വിദ്യാര്‍ത്ഥികളെ കെട്ടിപ്പിടിച്ച്‌ സ്വാഗതം ചെയ്യുന്ന പ്രിന്‍സിപ്പാള്‍; രൂപാ മിസ്സ്‌ സൂപ്പറാ!!

By Web TeamFirst Published May 19, 2019, 2:49 PM IST
Highlights

ചൂരല്‍ വടിയും കണ്ണുരുട്ടലുമല്ല സ്‌നേഹത്തോടെയുള്ള ആലിംഗനമാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടതെന്ന്‌ രൂപയെ പഠിപ്പിച്ചത്‌ ഒരു പലസ്‌തീനിയന്‍ വീഡിയോയാണ്‌. യുദ്ധത്തിന്റെ ദുരിതഫലങ്ങളനുഭവിക്കുന്ന മേഖലയിലെ കുട്ടികള്‍ക്ക്‌ ആത്മവിശ്വാസവും കരുതലും നല്‍കുന്നതിന്റെ ഭാഗമായി പലസ്‌തീനിലെ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥികളെ ഇങ്ങനെ അഭിവാദ്യം ചെയ്യുന്ന വീഡിയോ ആയിരുന്നു അത്‌.

ഹൈദരാബാദ്‌: രാവിലെ സ്‌കൂളിലേക്ക്‌ വരുന്ന കുട്ടികളെ പുഞ്ചിരിയോടെ കാത്തുനില്‍ക്കുന്ന പ്രധാനാധ്യാപിക. മാത്രമല്ല, ഷേക്‌ഹാന്‍ഡ്‌ നല്‍കിയും കെട്ടിപ്പിടിച്ചും കുട്ടികളെ ക്ലാസ്‌ മുറിയിലേക്ക്‌ സ്വാഗതം ചെയ്യുകയും ചെയ്യും. ഇക്കാരണം കൊണ്ട്‌ തന്നെയാണ്‌ എസ്‌.രൂപ എന്ന അധ്യാപിക കുട്ടികള്‍ക്കും സോഷ്യല്‍മീഡിയയ്‌ക്കും പ്രിയങ്കരിയായിരിക്കുന്നത്‌.

തെലങ്കാനയിലെ യദാദ്രി-ഭോംഗിര്‍ ജില്ലയിലെ അഡ്ഡഗുഡൂരുവിലുള്ള തെലങ്കാന സോഷ്യല്‍ വെല്‍ഫയര്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ്‌ സ്‌കൂളിലെ പ്രധാനാധ്യപികയാണ്‌ രൂപ. ചൂരല്‍ വടിയും കണ്ണുരുട്ടലുമല്ല സ്‌നേഹത്തോടെയുള്ള ആലിംഗനമാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടതെന്ന്‌ രൂപയെ പഠിപ്പിച്ചത്‌ ഒരു പലസ്‌തീനിയന്‍ വീഡിയോയാണ്‌. യുദ്ധത്തിന്റെ ദുരിതഫലങ്ങളനുഭവിക്കുന്ന മേഖലയിലെ കുട്ടികള്‍ക്ക്‌ ആത്മവിശ്വാസവും കരുതലും നല്‍കുന്നതിന്റെ ഭാഗമായി പലസ്‌തീനിലെ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥികളെ ഇങ്ങനെ അഭിവാദ്യം ചെയ്യുന്ന വീഡിയോ ആയിരുന്നു അത്‌. വീഡിയോയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ രൂപ ആവിഷ്‌കരിച്ച സ്വാഗത പരിപാടിക്ക്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌.

ക്ലാസ്‌ മുറിയുടെ വാതിലില്‍ നാല്‌ ചിഹ്നങ്ങള്‍ പതിച്ചിട്ടുണ്ട്‌. അവയിലേതാണ്‌ കുട്ടികള്‍ തെരഞ്ഞെടുക്കുന്നത്‌ എന്നത്‌ അനുസരിച്ചാണ്‌ സ്വാഗതം. ചിഹ്നങ്ങളിലൊന്ന്‌ ഹൃദയത്തിന്റേതാണ്‌. അതില്‍ തൊടുന്ന കുട്ടികളെ രൂപാ മിസ്‌ ആലിംഗനം ചെയ്‌ത്‌ സ്വീകരിക്കും. മറ്റുള്ളവരെയും അവര്‍ തെരഞ്ഞെടുക്കുന്ന ചിഹ്നമനുസരിച്ച്‌ സ്വാഗതം ചെയ്യും.

After seeing the viral of the Palestine teacher uniquely greeting students, Principal of TSWREIS, Addaaguduru, Rupa tried the same. The experience was 'emotional', she said to me. TSREIS schools across are replicating this. pic.twitter.com/qLvhN44HcB

— Bala (@naartthigan)

വേനല്‍ക്കാല ക്യാംപിലാണ്‌ രൂപ ഈ അഭിവാദനരീതി ആദ്യം പരീക്ഷിച്ചത്‌. പിന്നാക്ക സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന്‌ വരുന്ന കുട്ടികളില്‍ പലരെയും അധ്യാപികയുടെ ഈ പെരുമാറ്റം അതിശയിപ്പിച്ചു. പലരും വികാരനിര്‍ഭരമായി പ്രതികരിച്ചു. സന്തോഷംകൊണ്ട്‌ പൊട്ടിക്കരഞ്ഞവര്‍ വരെയുണ്ട്‌. കുട്ടികള്‍ക്ക്‌ തന്നോടുള്ള മാനസിക അടുപ്പം വര്‍ധിയ്‌ക്കാന്‍ ഈ രീതി സഹായകമായെന്നും അവരുടെ മാനസികാരോഗ്യം മികച്ചതാക്കാന്‍ അതിലൂടെ സാധിക്കുന്നുണ്ടെന്നും രൂപ പറയുന്നു. രൂപാ മിസ്സിന്റെ സ്വാഗതം സൂപ്പര്‍ ആണെന്ന്‌ കുട്ടികള്‍ ഒന്നടങ്കം പറഞ്ഞതോടെ തങ്ങളുടെ അധികാരപരിധിയിലുള്ള മറ്റ്‌ സ്‌കൂളുകളിലും സമാന രീതി നടപ്പാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്‌ തെലങ്കാന സോഷ്യല്‍ വെല്‍ഫയര്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മാനേജ്‌മെന്റ്‌.

 

click me!