പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ആ 'പ്രേത നഗരം' ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നു...

By Web TeamFirst Published Aug 25, 2020, 12:30 PM IST
Highlights

ശേഷം, അവഗണിക്കപ്പെട്ടപോലെ കിടന്ന വരോഷ അക്ഷരാര്‍ത്ഥത്തില്‍ പ്രേതനഗരമായിത്തീര്‍ന്നു. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും ഹോട്ടലുകളും മറ്റുമായിരുന്നു അതിലെങ്ങും. 

ഒരിക്കല്‍ വിനോദസഞ്ചാരികളെയെല്ലാം ആകര്‍ഷിച്ച അതിമനോഹരമായ നഗരമായിരുന്നു സൈപ്രസ്സിലെ വരോഷ. എപ്പോഴും പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി അത് ലോകമെമ്പാടുമുള്ള യാത്രക്കാരെ ആകര്‍ഷിച്ചു നിന്നു. എന്നാല്‍, ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അത് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്ലാതെ അടക്കപ്പെട്ടു. ജനങ്ങള്‍ക്ക് പ്രവേശനം വിലക്കപ്പെട്ടതോടെ അക്ഷരാര്‍ത്ഥത്തില്‍ അതൊരു പ്രേതനഗരമായി മാറുകയായിരുന്നു. 

തുര്‍ക്കി സൈന്യത്തിന്‍റെ അധിനിവേശത്തെ തുടര്‍ന്നുണ്ടായ മാറ്റങ്ങള്‍ക്ക് പിന്നാലെയാണ് വരോഷയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുന്നത്. 1974 -ൽ മെഡിറ്ററേനിയൻ ദ്വീപായ സൈപ്രസ് രണ്ടായി വിഭജിക്കപ്പെട്ടു. ഗ്രീക്ക് ഗവൺമെന്‍റിന്‍റെ പിന്തുണയോടെയുള്ള തെക്കന്‍ ഭാഗവും തുര്‍ക്കിയുടെ അധീനതയില്‍ വടക്കന്‍ ഭാഗവും. എന്നാല്‍, തെക്കിലും വടക്കിലും പെടാതെയെന്നോണം ഉപേക്ഷിക്കപ്പെട്ടപോലെ കിടന്നു ഫാമഗുസ്‍ത ജില്ലയിലെ വരോഷ. മാത്രവുമല്ല, അവിടെ താമസിച്ചിരുന്നവരോട് ഒഴിഞ്ഞുപോകാന്‍ തുര്‍ക്കി സൈന്യം ആവശ്യപ്പെടുകയും ചെയ്‍തു. 

ശേഷം, അവഗണിക്കപ്പെട്ടപോലെ കിടന്ന വരോഷ അക്ഷരാര്‍ത്ഥത്തില്‍ പ്രേതനഗരമായിത്തീര്‍ന്നു. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും ഹോട്ടലുകളും മറ്റുമായിരുന്നു അതിലെങ്ങും. അതിന് മുമ്പ് ഇവിടുത്തെ റിസോര്‍ട്ടുകള്‍ ഒരുപാട് കാലം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്‍തിരുന്നവയായിരുന്നു. ലോകത്തിന്‍റെ പല ഭാഗത്തുനിന്നും വിനോദസഞ്ചാരികള്‍ ഇവിടെയെത്തി. എപ്പോഴും തിരക്കുള്ള നഗരമായിരുന്നു വരോഷ. 25,000 പേര്‍ നേരത്തെ ഇവിടെ താമസിച്ചിരുന്നുവെന്നാണ് കണക്കാക്കുന്നത്. വിനോദസഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കുമായി 12,000 ഹോട്ടല്‍ മുറികളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 

എന്നാലിപ്പോള്‍ വീണ്ടും ടര്‍ക്കിഷ് റിപ്പബ്ലിക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ് പ്രധാനമന്ത്രി എര്‍സിന്‍ ടടാര്‍, ഈ നഗരം വീണ്ടും തുറക്കാനുള്ള ആലോചനയുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. വരോഷ വീണ്ടും തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി ടടാര്‍ പറഞ്ഞതായി ടര്‍ക്കിഷ് സ്റ്റേറ്റ് ബ്രോഡ്‍കാസ്റ്ററായ ടിആര്‍ടി റിപ്പോര്‍ട്ട് ചെയ്‍തു. പ്രദേശം തങ്ങളുടെ അധീനതയില്‍ തന്നെയാണെന്നും ആര്‍ക്കും അത് തങ്ങളില്‍ നിന്നും കയ്യേറാനാവില്ലെന്നും വരോഷ തുറക്കുന്നതടക്കം പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ ലോകത്താകെ ജനങ്ങളെ ആകര്‍ഷിച്ചിരുന്ന വരോഷ വീണ്ടും ഒരു തിരക്കുള്ള വിനോദസഞ്ചാരകേന്ദ്രമായി മാറിയേക്കും. 

click me!