Latest Videos

ആദ്യം രണ്ടാനച്ഛൻ, പിന്നീട് ഭർത്താവും നാല് കുട്ടികളുടെ അച്ഛനുമായി, വർഷങ്ങൾ നീണ്ട കൊടുംപീഡനം, ഒടുവിൽ കൊലപാതകം

By Web TeamFirst Published Jun 22, 2021, 11:20 AM IST
Highlights

ആസൂത്രിതമായ കൊല എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍, തന്‍റെയും മക്കളുടെയും ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള ചെറുത്തുനില്‍പ്പില്‍ നടന്ന കൊലപാതകമാണതെന്ന് വലേറിയുടെ വക്കീല്‍ വാദിച്ചു. 

ഫ്രാന്‍സില്‍ ഭര്‍ത്താവിനെ വെടിവച്ചു കൊന്ന കുറ്റത്തില്‍ ഒരു യുവതി വിചാരണ നേരിടുകയാണ്. വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കേസാണ് വലേറി ബാക്കോട്ട് എന്ന യുവതിയുടേത്. വെറും പന്ത്രണ്ട് വയസുള്ളപ്പോഴാണ് അവള്‍ ആദ്യമായി ഡാനിയേല്‍ പോളറ്റിനാല്‍ പീഡിപ്പിക്കപ്പെടുന്നത്. അന്ന് അവളുടെ രണ്ടാനച്ഛനായിരുന്നു അയാള്‍. അയാള്‍ പിന്നീട് ജയിലിലായി. എന്നാല്‍ അവിടെ നിന്നും ഇറങ്ങിയ ശേഷം അയാള്‍ പീന്നീടും അവളെ ചൂഷണം ചെയ്യുന്നത് തുടര്‍ന്നു. പിന്നീട് താന്‍ അയാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു എന്നും വലേറി പറയുന്നു. 

ശേഷം അവള്‍ നാല് കുട്ടികളെ പ്രസവിച്ചു. 2016 -ൽ വലേറി അയാളെ കൊല്ലുകയും രണ്ട് മക്കളുടെ സഹായത്തോടെ മൃതദേഹം നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍, 2017 -ല്‍ അവള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ശേഷം അവള്‍ താന്‍ അയാളെ കൊന്നുവെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, അവളെ വെറുതെ വിടണം എന്നാവശ്യപ്പെട്ടുകൊണ്ട് 600,000 -ലധികം പേര്‍ ഒപ്പുവച്ച ഒരു നിവേദനം സമര്‍പ്പിക്കപ്പെടുകയുണ്ടായി. തന്നെ ലൈംഗികത്തൊഴിലാളിയാകാൻ നിര്‍ബന്ധിച്ചതുകൊണ്ടാണ് അയാളെ കൊന്നത് എന്നും വലേറി പറയുകയുണ്ടായി. 

വലേറിയുടെ വിചാരണ ഫ്രാന്‍സിലാകെ കോളിളക്കം ഉണ്ടാക്കിയ ഒന്നായിരുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് ഇത് വഴിവച്ചു. വലേറിയുടെ കേസിനെ ജാക്വലീന സാവേജ് എന്ന ഫ്രഞ്ച് യുവതിയുടെ കേസുമായും പലരും താരതമ്യപ്പെടുത്തി. നിരന്തരം ഉപദ്രവിക്കുമായിരുന്ന ഭര്‍ത്താവിനെ കൊന്ന കുറ്റത്തിനാണ് ജാക്വലീന അറസ്റ്റ് ചെയ്യപ്പെട്ടത്. പിന്നീട് പ്രസിഡണ്ടിന്‍റെ ദയവിന്മേല്‍ അവള്‍ മോചിപ്പിക്കപ്പെട്ടു. 

നീണ്ട 25 വര്‍ഷമാണ് വലേറി കൊടും പീഡനങ്ങള്‍ അനുഭവിച്ചത്. തന്‍റെ അതേ അവസ്ഥ മക്കള്‍ക്കും വരുമോ, അയാളുടെ അടുത്ത ഇര മക്കളാകുമോ എന്ന ഭയത്താലാണ് വലേറി കൊലപാതകം നടത്തിയത് എന്ന് അവളുടെ വക്കീല്‍ പറഞ്ഞു. നാല്‍പതുകാരിയായ വലേറിയുടെ ജീവിതം പറയുന്ന ഒരു പുസ്തകം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. അതില്‍ 'എപ്പോഴും തനിക്ക് ഭയം മാത്രമായിരുന്നു. ആ ഭയത്തിന് ഒരറുതി വരുത്താനായിട്ടാണ് താനാ കൊലപാതകം ചെയ്തത്' എന്ന് വലേറി എഴുതിയിരുന്നു. 

വലേറിയേക്കാള്‍ 25 വയസിന് മൂത്തതായിരുന്നു ഡാനിയേല്‍. 12 -ാം വയസ് തൊട്ട് അയാളവളെ പീഡിപ്പിക്കുന്നുണ്ട്. പിന്നീട് ജയിലിലായി തിരിച്ചിറങ്ങി വന്ന ശേഷവും പീഡനം തുടര്‍ന്നു. അങ്ങനെയാണ് പതിനേഴാമത്തെ വയസില്‍ അവള്‍ ഗര്‍ഭിണിയാവുന്നത്. പിന്നീട് അയാളവളെ വിവാഹം കഴിച്ചു. പീഡനം തുടര്‍ന്നു. ഒടുവില്‍ അവളെ ലൈംഗികത്തൊഴിലിലേക്കിറങ്ങാന്‍ നിര്‍ബന്ധിച്ചു. അയാളുടെ തന്നെ പിസ്റ്റള്‍ കൊണ്ടാണ് താനയാളെ കൊന്നത് എന്നും വലേറി പറഞ്ഞു.

ആസൂത്രിതമായ കൊല എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍, തന്‍റെയും മക്കളുടെയും ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള ചെറുത്തുനില്‍പ്പില്‍ നടന്ന കൊലപാതകമാണതെന്ന് വലേറിയുടെ വക്കീല്‍ വാദിച്ചു. 'ഈ സ്ത്രീകളെല്ലാം അതിക്രമങ്ങളുടെ ഇരകളാണ്. അവര്‍ക്ക് യാതൊരുവിധത്തിലുള്ള സുരക്ഷയും കിട്ടുന്നില്ല. നിയമവ്യവസ്ഥ ഇപ്പോഴും നീങ്ങുന്നത് വളരെ പതിയെയാണ്. പീഡകര്‍ക്ക് നേരെ വേഗത്തില്‍ നടപടിയെടുക്കാന്‍‌ അതിപ്പോഴും തയ്യാറാവുന്നില്ല. അതിനാലാണ് ഈ പാവം സ്ത്രീകള്‍ക്ക് കൊലപാതകങ്ങളിലേക്ക് തിരിയേണ്ടി വരുന്നത്. എങ്കില്‍ മാത്രമേ അവര്‍ക്ക് ജീവിക്കാനാവൂ' എന്ന് അഭിഭാഷകയായ ജാനി ബോണാഗ്വിന്‍റെ എഎഫ്പിയോട് പറഞ്ഞു. 

വലേറിയുടെ വിചാരണ ഒരാഴ്ചയെങ്കിലും തുടരാം എന്നാണ് കരുതുന്നത്. ഫ്രാൻസ് വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിധിപ്രസ്താവം ആണ് വലേറിയുടേത്. അവളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരുപാട് പേർ മുന്നോട്ട് വരുന്നുണ്ട്. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!