
'അർജന്റീനയിലാണ്' എന്ന് പോസ്റ്റിട്ട ഇന്ത്യക്കാരന് നേരെ കടുത്ത വംശീയാധിക്ഷേപം. സോഷ്യൽ മീഡിയയിലാണ് യുവാവിന് നേരെ കടുത്ത ആക്രമണം നടന്നത്. എന്നാൽ, പിന്നാലെ തന്നെ യുവാവിനെ അനുകൂലിച്ചുകൊണ്ടും പിന്തുണയറിയിച്ചും ആളുകളെത്തി. അർജന്റീനയിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതാണ് തിരു എന്ന യുവാവ്. അതേക്കുറിച്ചുള്ള പോസ്റ്റും യുവാവ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തു. എന്നാൽ, ചിത്രത്തിന് വന്ന കമന്റുകൾ ഏറെയും വംശീയാധിക്ഷേപം നിറഞ്ഞതായിരുന്നു. പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് മറ്റൊരു യുവാവ് പോസ്റ്റ് ഷെയർ ചെയ്തത്.
കോൺഫറൻസിൽ പങ്കെടുക്കാൻ വന്ന തിരു എന്ന യുവാവിന് നേരെ അധിക്ഷേപ കമന്റുകൾ വരുന്നുണ്ട് എന്നും എന്നാൽ അതുപോലെ തന്നെ ആ അധിക്ഷേപകമന്റുകളെ അപലപിച്ചും, യുവാവിന് പിന്തുണയറിയിച്ചും കൂടി കമന്റുകൾ വരുന്നുണ്ട് എന്നും പറഞ്ഞായിരുന്നു പോസ്റ്റ്. 'ഒരു കോൺഫറൻസിനായി അർജന്റീനയിൽ എത്തിയതിന് പിന്നാലെ ഒരു ഇന്ത്യക്കാരൻ ആളുകളെ അഭിവാദ്യം ചെയ്തതാണ്. എന്നാൽ, പെട്ടെന്നുതന്നെ പതിവ് അമേരിക്കൻ ഓൺലൈൻ ട്രോളുകളിൽ നിന്ന് വംശീയാധിക്ഷേപങ്ങളുടെ ഒരു തരംഗം തന്നെ അദ്ദേഹത്തിന് നേരെ ഉണ്ടായി. പക്ഷേ, ഭാഗ്യവശാൽ യഥാർത്ഥ അർജന്റീനക്കാർ മുന്നോട്ടുവരികയും വംശീയതയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. വെറുപ്പിലൂടെ ഈ യുവാവിന്റെ മാനസികാവസ്ഥയെ നശിപ്പിക്കാൻ അവർ അനുവദിച്ചില്ല' എന്നാണ് ആ പോസ്റ്റിൽ പറയുന്നത്.
യുവാവിന് നേരെ ഒരു കാര്യവുമില്ലാതെ ആളുകൾ എന്തിനാണ് വെറുപ്പ് നിറഞ്ഞ കമന്റുകളിടുന്നത് എന്നാണ് പിന്നീട് അനുകൂലിച്ചുകൊണ്ടെത്തിയ പലരും ചോദിച്ചത്. അർജന്റീനയിൽ നിന്നുള്ളവരും പിന്നീട് യുവാവിനെ പിന്തുണച്ചുകൊണ്ടു മുന്നോട്ട് വന്നു. യുവാവിന് ഇത്തരത്തിൽ വംശീയാതിക്രമവും വെറുപ്പും ഏറ്റുവാങ്ങേണ്ടി വന്നതിൽ പലരും ഖേദം പ്രകടിപ്പിച്ചു. ഒപ്പം പലരും 'അർജന്റീനയിലേക്ക് ഊഷ്മളമായ സ്വാഗതം' എന്നും യുവാവിനോട് പറഞ്ഞിട്ടുണ്ട്. തീര്‍ന്നില്ല, നേരിട്ടും അര്‍ജന്‍റീനക്കാര്‍ തന്നെ കാണാനെത്തി എന്നും സ്നേഹവും പിന്തുണയും അറിയിച്ചു എന്നും യുവാവ് പോസ്റ്റിട്ടിട്ടുണ്ട്.