മോട്ടൽ മുറിയിൽ നിന്നും നിലവിളി, പൊലീസ് കണ്ടെത്തിയത് ഏഴുവർഷം മുമ്പ് കാണാതായ യുവതിയെ

By Web TeamFirst Published Mar 4, 2024, 1:05 PM IST
Highlights

പൊലീസുകാർ മോട്ടലിന്റെ അടുത്തെത്തിയപ്പോൾ വല്ലാത്ത ഒരു കരച്ചിൽ കേൾക്കുകയായിരുന്നു. ഒരുതരം നിലവിളി പോലെയായിരുന്നു അത്. അത് പിന്തുടർന്നാണ് പൊലീസിന് അവിടെ എത്തിച്ചേരാൻ സാധിച്ചത്.

ഏഴ് വർഷം മുമ്പ് കാണാതായ യുവതിയെ ഒടുവിൽ കണ്ടെത്തിയത് ഒരു മോട്ടൽ മുറിയിൽ നിന്നും. യുവതിയുടെ കരച്ചിലാണ് പൊലീസുകാരെ യുവതിയെ കണ്ടെത്താൻ സഹായിച്ചത്. മിഷിഗണിലെ ഇങ്ക്‌സ്റ്ററിലെ മോട്ടലിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മനുഷ്യക്കടത്തിന്റെ ഭാ​ഗമായിട്ടാണ് യുവതിയെ കാണാതായത് എന്നാണ് റിപ്പോർട്ടുകൾ. യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്ത് വിട്ടിട്ടില്ല. 

പൊലീസെത്തുന്നതിന് മുമ്പ് യുവതി തന്നെയാണ് തന്റെ സ്റ്റെപ്പ് പാരന്റ്സിനെ വിളിച്ച് തന്നെ തന്റെ ഇഷ്ടത്തിന് എതിരായി ഒരു മോട്ടലിൽ അടച്ചിട്ടിരിക്കുകയാണ് എന്ന് അറിയിച്ചത്. ഡെട്രോയിറ്റിലെ തിരക്കേറിയ മെട്രോപോളിസിൽ നിന്ന് ഏകദേശം 32 കിലോമീറ്ററും സംസ്ഥാന തലസ്ഥാനമായ ലാൻസിംഗിൽ നിന്ന് 135 കിലോമീറ്ററും അകലെയായിട്ടാണ് ഇങ്ക്‌സ്റ്റർ. ഏകദേശം 25,700 പേർ മാത്രമാണ് ഇവിടെ താമസക്കാരായിട്ടുള്ളത്. 2017 -ൽ കാണാതായ യുവതിയെ എവർ​ഗ്രീൻ മോട്ടലിൽ വച്ച് കണ്ടെത്തി എന്ന വിവരം പൊലീസ് തന്നെയാണ് പുറത്ത് വിട്ടത്. 

പൊലീസുകാർ മോട്ടലിന്റെ അടുത്തെത്തിയപ്പോൾ വല്ലാത്ത ഒരു കരച്ചിൽ കേൾക്കുകയായിരുന്നു. ഒരുതരം നിലവിളി പോലെയായിരുന്നു അത്. അത് പിന്തുടർന്നാണ് പൊലീസിന് അവിടെ എത്തിച്ചേരാൻ സാധിച്ചത് എന്ന് മിഷി​ഗൺ സ്റ്റേറ്റ് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു. വാതിൽ തകർത്ത് പൊലീസ് അകത്ത് കടക്കുകയായിരുന്നു. ആ സമയത്ത് യുവതി മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. എന്നാൽ, മയക്കുമരുന്നും തോക്കും അകത്തുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. 

യുവതിയെ ഉടനടി തന്നെ അവിടെ നിന്നും മോചിപ്പിച്ചു. കൗൺസിലിം​ഗിന് വേണ്ടി ആശുപത്രിയിൽ എത്തിച്ചു. അധികം വൈകാതെ കുടുംബവുമായി അവർ ഒന്നുചേർന്നു. എന്നാൽ, എങ്ങനെയാണ് യുവതിയെ കാണാതായത് എന്നോ, എങ്ങനെ ഈ മോട്ടലിൽ എത്തിച്ചേർന്നെന്നോ ഒന്നുമുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!