മൃഗങ്ങളുമായി അടുത്തിടപഴകേണ്ടി വരുന്ന സന്ദർഭങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...

By Web TeamFirst Published Apr 25, 2020, 5:07 PM IST
Highlights

മൃഗങ്ങളുമായി അടുത്തിടപഴകേണ്ടി വരുന്ന പല സന്ദർഭങ്ങളും ഉണ്ടായേക്കാം. വീട്ടിലോ പുറത്തോ (മൃഗശാലകൾ, പാർക്കുകൾ, ഫാമുകൾ) അങ്ങനെ പല സ്ഥലത്തും. അപ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.
 

ഏപ്രില്‍ 25: വേൾഡ് വെറ്റിനറി ദിനം.  മൃഗങ്ങളുമായി അടുത്തിടപഴകേണ്ടി വരുന്ന സന്ദർഭങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...  ഡോ. ശോഭ സതീഷ് എഴുതുന്നു.

 

1928 -ൽ സർ അലക്‌സാണ്ടർ ഫ്ലെമിങ് യാദൃശ്ചികമായി പെൻസിലിൻ കണ്ടെത്തിയത് മുതൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തിന്
ആന്റിബയോട്ടിക്കുകൾ വഹിച്ച പങ്ക് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, ഭക്ഷ്യ ശൃംഖലയിൽ മരുന്നുകളുടെ വഴിവിട്ട ഉപയോഗം അനുഗ്രഹത്തെക്കാൾ വിനാശത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്നാൽ ബാക്ടീരിയ, വൈറസ്, ഫങ്കസ് തുടങ്ങിയ സൂക്ഷ്മാണുക്കൾ മരുന്നുകളോട് പ്രതികരിക്കാതെ രൂപാന്തരം പ്രാപിച്ചു "സൂപ്പർ ബഗ്‌സ്" ആയി മാറി കൂടുതൽ സങ്കീർണമായി  അസുഖങ്ങൾ ഉണ്ടാക്കുകയും വലിയ രീതിയിലുള്ള രോഗവ്യാപനത്തിന് ഇടയാക്കുകയും ചെയ്യുന്നു. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന വിശാലമായ പദത്തിന്റെ ഉപശീര്‍ഷകമാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്. ICMR-Indian council of Medical Research -ന്റെ ഡാറ്റ  അനുസരിച്ചു സാൽമൊണേല്ല, ഇ കോളി, യേർസിനിയ തുടങ്ങി എഴുപതുശതമാനത്തിലധികം വരുന്ന enterobacteriacea കുടുംബത്തിലെ ബാക്റ്റീരിയകളും മൂന്നാം തലമുറയിലെ cephalosporins എന്ന ആന്റിബിയോട്ടിക്കിനെതിരെ പ്രതിരോധശേഷി നേടി കഴിഞ്ഞു.
 
ലോകാരോഗ്യ സംഘടനയുടെ ആഗോള AMR പദ്ധതി അനുസരിച്ച് ഇന്ത്യാ ഗവണ്മന്റ് ഏപ്രിൽ 2017 -ൽ ഒരു ദേശീയ കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആശയവിനിമയത്തിലൂടെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, വിദ്യാഭ്യാസവും പരിശീലനവും, നിരീക്ഷണം ശക്തിപ്പെടുത്തിയും (surveillance ) AMR പദ്ധതികളിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തിയും വ്യക്തമായ മാർഗങ്ങളിലൂടെ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിന്റെ സാദ്ധ്യതകൾ കുറയ്ക്കുക എന്നിവയൊക്കെയാണ് കര്‍മ്മപദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ. ഒക്ടോബർ 2018 -ൽ നിലവിൽ വന്ന കേരളത്തിന്റെ ആന്റിമൈക്രോബിയൽ കർമപദ്ധതി (KARSAP) “one health” ആശയത്തിലേക്കുള്ള ഒരു സുപ്രധാന കാൽവെപ്പാണ്. ലോക ചരിത്രത്തിൽ ഭീതിവിതച്ചതും സാധാരണയായി കാണുന്നതുമായ ജന്തുജന്യ രോഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
 
ഇൻഫ്ലുൻസ (Flu)

ഇൻഫ്ലുൻസ വൈറസുകൾ പടരുന്നത് പ്രവചനങ്ങൾക്കതീതമായാണ്. 1918 -ൽ ഇൻഫ്ലുൻസ പടർന്നു പിടിച്ച് ഏകദേശം അമ്പതു ലക്ഷത്തോളം ആളുകളുടെ മരണത്തിനു കാരണമായി.1918 -നു ശേഷം മൂന്നു ഇൻഫ്ലുൻസ പാൻഡെമിക്കുകൾ ലോകത്തുണ്ടായിട്ടുണ്ട്. 2014 -ലാണ് പക്ഷിപ്പനി (Avian Flu) കേരളത്തിൽ സ്ഥിതീകരിക്കുന്നത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിൽ ഇതു H5N1 വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

ഏകദേശം പതിനേഴായിരത്തോളം താറാവുകളുടെ മരണത്തിനിടയാക്കിയ ഈ പകർച്ച വ്യാധി മുട്ട, മാംസ വിപണിയെ സാരമായി ബാധിച്ചിരുന്നു. പക്ഷികളിൽ നിന്നാണ് ആദ്യം ഈ വൈറസ് വന്നതെങ്കിൽ പിന്നീട് 2009 -ൽ പന്നികളിൽ നിന്നാണ് പകർന്നത്. പക്ഷിപ്പനി ലോകത്തിൽ മൂന്നിലൊന്നു ജനതയെ വളരെ സാരമായി ബാധിച്ചിരുന്നു. പ്രായമായവരെക്കാൾ യുവതലമുറയെ ആണ് കൂടുതൽ മാരകമായി ബാധിച്ചതും. ഫാമുകൾ മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പക്ഷി മൃഗാദികളോട് വൃത്തിഹീനമായി ഇടപെടുന്നതു മൂലം വൈറസുകൾ പലതും കൈമാറ്റം ചെയ്യുകയും അവയ്ക്കു ജനിതക മാറ്റം വന്ന് വളരെ മാരകമായ അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. പക്ഷിപ്പനി അഥവാ avian influenza സാധാരണയായി മനുഷ്യനെ ബാധിക്കാറില്ലെങ്കിലും പക്ഷികളുടെ സ്രവങ്ങളിലൂടെ വൈറസ് മനുഷ്യരിൽ എത്തിയാൽ ജനിതക മാറ്റം വഴി മനുഷ്യനെ ബാധിക്കുന്ന മാരകമായ H1N1 പക്ഷിപ്പനി ആകാൻ സാധ്യതയുണ്ട്. അതിനാൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പൊതുജനാരോഗ്യം കണക്കിലെടുത്തു വേണ്ട പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത്അ ത്യാവശ്യമാണ് .

പ്ലേഗ്

ചരിത്രത്തിൽ ബ്ലാക്ക് ഡെത്ത് അഥവാ കറുത്ത മരണം എന്നറിയപ്പെടുന്ന പ്ലേഗ് വിതച്ചത് ചെറിയ നാശമൊന്നുമല്ല എന്ന് മാത്രമല്ല ശാസ്ത്രത്തിന്റെ ഓർമകളിൽ അതൊരു പേടിസ്വപ്നമായി നിലനില്‍ക്കുകയും ചെയ്യുന്നു. ഇതു Yersinia pestis എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. എന്നാൽ, എലികളിൽ കാണുന്ന ഒരുതരം ചെള്ളുകളിലൂടെയാണ്‌ (fleas) ഇതു പകർന്നത്. ഏകദേശം എഴുപത്തഞ്ചു ലക്ഷത്തോളം ആളുകൾ മരണപെട്ടു.
 
കൊറോണ

മൃഗങ്ങളിൽ ഉദര സംബന്ധിയായ രോഗങ്ങളും മനുഷ്യരിൽ ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്ന ഈ "കിരീടം" വെച്ച വൈറസ് മനുഷ്യന് പേടിസ്വപ്നമാകുന്നത് MERS, SARS തുടങ്ങിയ പകർച്ച വ്യാധികളായി പ്രത്യക്ഷപ്പെട്ടപ്പോഴാണ്. MERS (Middle East Respiratory Syndrome) മനുഷ്യരിലേക്ക് പകർന്നത് ഒട്ടകങ്ങളിൽ നിന്നാണെങ്കിൽ SARS (Severe Acute Respiratory Syndrome) പടർന്നത് വെരുകുകളിൽ നിന്നാണ്. ഏറ്റവും അവസാനമായി ഇപ്പോൾ മഹാമാരിയായി പടർന്നു പിടിക്കുന്ന നോവൽ കൊറോണ വൈറസിന്റെ ഉദ്‌ഭവത്തെ കുറിച്ച് പല പഠനങ്ങളും തുടരുന്നതിനിടയിലും ചൈന വന്യമൃഗങ്ങളെ ഭക്ഷണമാക്കുന്നതു നിയമം മൂലം നിരോധിച്ചിരിക്കുന്നു. നോവൽ കൊറോണ വൈറസിനോട് സാമ്യമുള്ള ജനിതക ഘടന കണ്ടെത്തിയത് വംശനാശ ഭീഷണി നേരിടുന്ന ഈനാംപേച്ചികളിലാണ് (pangolins). മാംസത്തിനും, വൈദ്യശാസ്ത്രത്തിലെ ഉപയോഗത്തിനും  ചൈന ഈനാംപേച്ചികളെ അനധികൃതമായി കടത്തി ഉപയോഗിക്കുന്നു. Centre for disease control and
Prevention (CDC) എന്ന സംഘടന ലോകാരോഗ്യസംഘടനയുമായി പ്രവർത്തിച്ചുകൊണ്ടു സ്ഥിതി ഗതികൾ വിലയിരുത്തുന്നു.

നിപ

2019 മെയിലാണ് കേരളത്തിൽ ആദ്യമായി നിപ സ്ഥീതികരിച്ചത്. നിപ വൈറസ് രോഗം പുതുതായി ഉയർന്നു വരുന്ന (Emerging zoonotic diseases) ജന്തു ജന്യരോഗങ്ങളിൽ പെട്ടതാണ്. നിപ പകരുന്നത് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും, ഈ രോഗം ബാധിച്ചവയുടെ ശരീര സ്രവങ്ങളാൽ മലിനപ്പെട്ട ഭക്ഷണം കഴിക്കുന്നതിലൂടെയും ആകാം. ചെറിയ ശ്വാസകോശ രോഗം മുതൽ അതിതീവ്രമായ മസ്തിഷ്‌ക ജ്വരത്തിനു വരെ ഈ രോഗം കാരണമാകാം. രോഗം ബാധിച്ചവയ്ക്ക്, പനി, തലവേദന, പേശികളിൽ വേദന, ഛര്‍ദ്ദി, തൊണ്ട വേദന, നാഡി രോഗങ്ങൾ എന്നിവ ഉണ്ടാക്കാം. പഴം തീനി വവ്വാലുകളാണ് നിപ വൈറസിന്റെ സ്വാഭാവിക വാഹകരായി വർത്തിക്കുന്നത്. വവ്വാലുകളിൽ നിന്ന് നേരിട്ടോ, പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് രോഗം പകരാവുന്നതാണ്. ഇതിനു കൃത്യമായ ചികിത്സയോ പ്രതിരോധ വാക്‌സിനോ ലഭ്യമല്ല. രോഗിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആവശ്യമായ സഹായ പരിചരണങ്ങൾ (supportive care) മാത്രമേ നൽകാനാവൂ.
 
എബോള (Ebola)

ഈ വൈറസ് രോഗം പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചിമ്പാൻസികളിലും ഗൊറില്ലകളിലും സാധാരണയായി കാണുന്ന ഈ രോഗം വവ്വാലുകൾ മൂലവും രോഗം ബാധിച്ചവയുടെ ശരീര സ്രവങ്ങളിലൂടെയും മനുഷ്യരിലേക്ക് എത്തിയിരിക്കാം. അടുത്തിടപഴകുന്നതിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടർന്നു  മഹാമാരിയാകാവുന്നതാണ്. ഉയർന്ന പനി, തളർച്ച, മാംസപേശികളിൽ വേദന, തലവേദന, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചു കിഡ്‌നിയെയും കരളിനെയും തകരാറിലാക്കാം. ചിലപ്പോൾ രക്തസ്രാവവും ഉണ്ടാകാം.
 
കുരങ്ങുപനി (Kyasanur Forest Disease)

കുരങ്ങുകളിൽ നിന്നും പകരുന്ന ഈ വൈറസ് രോഗം ഫ്‌ളാവി (flavi) വൈറസ് ആണ് ഉണ്ടാക്കുന്നത്. കുരങ്ങുകളിൽ കാണുന്ന ഉണ്ണികൾ (ticks) ആണ് ഇവ പടർത്തുന്നത്. 2015 -ൽ വയനാട് നിന്നുമാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ക്രമേണ എണ്ണം വർദ്ധിച്ചു പല പഞ്ചായത്തുകളിലേക്കും ഇവ പകരുകയുണ്ടായി. ആരോഗ്യ -മൃഗസംരക്ഷണ-പരിസ്ഥിതി- വകുപ്പുകളുടെ സംയോജിതമായ ഇടപെടലുകളിലൂടെ സമയബന്ധിതമായി ഈ രോഗം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു
 
ലൈം രോഗം (Lyme disease)

ബൊറീലിയ ബർഗ്‌ടോഫെറി (Borrelia burgdoferi) എന്ന സൂക്ഷ്മാണു പരത്തുന്ന ഈ രോഗം മാനുകളിൽ കാണുന്ന ഒരുതരം ചെള്ളുകളുടെ കടിയേറ്റാണ് പടരുന്നത്. പനി ചർമത്തിലെ തിണർപ്പു, മെനിഞ്ചൈറ്റിസ്, തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചു മരണം സംഭവിക്കും. കേരളത്തിൽ ഇതേ ലക്ഷണങ്ങൾ കാണിച്ചു മരണപ്പെട്ട തോട്ടം തൊഴിലാളിയുടെ കേസിനെ കുറിച്ച് വിശദമായ പഠനം നടത്തിയാണ് ആരോഗ്യ വകുപ്പും, മൃഗസംരക്ഷണ വകുപ്പും ലൈം രോഗമാകാം എന്ന നിഗമനത്തിലെത്തിയത്.
 
പേവിഷബാധ

വികസിത രാജ്യങ്ങളെ അപേക്ഷിച്ചു വികസ്വര രാജ്യങ്ങളിൽ പേവിഷബാധ അഥവാ റാബീസ് ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. ഏഷ്യൻ ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ കുറഞ്ഞത് അമ്പതിനായിരം പേരെങ്കിലും എല്ലാ കൊല്ലവും പേവിഷബാധ മൂലം മരണപെടുന്നുണ്ട്. റാബീസ് പകരുന്നത് കൂടുതലും പേവിഷബാധയേറ്റ മൃഗങ്ങളുടെ കടിയേറ്റാണ്. പ്രതിരോധ വാക്‌സിൻ അല്ലാതെ അസുഖം ബാധിച്ചാൽ ഫലപ്രദമായ ചികിത്സാ ഇതുവരെ കണ്ടെത്താൻ ശാസ്ത്ര ലോകത്തിനായിട്ടില്ല എന്നത് രോഗത്തിന്റെ ഭീകരതയെ തുറന്നു കാട്ടുന്നു. റാബീസ് രോഗം Rhabdo വൈറസ് കുടുംബത്തിലെ ലിസ വൈറസ് മൂലമാണ് ഉണ്ടാകുന്നത്.
 
ഹാന്റാ വൈറസ് (Hanta Virus)

ഹാന്റാ വൈറസ് ഉണ്ടാക്കുന്ന രോഗം അമേരിക്കൻ നാടുകളിൽ ന്യൂ വേൾഡ് ഹാന്റാ വൈറസ് എന്നാണ് അറിയപ്പെടുന്നത്. അവ കൂടുതലും HPS അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന hanta virus pulmonary syndrome ആണ് ഉണ്ടാക്കുന്നത്. എന്നാൽ യൂറോപ്പിലും ഏഷ്യയിലും അത് HFRS അഥവാ haemorrhagic fever with renal syndrome അഥവാ കിഡ്‌നിയെ ബാധിക്കുന്ന രോഗമായാണ്‌ അറിയപ്പെടുന്നത്. ഇതു വരെയുള്ള പഠനങ്ങൾ പ്രകാരം എലികൾ സ്വാഭാവിക വാഹകരായിട്ടുള്ള ഹാന്റാ വൈറസുകൾക്കു മാത്രമാണ് മനുഷ്യരിൽ രോഗം ഉണ്ടാക്കാൻ ശേഷിയുള്ളത്.
 
എച്ച് ഐ വി/ എയ്ഡ്സ്

ഒരുപക്ഷെ മനുഷ്യനെ പേടിപ്പിച്ചിരിക്കുന്ന വൈറസുകളിൽ ഇന്നും മുൻപന്തിയിൽ നിൽക്കുന്നതാണ് HIV അഥവാ എയിഡ്‌സ്. ചിമ്പാൻസികളിൽ കാണുന്ന സിമിയൻ ഇമ്മ്യൂണോ deficiency വൈറസ് രോഗം ബാധിച്ച ചിമ്പാൻസിയുടെ രക്തത്തിൽ നിന്നും മനുഷ്യരിലേക്കെത്തി രൂപമാറ്റം സംഭവിച്ച് ഹ്യുമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസായി മനുഷ്യരെ ബാധിച്ചു തുടങ്ങിയെന്നാണ് CDC യുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. മനുഷ്യന്റെ പ്രതിരോധ ശേഷിയെ പൂർണമായി നശിപ്പിച്ച് മറ്റു മാരകമായ രോഗങ്ങൾക്ക് വഴി തുറന്നു കൊടുക്കുകയാണ് ഈ വൈറസുകൾ ചെയ്യുന്നത്.
 
ടോക്സോപ്ലാസ്മോസിസ് (Toxoplasmosis)

പൂച്ചകളിൽ നിന്നാണ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. മസ്തിഷ്കത്തെ ബാധിച്ചു schizophrenia എന്ന അവസ്ഥയിലേക്ക് എത്തിക്കാം. പൂച്ചകളിൽ കാണുന്ന ഈ സൂക്ഷ്മാണു (Toxoplasma gondi ) മനുഷ്യന്റെ മസ്തിഷ്കത്തിലെത്തി tachyzoite രൂപത്തിലായി വ്യാപകമായി പെറ്റു പെരുകി അസുഖമുണ്ടാക്കും. ടോക്സോപ്ലാസ്മോസിസ് മനുഷ്യരിൽ തലവേദന, പേശിവേദന, തലകറക്കം തുടങ്ങി കണ്ണിനെയും, ശ്വാസകോശത്തെയും, തലച്ചോറിനെവരെയും ബാധിക്കാം. പ്രതിരോധ ശേഷി കുറഞ്ഞവരിലും, ഗർഭിണികളിലും വളരെ
അപകടകാരിയാകാം.
 
സിസ്റ്റീസെർക്കോസിസ് (Cystiercosis)

Taenia solium എന്ന നാട  വിരയുടെ മുട്ടകൾ മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയൊ  മനുഷ്യശരീരത്തിനുള്ളിൽ പ്രവേശിച്ചു
സിസ്റ്റിസിർക്കോസിസ് എന്ന അസുഖം ഉണ്ടാക്കുന്നു. വൃത്തിയായി പാകം ചെയ്യാത്ത മാംസം ഭക്ഷിക്കുന്നതിലൂടെ ഇവ ശരീരത്തിനുള്ളിൽ എത്തി കുടലിനുള്ളിൽ പ്രവേശിച്ചു വിരകളാകുന്നു. ഇത് തലച്ചോറിലെത്തി സിസ്റ്റുകളായി രൂപാന്തരം പ്രാപിക്കുമ്പോഴാണ് വളരെ മാരകമായ
ന്യൂറോസിസ്റ്റിസിർക്കോസിസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. ഈ സിസ്ററ് കാരണം വിട്ടു മാറാത്ത  തലവേദന, ജെന്നി, തലച്ചോറിൽ നീര്
എന്നിവക്കൊക്കെ കാരണമായി കാലക്രമേണ സ്ട്രോക്ക് വന്നു മരണം വരെ സംഭവിക്കാം .
 
ജന്തുജന്യ രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം?
 

മൃഗങ്ങളുമായി അടുത്തിടപഴകേണ്ടി വരുന്ന പല സന്ദർഭങ്ങളും ഉണ്ടായേക്കാം. വീട്ടിലോ പുറത്തോ (മൃഗശാലകൾ, പാർക്കുകൾ, ഫാമുകൾ) അങ്ങനെ പല സ്ഥലത്തും. അപ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

കൈകൾ വൃത്തിയായി സൂക്ഷിക്കുക. മൃഗങ്ങളുടെ അടുത്ത് പോയാൽ അവയെ നേരിട്ട് സ്പർശിച്ചില്ലെങ്കിൽ പോലും കൈകൾ സോപ്പിട്ട് കഴുകി
വൃത്തിയാക്കണം. അപ്പോൾ അവ ഇടപഴകിയ സ്ഥലങ്ങളിൽ രോഗാണുക്കൾ ഉണ്ടായിരുന്നെങ്കിൽ അവയിൽ നിന്നും രക്ഷനേടാം. പല രോഗങ്ങളും പടരുന്നത് കൈകൾ വൃത്തിയായി കഴുകി സൂക്ഷിക്കാത്തതു കൊണ്ടാണ്. ഈ കൊറോണ കാലത്തു വൃത്തിയുടെ ആവശ്യം എന്താണെന്നു എല്ലാവരും നന്നായി മനസിലാക്കിയിട്ടുണ്ടാവുമല്ലോ. സോപ്പും വെള്ളവും ലഭ്യമല്ലാത്ത സ്ഥലമാണെങ്കിൽ 70 ശതമാനം ആൽക്കോഹോൾ അടങ്ങിയ സാനിറ്റൈസർ  ഉപയോഗിക്കാവുന്നതാണ്.
 
വളർത്തുമൃഗങ്ങളുടെ അടുത്തിടപഴകുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. കൊതുക് ചെള്ള് തുടങ്ങിയ പ്രാണികളുടെ കടിയേൽക്കാതെ കഴിവതും ശ്രദ്ധിക്കുക. ഭക്ഷണം നന്നായി പാകം ചെയ്തു മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് മാംസവും പാൽ മുട്ട തുടങ്ങിയ ഉത്പന്നങ്ങളും. തിളപ്പിച്ചു ആറിച്ചതോ ശുദ്ധീകരിച്ചതോ ആയ കുടിവെള്ളം ശീലമാക്കുക. ജന്തു ജന്യ രോഗങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാരാകുകയും കുട്ടികളെ അതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു മനസിലാക്കി വളർത്തു മൃഗങ്ങളെ സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നും പഠിപ്പിക്കുക. മൃഗങ്ങളുടെ മാന്തലും കടിയുമേൽക്കാതെ സ്വയം സംരക്ഷിക്കുക. ജന്തുജന്യ രോഗങ്ങൾ എന്നാൽ മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും പകരാവുന്നതാണ്. അതിനാൽ നമുക്കസുഖമുള്ളപ്പോൾ അവയെ കൈകാര്യം ചെയ്യാതിരിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ മാസ്കും ഗ്ലൗസും ഉപയോഗിച്ച് കൈകാര്യം ചെയ്യുക. മൃഗങ്ങളുടെ ആരോഗ്യവും നമ്മുടെ ഉത്തരവാദിത്വമാണ്.
 
വണ്‍ ഹെല്‍ത്ത് എങ്ങനെ നടപ്പിലാക്കാം?

പൊതുജനാരോഗ്യം (public health) മുന്നിൽ കണ്ട് ആരോഗ്യം- മൃഗസംരക്ഷണം - പരിസ്ഥിതി എന്നീ വകുപ്പുകൾ സംയോജിച്ചുള്ള ഗവേഷണങ്ങൾ
നടക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനം പോലെ ഡിസീസ് ഫോർകാസ്റ്റിംഗ്സിസ്റ്റം നിലവിൽ വരേണ്ടതുണ്ട്. അസുഖങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ മാത്രമല്ല കാലാവസ്ഥക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമാക്കാൻ മേൽ വകുപ്പുകളുടെ കൂട്ടായ പരിശ്രമങ്ങൾ സാധ്യമാക്കണം. വിനോദത്തിനും ഉപജീവനത്തിനുമായി നടത്തിക്കൊണ്ടു പോകുന്ന മൃഗശാലകൾ ഫാമുകൾ കൃഷിയിടങ്ങൾ പാർക്കുകൾ എന്നിവിടങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ വ്യക്തമായ ഇടവേളകളിൽ നടപ്പിലാക്കണം. മാരകരോഗങ്ങളിൽ നിന്നും നമ്മുടെ വളർത്തു മൃഗങ്ങളെ ലഭ്യമായ വാക്‌സിനുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കേണ്ടതാണ്. 

പകർച്ചവ്യാധികളുടെ സമയത്ത് മനുഷ്യരുടെ ആരോഗ്യം പോലെ തുല്യപ്രാധാന്യം മൃഗങ്ങൾക്കും നൽകി പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ആദ്യം തന്നെ പുറപ്പെടുവിക്കേണ്ടതാണ്. ഒരു പ്രദേശത്തെ ജന്തുജന്യ രോഗം ഏതെങ്കിലും മനുഷ്യനിലോ മൃഗങ്ങളിലോ റിപ്പോർട്ട് ചെയ്താൽ രണ്ടു വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങൾ ഉറപ്പു വരുത്താം. ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷ്യ സുരക്ഷ. മാംസം, മുട്ട, പാൽ തുടങ്ങിയ ഉത്പന്നങ്ങൾ വാങ്ങുമ്പോഴും വില്ക്കുമ്പോഴും കൃത്യമായ സുരക്ഷാ നിബന്ധനകൾ പാലിക്കേണ്ടതാണ്. പരിശോധന നടത്തി രോഗമില്ല എന്നുറപ്പുവരുത്തിയ ആടുമാടുകളുടെ മാംസം മാത്രം വിപണിയിൽ ലഭ്യമാക്കുക. അനധികൃത മാംസ വില്പന പൂർണ്ണമായും വിലക്കുക. 

മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ, വന്യമൃഗങ്ങളുടെ മാംസോപയോഗം, മൃഗങ്ങൾക്കെതിരെ ഉള്ള ലൈംഗിക അതിക്രമങ്ങൾ (bestiality) എന്നിവയെല്ലാം നിയമം മൂലം നിരോധിക്കുകയും ഇപ്പോൾ നിലവിലുള്ള നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി തുച്ഛമായ പിഴയിൽ നിന്നും മാറ്റം വരുത്തി വലിയ ശിക്ഷ നടപടികൾ സ്വീകരിക്കേണ്ടതും അനിവാര്യമാകുന്നു. തെരുവുനായ്ക്കളെ  വന്ധ്യംകരിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനുമുള്ള  (Animal birth control -Anti rabies) പദ്ധതി എല്ലാ പഞ്ചായത്തുകളിലും നിർബന്ധമായും നടപ്പിലാക്കേണ്ടതാണ്. 

തെരുവ് നായ്ക്കളെയും, എലി മുതലായ മൂഷിക വർഗ്ഗങ്ങളേയും നിയന്ത്രിക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് കൃത്യമായ മാലിന്യ സംസ്കരണമാണ്. പ്രത്യേകിച്ച് അറവുശാലകൾ, ഹോട്ടലുകൾ ഫ്ലാറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ മാലിന്യ സംസ്കരണം ഉറവിടത്തിൽ തന്നെ നടപ്പിൽ വരുത്തുന്നതിനാവശ്യമായ നടപടികൾ എല്ലാ പഞ്ചായത്തുകളിലും റെസിഡന്റ്‌സ് അസോസിയേഷൻ മുഖാന്തിരവും നടപ്പിലാക്കേണ്ടതാണ്. 

വ്യക്തി ശുചിത്വം പാലിക്കുന്നതിന്റെ ഗുണങ്ങൾ ഈ കൊറോണ കാലം കഴിയുന്നതോടെ എല്ലാവര്‍ക്കും വ്യക്തമായി മനസിലാകുന്നതാകും. മൃഗങ്ങളോട് ഇടപഴകുമ്പോഴും അതിനു ശേഷവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. സ്വന്തം വളർത്തു മൃഗങ്ങളുടെ ആരോഗ്യം ഉറപ്പു വരുത്തുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറുടെ സഹായത്തോടെ മാത്രം ചികിത്സ ഉറപ്പാക്കുക. അസാധാരണമായ മരണമോ രോഗലക്ഷണങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ഏറ്റവും അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക.മനുഷ്യരിൽ അസാധാരണ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സാമൂഹിക അകലം പാലിക്കുക. ജന്തുജന്യ രോഗങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലേക്ക് പോകുമ്പോഴും വരുമ്പോഴും കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുക.
 
നാടിന്‍റെ സുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.

(പാലോട് തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലാണ് ലേഖിക പ്രവര്‍ത്തിക്കുന്നത്)

click me!