ജസീന്ത ഒരു പാഠപുസ്‍തകമാണ്, എത്രയെത്ര അനായാസമായിട്ടാണ് അവര്‍ പ്രതിസന്ധികളെ നേരിടുന്നത്...

By Web TeamFirst Published Oct 19, 2020, 3:02 PM IST
Highlights

കഴിഞ്ഞവർഷമാദ്യം ക്രൈസ്റ്റ്‌ ചർച്ചിൽ മുസ്ലിംപള്ളികളിൽ വംശമേന്മാവാദിയായ വെള്ളക്കാരൻ യുവാവ്‌ നടത്തിയ കൂട്ടക്കൊലയ്‌ക്കെതിരെ കർക്കശനടപടികൾ എടുത്തതും ഈ വർഷം കൊവിഡ്‌ നിയന്ത്രിക്കുന്നതിൽ കൈവരിച്ച വിജയവും നാൽപ്പതുകാരിയായ ജസീന്തയ്‌ക്ക്‌ റോക്‌താരങ്ങൾക്കുള്ളതുപോലെ ആരാധകരെ നേടിക്കൊടുത്തിരുന്നു. 

വനിതകൾക്ക് ദേശീയതലത്തിൽ ആദ്യമായി വോട്ടവകാശം അനുവദിച്ച സ്വയംഭരണ രാജ്യമാണ് ന്യുസീലൻഡ്, 1893 -ൽ. ന്യൂസിലൻഡിൽ ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്ന ജസീന്ത ആർഡൻ വീണ്ടും അധികാരത്തിലേക്ക് എത്തുന്നതും ചരിത്രത്തിലെ പുതുമകളുമായാണ്.1996 -നുശേഷം ന്യൂസീലൻഡിൽ ആദ്യമായാണ് ഒരു കക്ഷി വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കുന്നത്. 1946 -നുശേഷം ലേബർ പാർട്ടി ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കുന്നതും ആദ്യമാണ്. 120 അംഗ പാർലമെൻറിൽ 64 സീറ്റുകളാവും ജസീന്ത ആർഡന് ലഭിക്കുക. ജസീന്തയുടെ എതിരാളിയും സെൻറർ-റൈറ്റ് നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത് കോളിൻസിന് 26 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമാണ് നേടാനായത്.

1854 -ൽ സ്ഥാപിതമായ ന്യൂസീലൻഡ് പാർലമെന്റ് ലോകത്തെ ഏറ്റവും പഴക്കം ചെന്നവയിൽ ഒന്നാണ്.120 അംഗ പാർലമെന്റിലെ 71 സീറ്റിലേക്കാണ് നേരിട്ടു തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി 49 സീറ്റ് പാർട്ടികൾക്കു ലഭിച്ച വോട്ട് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ വീതിച്ചു കൊടുക്കുകയാണ്. പൊതു തെരഞ്ഞെടുപ്പിനൊപ്പം ദയാവധം, ലഹരിമരുന്നായ മാരിജുവാന നിയമവിധേയമാക്കണോ എന്നിവയിൽ ജനഹിതപരിശോധനയും നടന്നിരുന്നു. കൊവിഡ് നിയന്ത്രിക്കാനുള്ള കരുത്തുറ്റ നടപടികൾ ജസീന്തയ്ക്ക് ന്യൂസീലൻഡിൽ താരപരിവേഷം നൽകിയിരുന്നു. ക്രൈസ്റ്റ്ചർച്ചിൽ കഴിഞ്ഞ വർഷം വെളുത്ത വംശീയവാദി മുസ്‍ലിം പള്ളിയിൽ 51 പേരെ വെടിവച്ചുകൊന്ന സംഭവത്തിലെ ജസീന്തയുടെ പ്രതികരണവും നടപടികളും അഭിനന്ദനം പിടിച്ചുപറ്റി. പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിനു ജന്മം കൊടുത്തതും ജസീന്തയെ വാർത്തകളിൽ കൊണ്ടുവന്നു.

കഴിഞ്ഞവർഷമാദ്യം ക്രൈസ്റ്റ്‌ ചർച്ചിൽ മുസ്ലിംപള്ളികളിൽ വംശമേന്മാവാദിയായ വെള്ളക്കാരൻ യുവാവ്‌ നടത്തിയ കൂട്ടക്കൊലയ്‌ക്കെതിരെ കർക്കശനടപടികൾ എടുത്തതും ഈ വർഷം കൊവിഡ്‌ നിയന്ത്രിക്കുന്നതിൽ കൈവരിച്ച വിജയവും നാൽപ്പതുകാരിയായ ജസീന്തയ്‌ക്ക്‌ റോക്‌താരങ്ങൾക്കുള്ളതുപോലെ ആരാധകരെ നേടിക്കൊടുത്തിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെക്കാണാൻ ജസീന്ത ഹിജാബ് ധരിച്ചെത്തിയതും ശ്രദ്ധേയമായി. അഗ്നിപർവതം പൊട്ടിത്തെറിച്ചതടക്കമുള്ള പ്രതിസന്ധികളിലും രാജ്യത്തെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന നിലപാടുകൾ ജസീന്തയുടെ ജനപ്രീതി വർധിപ്പിച്ചു.

50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കേവലം 25 പേർ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്... 50 -ൽ താഴെ മാത്രമാണ് ന്യൂസീലൻഡിൽ നിലവിലുള്ള കൊവിഡ് രോഗികൾ. എത്ര എത്ര അനായാസമായാണ് ജസീന്ത ഏതു പ്രതിസന്ധിയേയും നേരിടുന്നത് എന്നത് ഒരു പാഠപുസ്തകമാണ്. ക്രൈസ്റ്റ് ചർച്ച് സംഭവത്തിൽ അവർ നേരിട്ടെത്തി ആശ്വസിപ്പിച്ച് ജനങ്ങളെ ഒരുമിച്ചു നിർത്തിയത് എത്ര കരുതലോടെയാണ് ലോകം കണ്ടത്. കൊവിഡ് സമയത്തും ദിവസവുമുള്ള വാർത്താ സമ്മേളനത്തിനുശേഷം അതിന്‍റെ ചെറിയൊരു വിവരണവുമായി എത്തുന്നതും നിറഞ്ഞ പുഞ്ചിരിയോടെ ആയിരുന്നു. ചുറ്റുമുള്ള ഫർണ്ണിച്ചറിനെ വരെ പരിചയപ്പെടുത്തും അവർ. നിർമ്മാണമേഖലയ്ക്ക് പ്രാമുഖ്യം നല്‍കി, സൗജന്യ തൊഴിൽ പരിശീലനം നല്‍കി കൊവിഡ് സമയത്തും ജനങ്ങളുടെകൂടെ നിന്നു. 

താൻ മരിജുവാന ഉപയോഗിച്ചിട്ടുണ്ട് എന്ന് ഇലക്ഷൻ സംവാദത്തിൽ തുറന്നു പറഞ്ഞു ജസീന്ത. കലർപ്പില്ലാത്ത, സത്യസന്ധമായ പെരുമാറ്റം കാരണം തന്നെയായിരിക്കണം ജനങ്ങൾ അവരെ വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്തത്. 37 വയസ്സിൽ ഒരു കൂട്ടുകക്ഷി ഭരണത്തിന്‍റെ ഭാഗമായി അതും പാകപ്പിഴകളില്ലാതെ കൊണ്ടുപോയതും അവരുടെ ഭരണപാടവമാണ് തെളിയിക്കുന്നത്. ഇത് പെണ്ണത്തത്തിന്റെ വിജയം കൂടിയാണ്. ഒരു രാജ്യം ഒരു പെണ്ണ് എങ്ങനെ വിജയകരമായി ഭരിക്കുന്നുവെന്നതിന്‍റെ നേര്‍ക്കാഴ്ചയും.
 

click me!