
മൊബൈല്‍ ഫോണുകള്‍ ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ കഴിയാത്ത തരത്തില്‍ നമ്മുടെ എല്ലാവരുടെയും ജീവിതം മാറിയിരിക്കുന്നു. ബാത്ത് റൂമില്‍ പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഒരു കൈയില്‍ ഫോണുണ്ടെങ്കിലെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുവെന്നാണ് പലരുടെയും ധാരണയെന്ന് പോലും തോന്നിപ്പോകും. പല വീടുകളിലും ഭക്ഷണം കഴിക്കുമ്പോഴും ഫോണില്‍ നോക്കിയിരിക്കുന്നതിന് കുട്ടികളെ വഴക്ക് പറയുന്ന മാതാപിതാക്കളുണ്ടായിരിക്കും. എത്ര വഴക്ക് കേട്ടാലും ഫോണ്‍ താഴെ വയ്ക്കാത്ത കുട്ടികളും ഇന്ന് സാധാരണയാണ്. ടെക്നോളജിയുടെ വളര്‍ച്ച നമ്മുടെ ജീവിതത്തിന്‍റെ ഓരോ നിമിഷത്തെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ഭക്ഷണ സമയത്തെ മക്കളുടെ ഫോണ്‍ ഉപയോഗം ഒരു അമ്മ എങ്ങനെയാണ് നിയന്ത്രിച്ചത് എന്ന് കാണിക്കുന്നു. വീഡിയോ സ്ക്രിപ്റ്റിനനുസരിച്ച് എടുത്തതാണെന്ന് വ്യക്തം. എങ്കിലും വീഡിയോ കണ്ട പലരും അമ്മയുടെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തി. @pb3060 എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒറ്റ ദിവസം കൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തി.
വിശപ്പില്ല, 17 വര്‍ഷമായി ശീതള പാനീയങ്ങള്‍ മാത്രം കുടിച്ച് ജീവിക്കുന്ന ഒരാള്‍ !
ഭക്ഷണം തയ്യാറാക്കി മേശപ്പുറത്ത് വച്ച് മക്കളെ കാത്തിരിക്കുന്ന ഒരു അമ്മയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. അടുത്ത് തന്നെയായി പല പ്രായത്തിലുള്ള മൂന്ന് കുട്ടികളെയും കാണാം. എറ്റവും ഇളയ മകന്‍ ഊണു മേശയ്ക്കടുത്ത് വരുമ്പോള്‍ അമ്മ കൈ കൊണ്ട് മേശപ്പുറത്ത് അടിക്കും. അപ്പോള്‍ കുട്ടി തന്‍റെ കൈയിലുള്ള മൊബൈല്‍ ഫോണ്‍ മേശപ്പുറത്ത് വയ്ക്കും. ഈ സമയം അമ്മ പ്ലേറ്റില്‍ അവനുള്ള ഭക്ഷണം വിളമ്പി നല്‍കും. തുടര്‍ന്ന് രണ്ടാമത്തെ മകള്‍ വരും. ഒരു ലാപ്പും ഒരു മൊബൈലും അവള്‍ മേശപ്പുറത്ത് വയ്ക്കുമ്പോള്‍ അമ്മ മകള്‍ക്കുള്ള ഭക്ഷണം പാത്രത്തില്‍ വിളമ്പി നല്‍കും. തുടര്‍ന്ന് മൂത്ത മകന്‍ വന്ന് ഒരു ലാപ്പ് ടോപ്പും രണ്ട് മൊബൈലും മേശപ്പുറത്ത് വച്ചതിന് ശേഷമാണ് അമ്മ അവനുള്ള ഭക്ഷണം വിളമ്പി നല്‍കുന്നത്. തുടര്‍ന്ന് അമ്മയും മൂന്ന് മക്കളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഡിന്നറിനും ലഞ്ചിനുമുള്ള പുതിയ റൂള്‍ എന്നും ഡിന്നര്‍ എന്നത് വെറും ഭക്ഷണം കഴിക്കാനുള്ള സമയം മാത്രമല്ലെന്നും അത് കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളാണെന്നും വീഡിയോയില്‍ എഴുതിക്കാണിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്. വീഡിയോ 'ചൈനീസ് വീഡിയോയുടെ കോപ്പിയടിയാണെന്ന്' നിരവധി പേര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, എല്ലാ കുടുംബങ്ങളിലും ഒരു പോലെ ചെയ്യേണ്ട കാര്യമാണെന്ന് ചിലര്‍ കുറിച്ചു.