Latest Videos

ടൈറ്റാനിക് ഉള്‍പ്പെടെ മൂന്ന് കപ്പല്‍ അപകടങ്ങള്‍; എന്നിട്ടും രക്ഷപ്പെട്ടു ഈ സ്ത്രീ!

By Web TeamFirst Published Dec 10, 2022, 5:35 PM IST
Highlights

ടൈറ്റാനിക്  ദുരന്തം ഉള്‍പ്പെടെ ലോകത്തെ നടുക്കിയ മൂന്ന് കപ്പല്‍ അപകടങ്ങളില്‍ ഉള്‍പ്പെടുകയും അവയില്‍നിന്നെല്ലാം അവിശ്വസനീയമാംവിധം  രക്ഷപ്പെടുകയും ചെയ്തു, അവര്‍


നിങ്ങള്‍ ഭാഗ്യവതിയോ നിര്‍ഭാഗ്യവതിയോ? വയലറ്റ് ജെസൂഫ് എന്ന സ്ത്രീ ജീവിതകാലമത്രയും  ആവര്‍ത്തിച്ച് കേട്ടത് ഈ ചോദ്യമായിരുന്നു. രണ്ടും ശരിയാണെന്ന് അവര്‍ അന്ന് പറഞ്ഞു. ഇതുവരെ ജീവിച്ചിരുന്നവരില്‍ വച്ച് ഏറ്റവും ഭാഗ്യവതിയായ സ്ത്രീയും നിര്‍ഭാഗ്യവതിയായ  സ്ത്രീയും താനാണെന്ന് സ്വയം വിശേഷിപ്പിച്ചു. കാരണം ഒരു മനുഷ്യനെ ജീവിതത്തില്‍ തുടരെത്തുടരെ ദുരന്തങ്ങള്‍ തേടി വരുന്നത് നിര്‍ഭാഗ്യം തന്നെയാണ്. എന്നാല്‍ തേടിവരുന്ന ദുരന്തങ്ങളില്‍ നിന്നെല്ലാം അത്ഭുതകരമായി രക്ഷപ്പെടുന്നത് ഭാഗ്യവും. ഈ രണ്ടു കാര്യങ്ങളും വയലറ്റ് ജെസൂഫ് എന്ന സ്ത്രീയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ടൈറ്റാനിക്  ദുരന്തം ഉള്‍പ്പെടെ ലോകത്തെ നടുക്കിയ മൂന്ന് കപ്പല്‍ അപകടങ്ങളില്‍ ഉള്‍പ്പെടുകയും അവയില്‍നിന്നെല്ലാം അവിശ്വസനീയമാംവിധം  രക്ഷപ്പെടുകയും ചെയ്തു, അവര്‍. അവസാനം, 1971 മെയ് അഞ്ചിന് തന്റെ 83-ാം വയസ്സില്‍ മരിക്കുമ്പോള്‍, അവിശ്വസനീയ ഒരു ജീവിതം ജീവിച്ചുതീര്‍ത്തവള്‍ എന്നാണ് ലോകമവളെ വിശേഷിപ്പിച്ചത്. മരണശേഷം, ഇത്ര കാലം കഴിഞ്ഞിട്ടും ആ ജീവിതം ഓര്‍മ്മിക്കപ്പെടുന്നു. 

1908-ല്‍ തന്റെ 21-ാം വയസ്സില്‍ ആണ്  വയലറ്റ് ഒറിനോകോ എന്ന കപ്പലില്‍ ഓഷ്യന്‍ ലൈനറുകളുടെ ചുമതലക്കാരിയായി ജോലിയില്‍ പ്രവേശിച്ചത്. 1910 -ല്‍ കമ്പനി നിര്‍മ്മിച്ച മൂന്ന് ഒളിമ്പിക് ക്ലാസ് ക്രൂയിസറുകളില്‍ ഒന്നായ എച്ച് എം എച്ച്എസ് ഒളിമ്പിക്സില്‍ അവള്‍ ജോലിക്ക് നിയമിതയായി. ജോലി ആരംഭിച്ച് ഒരു വര്‍ഷത്തിനുശേഷം ഒരു ഇടുങ്ങിയ കടലിടുക്കിലൂടെ കടന്നുപോകുമ്പോള്‍ ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച് എം എച്ച് എസ് ഹോക്കുമായി വയലറ്റ് ജോലി ചെയ്തിരുന്ന ഒളിമ്പിക്സ് കപ്പല്‍ കൂട്ടിയിടിച്ചു.  ആ അപകടത്തില്‍ രണ്ട് കപ്പലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചെങ്കിലും, അത് ഒരു കപ്പലിനെയും പൂര്‍ണ്ണമായും നശിപ്പിച്ചില്ല. എന്നു മാത്രമല്ല  ആളപായവുമുണ്ടായില്ല.

 

 

ഒളിമ്പിക്സിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍, വയലറ്റിനെ ഒളിമ്പിക്‌സിന്റെ സഹോദര നൗകയായ ആര്‍ എം എസ് ടൈറ്റാനിക്കിലേക്ക് ജോലിക്കെടുത്തു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ലോകം കണ്ട ഏറ്റവും വലിയ കപ്പല്‍ ദുരന്തത്തിനായിരുന്നു ആ യാത്ര വഴിതുറന്നത്. ടൈറ്റാനിക് ഒരു മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങുമ്പോള്‍ വയലറ്റ് ആ കപ്പലിലുണ്ടായിരുന്നു, പക്ഷേ ഭാഗ്യവശാല്‍ അവര്‍ക്ക് ഒരു ലൈഫ് ബോട്ട് കണ്ടെത്താനും അതിജീവിക്കാനും കഴിഞ്ഞു. അത്ഭുതകരമായ രക്ഷപ്പെടല്‍. 
 
രണ്ടു വലിയ ദുരന്തങ്ങള്‍ തേടി എത്തിയിട്ടും പക്ഷേ അവര്‍ തളര്‍ന്നില്ല. ജോലി തുടരാന്‍ തന്നെയായിരുന്നു  തീരുമാനം. അങ്ങനെ ഒന്നാം ലോകമഹായുദ്ധസമയത്ത് അവള്‍ എച്ച് എം എച്ച് എസ്  ബ്രിട്ടാനിക്കില്‍ റെഡ് ക്രോസ് കാര്യസ്ഥയായി ജോലിയില്‍ പ്രവേശിച്ചു. യുദ്ധത്തില്‍ പരിക്ക് പറ്റുന്ന സൈനികരെ യുകെയിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ഉള്ള ഒരു ഹോസ്പിറ്റല്‍ കപ്പല്‍ ആയിരുന്നു അത്. അങ്ങനെ ഒരു യാത്രയ്ക്കിടയില്‍ വീണ്ടും അത് സംഭവിച്ചു ഈജിയന്‍ കടലിലെ ഒരു ജര്‍മ്മന്‍ ഖനിയില്‍ കപ്പല്‍ ഇടിക്കുകയും മുങ്ങുകയും ചെയ്തു.

പക്ഷേ ഭാഗ്യം വീണ്ടും അവരെ തേടിയെത്തി. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്ന് ഒരു ലൈഫ് ബോട്ടില്‍ വയലറ്റും മറ്റ് നിരവധി യാത്രക്കാരും രക്ഷപ്പെട്ടു. അതോടെ അവര്‍ക്ക് ഒരു പേര് കിട്ടി 'മിസ് അണ്‍സിങ്കബിള്‍' 

ഇനി പറയൂ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീയാണോ അവര്‍? അതോ നിര്‍ഭാഗ്യവതിയായ സ്ത്രീയോ? 
 

click me!