ഒരു ലഗേജിന് മൂന്നിടത്ത് മൂന്ന് തൂക്കം; ഗോവന്‍ വിമാനത്താവളത്തില്‍ ഭാര തട്ടിപ്പെന്ന് പരാതി, ഈടക്കായത് 11,000 രൂപ !

Published : Aug 07, 2025, 08:37 AM IST
luggage weight scam at goa airport

Synopsis

വിമാനത്താവളത്തിലെ മൂന്ന് മെഷ്യനില്‍ ഒരു ലഗേജിന്‍റെ ഭാരം നോക്കിയപ്പോൾ മൂന്ന് തരത്തിലാണ് രേഖപ്പെടുത്തിയത്. ഇതില്‍ ഏറ്റവും കൂടിയ ഭാരത്തിന് കണക്കാക്കി കാശും ഈടാക്കിയെന്ന് പരാതി. 

 

വിമാനത്താവളങ്ങളില്‍ ഭക്ഷണത്തിനും വെള്ളത്തിനും അമിത ഫീസ് വാങ്ങുന്നെന്ന പരാതി നേരത്തെയുണ്ട്. എന്നാല്‍, ലഗേജിന്‍റെ മുകളിലും വിമാനത്താവളങ്ങളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയുമായി ഒരു യാത്രക്കാരന്‍ രംഗത്തെത്തി. ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ചണ്ഡീഗഡിലേക്കുള്ള ഇൻഡിഗോ 6E724 ഫ്ലൈറ്റിൽ യാത്ര ചെയ്ത രത്തൻ ധില്ലൺ എന്ന യാത്രക്കാരനാണ്, താന്‍ ലഗേജ് തൂക്ക തട്ടിപ്പിന് വിധേയനായതായി പരാതിപ്പെട്ടത്.

യാത്രയ്ക്കായി ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രത്തൻ ധില്ലണിന്‍റെ ലഗേജ്, വിമാനത്താവളത്തിലെ വിവിധ കൗണ്ടറുകളില്‍ തൂക്കി നോക്കിയപ്പോൾ വ്യത്യസ്തമായ ഭാരങ്ങളാണ് രേഖപ്പെടുത്തപ്പെട്ടത്. എന്നാല്‍, ഇതില്‍ ഏറ്റവും കൂടിയ ഭാരം കണക്കാക്കി തന്നില്‍ നിന്നും വിമാനത്താവള അധികൃതര്‍ അമിത ഫീസ് ഈടാക്കിയെന്ന് രത്തന്‍ പാരതിപ്പെട്ടു. ഒന്നിൽ മെഷ്യനിലൂടെ കടന്ന് പോയപ്പോൾ 18 കിലോയാണ് ലഗേജിന് ഭാരം കണക്കാക്കിയത്. എന്നാല്‍ രണ്ടാമത്തെ മെഷ്യനിൽ ഇത് 16 കിലോയായി കുറഞ്ഞു. മൂന്നാമത്തെ മെഷീനിലെത്തിയപ്പോൾ ഭാരം 15 കിലോയായി വീണ്ടും കുറഞ്ഞു. ഈ ഭാര വ്യത്യാസം രത്തന്‍ ചോദ്യം ചെയ്തു. എന്നാല്‍, ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ ഏറ്റവും കൂടുയ ഭാരത്തിനുള്ള പണം തന്നില്‍ നിന്നും ഈടാക്കിയെന്നും രത്തന്‍ ആരോപിച്ചു.

 

 

ഇത് ശുദ്ധ മോഷണമാണെന്നായിരുന്നു രത്തന്‍ ഈ വിഷയത്തോട് പ്രതികരിക്കവെ പറഞ്ഞത്. തനിക്ക് ലഗേജിന് 11,900 രൂപ അടയ്ക്കേണ്ടിവന്നെന്നും ഒരു കുടയ്ക്ക് മാത്രം 1,500 രൂപ അധികം വാങ്ങിയെന്നും രത്തന്‍ ചൂണ്ടിക്കാട്ടി. രത്തന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയും രൂക്ഷമായ പ്രതികരണത്തിന് കാരണമാവുകയും ചെയ്തു. വിഷയം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി ഇന്‍ഡിഗോയും രംഗത്തെത്തി. ബാഗേജ് തൂക്കുന്ന ഉപകരണങ്ങൾ എയർപോർട്ട് അതോറിറ്റികൾ അംഗീകരിച്ചവയാണെന്നും അവ യഥാസമയം കാലിബ്രേറ്റ് ചെയ്യുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടിയ ഇന്‍ഡിഗോ യാത്രക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവകാശപ്പെട്ടു.

ഒപ്പം, രത്തനെ കൂടാതെ മറ്റൊരു യാത്രക്കാരനും ആ സമയത്ത് അധിക ലഗേജുമായെത്തിയെന്നും. ഇത് രണ്ടും കൂടി 52 കിലോ തൂക്കം കാണിച്ചു. ഇതേ തുടര്‍ന്ന് ഒരോ ആൾക്കും അനുവദിച്ച 15 കിലോ ഭാരത്തിനും അധികം കടന്നതിനാൽ ഫീസ് ചാർട്ട് അനുസരിച്ചാണ് പണം ഈടാക്കിയതെന്നും എയര്‍ലൈന്‍സ് അറിയിച്ചു. പിന്നാലെ ഇന്‍ഡിഗോയെ പിന്തുണച്ച് വിമാനത്താവള അധികൃതരും രംഗത്തെത്തി. ദബോലിം വിമാനത്താവളത്തിലെ തൂക്കോപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതാണെന്നും ഉപകരണത്തിന് തകരാര്‍ ഇല്ലെന്നും അവര്‍ അറിയിച്ചു. അതേസമയം ഒരു ലഗേജിന് പല ഭാര ഉപകരണങ്ങളില്‍ പല തൂക്കം രേഖപ്പെടുത്തിയതിനെ വിശദീകരിക്കാന്‍ ഇരുവരും തയ്യാറായില്ല.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?