
അമേരിക്കയിൽ ഉള്ളവർ എന്തുകൊണ്ടാണ് തടി കൂടിയവരും ആരോഗ്യമില്ലാത്തവരും ആയി മാറുന്നത് എന്നും വിവരിക്കുകയാണ് ഒരു യുവാവ്. അമേരിക്കയിൽ നിന്നുതന്നെയുള്ള യുവാവാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഷെയർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 'trvlking' എന്നറിയപ്പെടുന്ന യുഎസ്സിൽ നിന്നുള്ള ട്രാവലറായ ആദമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. അമേരിക്കക്കാർ ഇത്ര തടിച്ചവരും ആരോഗ്യമില്ലാത്തവരുമാകാനുള്ള കാരണം ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ് ആദം ഈ വീഡിയോ തുടങ്ങുന്നത് തന്നെ.
'താൻ ഇപ്പോൾ സ്പെയിനിലാണ് ഉള്ളത് കോഫി ഷോപ്പിൽ നിന്ന് വീട്ടിലേക്ക് നടക്കുകയാണ്. നേരത്തെ ഞാൻ സൂപ്പർമാർക്കറ്റിലേക്കും നടന്നു, രാത്രി ഇനി ജിമ്മിലേക്ക് നടന്നാണ് പോവുക. യുഎസിൽ ആരും എങ്ങും നടക്കാറില്ല, പക്ഷേ ഇവിടെ യൂറോപ്പിൽ അത് നിങ്ങളുടെ ദിനചര്യയുടെ ഒരു ഭാഗം മാത്രമാണ്. അതിനാൽ യുഎസ്സിലാണെങ്കിൽ ഒരു ദിവസം 10,000 ചുവടുകൾ നടക്കാൻ നിങ്ങൾ പ്രത്യേകമായി ശ്രമിക്കണം. യൂറോപ്പിൽ അത് സ്വാഭാവികമായിത്തന്നെ സംഭവിക്കുന്നു. എന്നോട് ചോദിക്കുകയാണെങ്കിൽ, ഇതാണ് ജീവിക്കാനുള്ള ഒരു മികച്ച മാർഗം എന്ന് ഞാൻ പറയും' എന്നാണ് യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത്.
എന്നാൽ, യുഎസ്സിൽ ഇങ്ങനെ കടയിലേക്കും കഫേയിലേക്കും മറ്റും നടന്ന് പോവുക എന്നത് ഒരിക്കലും പ്രായോഗികമല്ല, കാരണം മിക്ക നഗരങ്ങളും നടക്കാനുള്ള സൗകര്യത്തിനല്ല ഉള്ളത്. മറിച്ച് കാറുകൾക്കായി തയ്യാറാക്കിയതാണ് എന്നും ആദം വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. എന്നാൽ, പല സ്ഥലങ്ങളിലും ആളുകൾക്ക് തങ്ങളുടെ കാര്യങ്ങൾക്കെല്ലാം നടന്നുപോകാനുള്ള സൗകര്യമുണ്ട്. യുഎസ്സിൽ അതില്ല, അവർ നടക്കാറില്ല. അതിനാലാണ് ആരോഗ്യപ്രശ്നങ്ങൾ എന്നാണ് യുവാവിന്റെ പക്ഷം.
ഒരുപാടുപേർ യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. 'യുഎസ്സിൽ നിങ്ങൾ നടക്കുന്നത് കണ്ടാൽ ആളുകൾ വിചിത്രമായതെന്തോ കണ്ടതുപോലെ നോക്കും' എന്നാണ് ഒരാളുടെ കമന്റ്. ആദം പറഞ്ഞത് ശരിയാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.