയുടെ വലിപ്പച്ചെറുപ്പവും മന്ത്രവാദികളെ തേടിയെത്തുന്നവരെ വേര്‍തിരിച്ചു നിര്‍ത്തുന്നില്ല. 

തൊടുപുഴയ്ക്കടുത്ത് കമ്പകക്കാനത്ത് ഒരേ കുടുംബത്തിലെ നാലു പേര്‍  കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഗൃഹനാഥന്‍ കൃഷ്ണന്റെ ആഭിചാര ക്രിയകളിലേക്കാണ് നാട്ടുകാര്‍ വിരല്‍ ചൂണ്ടിയത്. ബാധ ഒഴിപ്പിക്കലും ധനാകര്‍ഷണ യന്ത്ര വില്‍പനയും പൂജകളും എല്ലാം ഉണ്ടായിരുന്നു കൃഷ്ണന്.  ആളെ എത്തിക്കാനും സഹായത്തിനുമായി കുറേ ഏജന്റുമാരും ഉണ്ടായിരുന്നു. സഹായികളുടെ കൂട്ടത്തിലെ അടിമാലി സ്വദേശി അനീഷാണ് കൂട്ടുകാരന്‍ ലിബീഷിനെ ഒപ്പം കൂട്ടി കൂട്ടക്കൊല ചെയ്തത്. കൃഷ്ണനെ കൊന്നാല്‍ അത്യുഗ്രമായ മാന്ത്രിക ശക്തികള്‍ കൈവരുമെന്ന വിശ്വാസമാണ് അനീഷിനെ കൊടുംക്രൂരതക്ക്‌പ്രേരിപ്പിച്ചത്. 

നന്തന്‍കോട് അച്ഛനേയും അമ്മയേയും സഹോദരിയേയും ബന്ധുവനേയും കൊന്ന കേഡല്‍ ജിന്‍സണ്‍ രാജ പറഞ്ഞത്, മന്ത്രവാദക്രിയയെ പറ്റി. സാത്താന്‍ സേവയുടെ ഭാഗമായ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് നടത്തിയതെന്നാണ് കേഡല്‍ പറഞ്ഞത്. മറ്റുള്ളവരുടെ ജീവന്‍ കൊടുത്ത് സ്വന്തം ആത്മാവിനെ മോചിപ്പിക്കാനുള്ള  പരീക്ഷണത്തെ പറ്റി കേഡല്‍ വാചാലനായിരുന്നു.

നാദാപുരത്തെ ഷമീനയും വടശ്ശേരിക്കര ആതിരയും കരുനാഗപ്പള്ളിയിലെ ഹസീനയും തിരൂരങ്ങാടിയിലെ ഷക്കീനയും മരിച്ചത് മന്ത്രവാദ ചികിത്സക്കിടെ പരിക്കേറ്റിട്ടാണ്. പനമരത്ത് സുധക്ക് പിന്നെ മന്ത്രവാദത്തിനിടെ പരിക്ക് പറ്റിയില്ല. സംഗതി ഏറ്റില്ലെന്ന് പരാതിപ്പെട്ട സുധയെ സിദ്ധന്‍ തന്നെ കൊന്നു. 

ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവുകളോ വിശദീകരണങ്ങളോ ഇല്ല എന്നിരിക്കെ, തട്ടിപ്പെന്ന് വ്യക്തമായിരിക്കെ ആരാണ് എങ്ങനെയാണ് ഇങ്ങനെയൊക്കെ അന്ധവിശ്വാസങ്ങള്‍ക്ക് തലവെക്കുന്നത്? വിശ്വാസത്തിന്റെ മറവില്‍ അന്ധവിശ്വാസങ്ങളിലേക്കും ചൂഷണങ്ങളിലേക്കും മുതലെടുപ്പിലേക്കും എങ്ങനെയാണ് ആളുകളെത്തുന്നത്?

ഒരു വശത്ത് ചക്രവാളത്തിന് അപ്പുറമുള്ള ലോകത്തേക്ക് വിജ്ഞാനകുതുകികളായ മനുഷ്യര്‍ ചെന്നു കയറുന്നു, ഭൂമിക്ക് അപ്പുറമുള്ള ഗ്രഹങ്ങളില്‍ ഭാവിയുടെ സൂചകങ്ങളായി  പാര്‍പ്പിട സമുച്ചയ സ്വപ്നങ്ങളും പദ്ധതിച്ചര്‍ച്ചകളും നടക്കുന്നു. പുതിയ അറിവുകളുടെ സമവാക്യങ്ങളിലേറി പുതിയ കണ്ടുപിടിത്തങ്ങള്‍ വരുന്നു. അങ്ങനെ ശാസ്ത്രം പുരോഗമിച്ചു കൊണ്ടേയിരിക്കുന്നു. മറുവശത്ത് അന്ധവിശ്വാസങ്ങള്‍ പടര്‍ത്തുന്ന ഇരുട്ട് വ്യാപിക്കുന്നു. 

ശാസ്ത്രീയതയുടെ ഉറച്ച ബലം അവകാശപ്പെടുന്ന ഒന്നല്ല വിശ്വാസം. അപ്പോള്‍ പിന്നെ വിശ്വാസവും അന്ധവിശ്വാസവും തമ്മിലെ അന്തരം എങ്ങനെ നിര്‍വചിക്കും? അതിന്ദ്രീയ സാന്നിധ്യമാണ് വിശ്വാസത്തിന്റെ അടിസ്ഥാനം. അപ്പോള്‍ തന്ത്രവും മന്ത്രവും എങ്ങനെ തെറ്റാകും എന്ന ചോദ്യം കുഴപ്പിക്കുന്നതാണ്. വിശ്വാസം നല്‍കുന്ന സ്വാസ്ഥ്യവും പ്രതീക്ഷയും അന്ധവിശ്വാസം പറയുന്ന ക്രിയകള്‍ കൊണ്ടും തിരുത്തലുകള്‍ കൊണ്ടും മാറ്റുന്നത് നിന്ദയാണെന്ന കേവലയുക്തി പറയേണ്ടി വരും. രോഗചികിത്സക്ക്, ശരീരത്തിനായാലും മനസ്സിനായാലും, ആധുനിക ചികിത്സാരീതികള്‍ക്കും സൗകര്യത്തിനും കുറവില്ലാത്ത ഇന്നാട്ടില്‍ മരുന്നുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടി വരും. നിസ്സഹായവസ്ഥ മുതലെടുക്കുന്നവരെ പറപ്പിക്കാന്‍ ബോധവത്കരണത്തിനൊപ്പം ശക്തമായ നിയമവും വേണം. 

പിന്നെ ആര്‍ത്തി. അതിന് വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ ആരാധനാക്രമത്തിന്റെയോ ഒന്നും വ്യത്യാസങ്ങള്‍ ബാധകമേ അല്ല. പെട്ടെന്ന് കാശു കിട്ടും എന്നു പറഞ്ഞാല്‍ അല്ലെങ്കില്‍ ലാഭം കിട്ടുമെന്നു പറഞ്ഞാല്‍ ആദ്യം ചാടി വീഴുന്നതാണ് ശരാശരി മലയാളി. മാഞ്ചിയം,തേക്ക്, ആട് തുടങ്ങി എന്തും വെച്ചും നമുക്ക് ആളെ പറ്റിക്കാം. ചീട്ടുകളിച്ച് ലക്ഷാധിപതിയാകാമെന്ന് വിചാരിക്കും, കാണാമൂലയില്‍ അറിയാന്‍ പാടില്ലാത്ത എന്തെങ്കിലും ഒരു തൈ വെച്ചാല്‍ നാളെ കോടികള്‍ കിട്ടുമെന്ന് വിശ്വസിക്കും. ഇതിന് എന്തു ചെയ്യും? അത്യാഗ്രഹത്തിന് എന്ത് ചികിത്സ? അങ്ങനെ ചെയ്യല്ലേ, ഇങ്ങനെ ചെയ്യല്ലേ എന്നൊക്കെ പറഞ്ഞു കൊണ്ടേയിരിക്കാം. പക്ഷേ കയ്യിലെ കാശു കളയുന്നതു മാതിരിയല്ല, മറ്റുള്ളവരുടെ ജീവനെടുക്കുന്നത്. അതുകൊണ്ടാണ് കര്‍ശനമായ നിയമനടപടികള്‍ ഒരു അത്യാവശ്യം ആകുന്നത്. മന്ത്രവാദത്തിന്റെ കേമത്തരം പറഞ്ഞു നടക്കുന്നവരെ തുടക്കത്തില്‍ തന്നെ പിടികൂടണം. മന്ത്രവാദത്തിന്റെ പേരിലുള്ള ചൂഷണവും തട്ടിപ്പും കൊലപാതകവും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ സാമൂഹിക മനസ്സിനും സാമൂഹികാരോഗ്യത്തിനും ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്.  കര്‍ശനമായ നിയമങ്ങളും നിയമപരിപാലനവും തുടര്‍ച്ചയായ ബോധവത്കരണവും തുടര്‍ന്നേ മതിയാകൂ. കാരണം നമ്മള്‍ പുസ്തകങ്ങള്‍ വായിക്കുന്നു, പഠിക്കുന്നു എന്നേയുള്ളൂ. അറിവ് വെക്കുന്നില്ല, തലയില്‍ യുക്തിയും ഹൃദയത്തില്‍ വെളിച്ചവും വരുന്നില്ല. 

PREV
Read more Articles on
click me!

Recommended Stories

'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം
കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു