'വിടില്ല ഞാന്‍'; കുരങ്ങുകളുടെ ആക്രമണത്തില്‍ നിന്നും മകനെ രക്ഷിക്കാന്‍ പാടുപെടുന്ന അച്ഛന്‍റെ വീഡിയോ വൈറല്‍

By Web TeamFirst Published Mar 24, 2023, 12:52 PM IST
Highlights

കുരങ്ങിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ അത് കുട്ടികളുടെ നേരെ തിരിഞ്ഞു. ഇതോടെ കുട്ടികള്‍ കരഞ്ഞ് നിലവിളിക്കാന്‍ തുടങ്ങി.


മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം ലോകത്തെല്ലായിടത്തും ഏതാണ്ട് ഒരു പോലെയാണ്. കഴിഞ്ഞ ദിവസം തായ്‍ലന്‍റില്‍ നിന്നും യൂട്യൂബില്‍‌ പങ്കുവയ്ക്കപ്പെട്ട വീഡിയോയും ചൂണ്ടിക്കാണിക്കുന്നതും മറ്റൊന്നല്ല. തായ്‍ലന്‍റിലെ ബീച്ചിലെത്തിയ ഓസ്ട്രേലിയന്‍ കുടുംബത്തെ അക്രമിക്കുന്ന ഒരു കൂട്ടം കുരങ്ങുകളുടെ വീഡിയോയായിരുന്നു അത്. ഓസ്‌ട്രേലിയൻ വ്‌ലോഗിംഗ് ദമ്പതികളായ റിലേ വൈറ്റ്‌ലം, എലെയ്‌ന കരൗസുവും അവരുടെ 'സെയിലിംഗ് ലാ വാഗബോണ്ടെ' എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പ്രസിദ്ധപ്പെടുത്തിയത്. തന്‍റെ മകനെ അക്രമിക്കാന്‍ ശ്രമിക്കുന്ന കുരങ്ങിനെ റിലെ ഓടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ പ്രസിദ്ധപ്പെടുത്തി മൂന്ന് ദിവസത്തിനുള്ളില്‍ ഒമ്പത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. വീഡിയോയില്‍ ഇരുവരും കുട്ടികളോടൊപ്പം തായ്‌ലൻഡിലെ ഫൈ ഫൈ ദ്വീപസമൂഹം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. ദ്വീപിലെ തീരത്ത് വിശ്രമിക്കവെ ഒരു കൂട്ടം കുരങ്ങുകള്‍ അവരുടെ സമീപത്തേക്ക് വരികയും ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുരങ്ങിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ അത് കുട്ടികളുടെ നേരെ തിരിഞ്ഞു. ഇതോടെ കുട്ടികള്‍ കരഞ്ഞ് നിലവിളിക്കാന്‍ തുടങ്ങി. കുരങ്ങുകളെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ റിലേ വൈറ്റ്‌ലത്തിന്‍റെ വിരലിന് പരിക്കേല്‍ക്കുന്നു.  ഇതിനിടെ ബാഗും മറ്റ് സാധനങ്ങളും റിലെ തിരിച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം. 

 

ആഫ്രിക്കന്‍ വന്‍കര വിഭജിച്ച് പുതിയൊരു സമുദ്രം രൂപപ്പെടുമോ?

ഈ സമയമത്രയും കടലില്‍ നീന്തുകയായിരുന്നു എലൈന. കരയില്‍ നിന്നുള്ള കരച്ചില്‍ കേട്ട് അവര്‍ തിരിച്ചെത്തിയപ്പോഴാണ് കുരങ്ങുകളുടെ അക്രമണത്തെ കുറിച്ചും റിലെയ്ക്ക് പരിക്കേറ്റതിനെ കുറിച്ചും അറിഞ്ഞത്. തുടര്‍ന്ന് ഇരുവരും റിലെയ്ക്ക് വാക്സിനെടുക്കാന്‍ ആശുപത്രിയിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. ഒരു ദിവസം ഒന്നോ രണ്ടോ പേര്‍ ഇതുപോലെ കുരങ്ങുകളെ അക്രമണത്തില്‍ പരിക്കേറ്റ് എത്താറുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. വീഡിയോയ്ക്ക് നിരവധി പേരാണ് കുറിപ്പുമായെത്തിയത്. മിക്കവരും റിലെ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും അദ്ദേഹം ധൈര്യശാലിയാണെന്ന് അഭിനന്ദിക്കുകയും ചെയ്തു.  

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; 13 വയസുകാരന്‍റെ ഇടപെടലില്‍ നിരവധി ജീവന്‍ രക്ഷിച്ചു

click me!