മഴ പെയ്യുന്നില്ല, മരിച്ചവരുടെ കുഴിമാടം തുറന്ന് വായയിലേക്ക് വെള്ളം പമ്പ് ചെയ്ത് നാട്ടുകാർ

Published : Jul 13, 2022, 04:06 PM IST
മഴ പെയ്യുന്നില്ല, മരിച്ചവരുടെ കുഴിമാടം തുറന്ന് വായയിലേക്ക് വെള്ളം പമ്പ് ചെയ്ത് നാട്ടുകാർ

Synopsis

ഇപ്രാവശ്യവും അവർ അത് തന്നെ ചെയ്തു. ഇതിനായി കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മരിച്ച ആളുകളുടെ പട്ടിക ഗ്രാമവാസികൾ തയ്യാറാക്കി. മരിച്ചവരുടെ വീട്ടുകാർക്ക് അവരെ കൃത്യമായി എവിടെയാണ് അടക്കം ചെയ്തതെന്നും ഏത് സ്ഥാനത്താണ് അടക്കം ചെയ്തതെന്നും അറിയാമല്ലോ. അത് വഴി ശവക്കുഴികൾ എളുപ്പത്തിൽ കണ്ടെത്താം.

കർണാടകയിൽ മിക്കവാറും എല്ലായിടത്തും നല്ല രീതിയിൽ തന്നെ മഴ ലഭിച്ചിരുന്നു. അമിതമായ മഴ കാരണം ചിലയിടങ്ങളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വരെ ഉണ്ടായി. എന്നാൽ, മഴ കാത്തിരിക്കുന്ന ചില ഗ്രാമങ്ങൾ അപ്പോഴും ബാക്കിയുണ്ടായിരുന്നു. അതിലൊന്നാണ് കലക്കേരി ഗ്രാമം. മഴയില്ലാത്തത് ഗ്രാമത്തിലെ കർഷകരെ അങ്ങേയറ്റം വിഷമിപ്പിച്ചു. ആവശ്യത്തിന് വെള്ളം ലഭിക്കാതെ കൃഷിയെല്ലാം നശിക്കുമെന്ന അവസ്ഥയായി. ഒടുവിൽ അവർ തങ്ങളുടെ മേലുള്ള ശാപം തീർക്കാൻ കുഴിമാടങ്ങളിൽ അടക്കിയിരിക്കുന്ന ശവങ്ങളുടെ വായിൽ വെള്ളം പമ്പ് ചെയ്തുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.  

മരിച്ചവരുടെ ദാഹം അകറ്റിയാൽ, ജീവിച്ചിരിക്കുന്നവർക്ക് വെള്ളം കിട്ടുമെന്ന് അവർ പ്രതീക്ഷിക്കുന്നു. മഴ കിട്ടാതെ വരുമ്പോൾ, ഓരോ ഗ്രാമങ്ങളും ഇതുപോലുള്ള വിചിത്രമായ ആചാരങ്ങളും അന്ധവിശ്വാസങ്ങളും പിന്തുടരുന്നു. മഴയ്ക്ക് വേണ്ടി തവളകളെ തമ്മിൽ വിവാഹം കഴിപ്പിക്കുന്നത് വരെ നമ്മൾ കണ്ടതാണ്. ബാക്കി ചിലർ മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ ദൈവങ്ങൾക്ക് പ്രത്യേകം വഴിപാടുകൾ ചെയ്യുന്നു. എന്നാൽ, കർണാടകയിലെ വിജയപുര ജില്ലയിലെ കലകേരി ഗ്രാമത്തിലെ ജനങ്ങൾ അല്പം വ്യത്യസ്തരാണ്. അവർക്ക് ഈ രീതികളിലൊന്നും അത്ര വിശ്വാസമില്ല. പകരം മഴ പെയ്യിക്കാൻ, കുഴിമാടങ്ങൾ കുഴിച്ച് ശവങ്ങളെ പുറത്തെടുത്ത് അവയുടെ വായിലേക്ക് വെള്ളം പമ്പ് ചെയ്യുകയാണ് അവർ ചെയ്യുന്നത്.  

ഇപ്രാവശ്യവും അവർ അത് തന്നെ ചെയ്തു. ഇതിനായി കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മരിച്ച ആളുകളുടെ പട്ടിക ഗ്രാമവാസികൾ തയ്യാറാക്കി. മരിച്ചവരുടെ വീട്ടുകാർക്ക് അവരെ കൃത്യമായി എവിടെയാണ് അടക്കം ചെയ്തതെന്നും ഏത് സ്ഥാനത്താണ് അടക്കം ചെയ്തതെന്നും അറിയാമല്ലോ. അത് വഴി ശവക്കുഴികൾ എളുപ്പത്തിൽ കണ്ടെത്താം. തുടർന്ന്, മൃതദേഹങ്ങളുടെ തലയുള്ള ഭാഗത്ത് രണ്ടടി താഴ്ചയിൽ ഒരു കുഴിയെടുത്തു. എന്നിട്ട് അതിലേയ്ക്ക് ഒരു പൈപ്പ് ഇട്ടു. തുടർന്ന് ടാങ്കറിൽ നിന്ന് വെള്ളം പൈപ്പ് വഴി കല്ലറയിലേക്ക് തുറന്നുവിട്ടു. 25 -ലധികം ശവക്കുഴികളിലേയ്ക്ക് ഗ്രാമീണർ വെള്ളം പമ്പ് ചെയ്തു കയറ്റി. ഒപ്പം ഗ്രാമം ആകാംക്ഷയോടെ മഴക്കായി കാത്തിരിക്കുകയും ചെയ്‌തു. എന്നാൽ, അവസാനത്തെ മൃതദേഹം നനച്ചതും, യാദൃച്ഛികമായി ചാറ്റൽമഴ പെയ്യാനും തുടങ്ങി. ഇതോടെ തങ്ങളുടെ ആചാരത്തിലുള്ള വിശ്വാസം ആളുകൾക്ക് ഒന്നും കൂടി വർധിച്ചു.  

അകെ 1500 പേർ താമസിക്കുന്ന ഒരു ചെറിയ ഗ്രാമമാണ് കലകേരി. തുവര പരിപ്പാണ് അവരുടെ പ്രധാന കൃഷി. അതുകൊണ്ട് തന്നെ അവർ മഴയെ വളരെയധികം ആശ്രയിക്കുന്നു. എന്നാൽ, ഈ വിചിത്രമായ ആചാരത്തിന് പിന്നിൽ ഒരു കഥയുണ്ട്. വർഷങ്ങൾക്കുമുമ്പ്, ഗ്രാമത്തിൽ ഒരു വൃദ്ധൻ വായ തുറന്ന് പിടിച്ച നിലയിൽ മരണപ്പെട്ടു. അടക്കം ചെയ്തപ്പോഴും അദ്ദേഹത്തിന്റെ തുറന്ന വായ അടക്കാൻ ആളുകൾ മറന്ന് പോയി. ആ വർഷം, കടുത്ത വരൾച്ചയും പട്ടിണിയും ഗ്രാമത്തെ ബാധിച്ചു. ആളുകൾ ശരിക്കും കഷ്ടപ്പെട്ടു. അപ്പോഴാണ് വൃദ്ധൻ ദാഹിച്ചാണ് മരിച്ചതെന്നും, അതാണ് ഗ്രാമത്തിൽ മഴ പെയ്യാത്തതെന്നും അവർ കണ്ടെത്തിയത്. തുടർന്ന്, ഗ്രാമവാസികൾ വൃദ്ധന്റെ ശവക്കുഴി കുഴിച്ചു അതിലേയ്ക്ക് വെള്ളം പമ്പ് ചെയ്തു. അതിനുശേഷം മഴ പെയ്യാൻ തുടങ്ങിയെന്നാണ് വിശ്വാസം. 

അന്നുമുതൽ, മഴയുടെ ദൗർലഭ്യം ഉണ്ടാകുമ്പോഴെല്ലാം, കലക്കേരിയിലെ ഗ്രാമവാസികൾ ഈ ആചാരം പിന്തുടരുന്നു. തങ്ങളുടെ നിലവിളികൾക്ക് മരിച്ചവരുടെ ആത്മാക്കൾ ഉത്തരം നൽകുമെന്നാണ് അവരുടെ വിശ്വാസം. ഇത്തരം പല അന്ധവിശ്വാസങ്ങളും രാജ്യത്തിന്റെ പല ഭാ​ഗത്തും നിലനിൽക്കുന്നുണ്ട്. 


 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ