വിവാഹവും കുടുംബജീവിതവും മാത്രമാണ് പെൺകരുത്തിന്റെ അടയാളമെന്ന പരമ്പരാഗത സങ്കൽപ്പങ്ങളെ പാടേ തിരുത്തിക്കുറിക്കുകയാണ് പുതിയ തലമുറ. കരിയറിലെ വലിയ നേട്ടങ്ങൾക്കൊപ്പം തന്നെ വൈകാരികമായ സമാധാനത്തിനും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും ഇന്നത്തെ പെൺകുട്ടികൾ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. 

കല്യാണം കഴിഞ്ഞ് കുടുംബം നോക്കി ഒതുങ്ങിക്കൂടുക എന്ന പഴയ സങ്കൽപ്പങ്ങൾക്ക് ഇന്നത്തെ പെൺകുട്ടികൾക്കിടയിൽ സ്ഥാനമില്ല. പങ്കാളിയെ കണ്ടെത്തുന്നതിനേക്കാളും കുടുംബം തുടങ്ങുന്നതിനേക്കാളും ജെൻ സി പെൺകുട്ടികൾ ഇന്ന് മുൻഗണന നൽകുന്നത് സ്വന്തം വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനുമാണ്. രാജ്യാന്തര വനിതാ ദിനത്തിന് മുന്നോടിയായി പുറത്തുവന്ന 'ദി കോൺഫിഡൻസ് എഡിറ്റ്' എന്ന സർവേ റിപ്പോർട്ടാണ് ഇന്ത്യൻ പെൺകുട്ടികളുടെ മാറുന്ന ലോകത്തെക്കുറിച്ച് കൗതുകകരമായ വിവരങ്ങൾ പങ്കുവെക്കുന്നത്.

രാജ്യത്തുടനീളമുള്ള ആയിരത്തിലധികം യുവതികളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പ്രകാരം, ജെൻ സി പെൺകുട്ടികൾ വിജയത്തെയും സന്തോഷത്തെയും പുനർനിർവചിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി അടിച്ചേൽപ്പിക്കപ്പെട്ട പല ഉത്തരവാദിത്തങ്ങളിൽ നിന്നും മാറി, സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് സ്വന്തം നിബന്ധനകൾക്കനുസരിച്ച് ജീവിക്കാനാണ് ഇവർ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

സമാധാനമാണ് പുതിയ വിജയം

വിജയം എന്നാൽ ഓടിത്തളർന്നുള്ള കരിയർ വളർച്ച മാത്രമല്ലെന്ന് ഈ തലമുറ വിശ്വസിക്കുന്നു. സർവേയിൽ പങ്കെടുത്ത നാലിൽ ഒരാൾ അഭിപ്രായപ്പെട്ടുന്നത് പെർഫെക്ഷനേക്കാൾ തങ്ങൾ പ്രാധാന്യം നൽകുന്നത് സമാധാനത്തിനാണ് എന്നാണ്. എല്ലാ കാര്യങ്ങളിലും ഒന്നാമതാകാൻ ഓടുന്നതിന് പകരം, തങ്ങൾക്ക് സന്തോഷവും സമാധാനവും നൽകുന്ന രീതിയിൽ ജീവിതത്തെ ക്രമീകരിക്കാനാണ് ഇവർ താല്പര്യപ്പെടുന്നത്. അനാവശ്യമായ സമ്മർദ്ദങ്ങൾ ഒഴിവാക്കി ബാലൻസ്ഡ് ആയ ഒരു ജീവിതശൈലിയാണ് ഇവരുടെ ലക്ഷ്യം.

സാമ്പത്തികവും വൈകാരികവുമായ സ്വാതന്ത്ര്യം

സ്വാതന്ത്ര്യം എന്നാൽ കേവലം വീടിന് പുറത്തിറങ്ങുക എന്നതല്ല, അത് സാമ്പത്തികവും വൈകാരികവുമായ കരുത്താണെന്ന് 86 ശതമാനം യുവതികളും ഉറച്ചു വിശ്വസിക്കുന്നു. ആരെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ നോക്കാനുള്ള ശേഷി കൈവരിക്കാനാണ് ഇവർ പരിശ്രമിക്കുന്നത്. ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ കുടുംബവുമായി ചർച്ച ചെയ്യാറുണ്ടെങ്കിലും, അന്തിമ തീരുമാനം എടുക്കുന്നത് തങ്ങൾ തന്നെയായിരിക്കണമെന്ന് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നു. കുടുംബത്തിന്റെ മാത്രം തീരുമാനങ്ങൾക്ക് വഴങ്ങുന്ന രീതിയിൽ നിന്ന് ഇവർ മാറി ചിന്തിക്കുന്നു.

സോളോ ട്രിപ്പുകൾ സാധാരണമാകുന്നു

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഇന്ന് പെൺകുട്ടികൾക്കിടയിൽ ഒരു പുതിയ ട്രെൻഡല്ല, മറിച്ച് അതൊരു സ്വാഭാവികമായ തിരഞ്ഞെടുപ്പായി മാറിക്കഴിഞ്ഞു. സർവേയിൽ പങ്കെടുത്ത 70 ശതമാനം പേരും സോളോ ട്രിപ്പുകൾ പോകാൻ താല്പര്യമുള്ളവരാണ്. വീട്ടുകാരുടെ എതിർപ്പിനേക്കാളും ബജറ്റിനേക്കാളും ഇവർ പ്രാധാന്യം നൽകുന്നത് സുരക്ഷയ്ക്കാണ്. യാത്രകളെ ഒരു സാഹസികത എന്നതിലുപരി സ്വന്തം വ്യക്തിത്വം തിരിച്ചറിയാനുള്ള വഴിയായാണ് ഇവർ കാണുന്നത്.

ഫാഷൻ: മറ്റുള്ളവർക്ക് വേണ്ടിയല്ല, തനിക്ക് വേണ്ടി

വസ്ത്രധാരണത്തിന്റെ കാര്യത്തിലും വലിയ മാറ്റങ്ങൾ പ്രകടമാണ്. മറ്റുള്ളവരെ കാണിക്കാനോ ബോധ്യപ്പെടുത്താനോ അല്ല വസ്ത്രം ധരിക്കുന്നത് എന്ന് 70 ശതമാനം പേരും പറയുന്നു. തങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ഒരു ഉപാധിയായാണ് ഇവർ ഫാഷനെ കാണുന്നത്. ആരും കാണാനില്ലെങ്കിലും തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഒരുങ്ങാൻ താല്പര്യമുണ്ടെന്ന് ഇവർ വ്യക്തമാക്കുന്നു.

ആത്മവിശ്വാസവും ഒപ്പം കുറ്റബോധവും

ജെൻ സി പെൺകുട്ടികൾ ആത്മവിശ്വാസമുള്ളവരാണെങ്കിലും പലപ്പോഴും മാനസികമായ സമ്മർദ്ദങ്ങൾ ഇവരെ അലട്ടാറുണ്ട്. മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാത്തതിലുള്ള കുറ്റബോധം ഏകദേശം 40 ശതമാനം യുവതികളെയും വേട്ടയാടുന്നുണ്ട്. തങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചോദിച്ചു വാങ്ങാനോ, ആവശ്യമില്ലാത്ത കാര്യങ്ങളോട് 'നോ' പറയാനോ ഇന്നും പലരും പ്രയാസപ്പെടുന്നുണ്ട്. എങ്കിലും സ്വന്തം വ്യക്തിത്വം ഉറപ്പിച്ചു പറയാൻ ഇവർ കൂടുതൽ ധൈര്യം കാണിക്കുന്നു.

കുഞ്ഞു സന്തോഷങ്ങളിലെ വലിയ കാര്യങ്ങൾ

വലിയ നേട്ടങ്ങൾ കൈവരിക്കുമ്പോൾ മാത്രമാണ് സന്തോഷം എന്ന് ഇവർ കരുതുന്നില്ല. സ്വന്തം ഇഷ്ടത്തിന് ഒരു സാധനം വാങ്ങുന്നതിലോ , പുതിയ എന്തെങ്കിലും പഠിക്കുന്നതിലോ, സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിലോ ആണ് 43.3 ശതമാനം പേരും യഥാർത്ഥ സന്തോഷം കണ്ടെത്തുന്നത്. ഓരോ ദിവസത്തെയും ചെറിയ ചെറിയ വിജയങ്ങളാണ് ജീവിതത്തെ മനോഹരമാക്കുന്നതെന്ന് ഈ പുതിയ തലമുറ തിരിച്ചറിയുന്നു.

ചുരുക്കത്തിൽ, പഴയകാല ചിന്താഗതികളിൽ നിന്ന് മാറി സ്വയം സ്നേഹിക്കാനും സ്വന്തം കാലിൽ നിൽക്കാനും പഠിക്കുന്ന ഒരു പുതിയ പെൺകരുത്തിനെയാണ് ഈ സർവേ നമുക്ക് കാണിച്ചു തരുന്നത്.