ഭുമിയിലെ ഏറ്റവും വരണ്ട കുന്നുകളില്‍ മിന്നല്‍ പ്രളയം, പിന്നാലെ, ഒരു വെള്ളച്ചാട്ടം!

Published : Sep 13, 2022, 07:21 PM IST
ഭുമിയിലെ ഏറ്റവും വരണ്ട കുന്നുകളില്‍  മിന്നല്‍ പ്രളയം, പിന്നാലെ, ഒരു വെള്ളച്ചാട്ടം!

Synopsis

വരണ്ടുണങ്ങിയ കുന്നുകളില്‍നിന്ന് പാഞ്ഞുവരുന്ന വെളളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍...


ഭൂമിയിലെ ഏറ്റവും ചൂടുള്ള പ്രദേശങ്ങളിലൊന്നാണ് അമേരിക്കയിലെ കാലിഫോര്‍ണിയ-നൊവാദ അതിര്‍ത്തിയിലുള്ള ഡെത്ത് വാലി നാഷനല്‍ പാര്‍ക്ക്. മഴ തീരെ കുറവായ ഈ പ്രദേശം എന്നും വരണ്ടുണങ്ങിയാണ് നില്‍ക്കുന്നത്.  56.6 -ഡിഗ്രി സെല്‍ഷ്യസ് റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ട ഈ പ്രദേശം വരള്‍ച്ചയ്ക്ക് പേരു കേട്ടതാണ്. 

എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി. ഈയടുത്ത് ആഞ്ഞടിച്ച കേ ചുഴലിക്കാറ്റാണ് ഇവിടത്തെ അവസ്ഥയെ പാടെ മാറ്റിക്കളഞ്ഞത്. ചുഴലിക്കാറ്റിനു പിന്നാലെ കനത്ത മഴ പെയ്ത ഇവിടെ ഒരു വെള്ളച്ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. വരണ്ടുണങ്ങിയ കുന്നുകളില്‍നിന്ന് പാഞ്ഞുവരുന്ന വെളളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ക്ക് അധികൃതര്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവിട്ടത്.  

 

 

മഴ തീരെ കുറവായ ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു കാലമായി കാര്യങ്ങള്‍ മാറി വരുന്നുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും കാരണം ഇവിടത്തെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു വര്‍ഷം ശരാശരി 2.2 ഇഞ്ച് മഴയാണ് ഇവിടെ പെയ്തു കൊണ്ടിരുന്നത്. എന്നാല്‍, നാഷനല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍സ് കണക്കുപ്രകാരം ഇക്കഴിഞ്ഞ മാസം മണിക്കൂറുകള്‍ക്കുള്ളില്‍ ഇവിടെ  പെയ്തത് ഒരു വര്‍ഷം ശരാശരി പെയ്യുന്ന മഴയുടെ  മുക്കാല്‍ ഭാഗമാണ്. മഴയുടെ അളവ് ഒറ്റയടിക്ക് കൂടുക മാത്രമല്ല, ഒരു ദിവസം പെയ്യുന്ന മഴയുടെ ശക്തിയും മഴത്തുള്ളികളുടെ വലിപ്പവും വലിയ തോതില്‍ വര്‍ദ്ധിച്ചു. അതിനു പിന്നാലെയാണ്, ദിവസങ്ങള്‍ക്കു ശേഷം കേ ചുഴലിക്കാറ്റ് ഇവിടെ താണ്ഡവമാടിയത്. 

ഇതിന്റെ ഭാഗമായാണ് ഇവിടത്തെ വരണ്ടുണങ്ങിയ കുന്നുകളില്‍നിന്നും വെള്ളച്ചാട്ടം പിറന്നത്. കുന്നുകളിലൂടെ ചെളി നിറമുള്ള വെള്ളം കുത്തൊഴുക്കായി പ്രവഹിക്കുന്നതാണ് നാഷനല്‍ പാര്‍ക്ക് അധികൃതര്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. ഈ പ്രദേശത്തെ അറിയുന്നവരെ സംബന്ധിച്ച് ഇത് അസാധാരണവും അത്ഭുതകരവുമാണ്് 

കേ ചുഴലിക്കാറ്റിലും അതിനോടനുബന്ധിച്ചുണ്ടായ കനത്ത പേമാരിയിലും ഇവിടത്തെ പ്രധാന പാതയായ ഹൈവേ 190-ന് കാര്യമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ടൗണ്‍ പാസിനടുത്ത് റോഡ് കാര്യമായി തന്നെ തകര്‍ന്നിട്ടുണ്ട്്. ഇവിടെ ഗതാഗതം നിരോധിക്കുന്ന അവസ്ഥ വരെയുണ്ടായി.  നൂറു കണക്കിന് വാഹനങ്ങള്‍ പ്രളയത്തില്‍ കുടുങ്ങിപ്പോയതായും അധികൃതര്‍ വ്യക്തമാക്കി.  നാഷനല്‍ പാര്‍ക്ക് സര്‍വീസ് ജീവനക്കാര്‍ എത്തിയാണ് ഈ വാഹനങ്ങളെ രക്ഷപ്പെടുത്തിയത്. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് പാര്‍ക്കിലെ വിവിധ റോഡുകള്‍ അടച്ചിട്ടതായി ഡെത്ത് വാലി നാഷനല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. 
 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
ഭർത്താവ് കാമുകിക്ക് കൈമാറിയത് 23 കോടി! ഭാര്യ കണ്ടെത്തിയത് ഭർത്താവിന്‍റെ മരണാനന്തരം, കേസ്