
കൊവിഡിന് ശേഷം പല കമ്പനികളും പലപ്പോഴും ആളുകളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. ഇത് ജീവനക്കാരിലുണ്ടാക്കുന്ന അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും ഭീകരമാണ്. ചില കമ്പനികളൊക്കെ ഒരു നോട്ടീസ് പോലും നൽകാതെ ആളുകളെ പിരിച്ചു വിടാറുണ്ട്. അവർക്ക് മറ്റ് ജോലികൾ തരപ്പെടുമോ, പിന്നീട് അവരെങ്ങനെ ജീവിക്കും ഇതൊന്നും ഈ കമ്പനികൾ കാര്യമാക്കാറേയില്ല. അങ്ങനെയുള്ള ഈ കാലത്ത് ഒരു സിഇഒ ചെയ്ത കാര്യമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
ബെംഗളൂരുവിൽ നിന്നുള്ള OkCredit -ന്റെ സിഇഒയും സ്ഥാപകനുമായ ഹർഷ് പൊഖർണ ആണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്റെ കമ്പനിയിൽ നിന്നും 70 ജീവനക്കാരെ പിരിച്ചുവിട്ടതായി അറിയിച്ചത്. എന്നാൽ, എങ്ങനെയാണ് കമ്പനി ആ പിരിച്ചുവിടൽ പ്രക്രിയ നടത്തിയത് എന്നും അദ്ദേഹം വിശദീകരിച്ചു. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രശംസ ഏറ്റുവാങ്ങുന്നത്.
ലിങ്ക്ഡ്ഇന്നിലാണ് ബജറ്റിലുള്ള പ്രശ്നങ്ങൾ കൊണ്ട് ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വന്നു എന്ന് ഹർഷ് പൊഖർണ വെളിപ്പെടുത്തിയത്. 18 മാസം മുമ്പാണ് 70 ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നത്. ജീവനക്കാരെ നിയമിച്ചതടക്കം പെട്ടെന്നായിരുന്നു, അതെല്ലാം തങ്ങളുടെ തെറ്റായിരുന്നു. എന്നാൽ, പിരിച്ചു വിടുമ്പോഴും അത് ശരിയായി ചെയ്യാൻ തങ്ങൾ ശ്രമിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.
അതിനായി, പിരിച്ചുവിടേണ്ടി വന്നവരെ വിളിച്ച് കാര്യങ്ങളെല്ലാം സംസാരിച്ചു. അവർക്ക് പുതിയൊരു ജോലി കണ്ടെത്തുന്നതിനുള്ള സമയമെന്നോണം മൂന്ന് മാസത്തെ നോട്ടീസ് പിരിയഡ് നൽകി. അവർക്ക് ജോലി കണ്ടെത്താനുള്ള സഹായങ്ങളെല്ലാം ചെയ്തു. 67 പേർക്ക് ജോലി കണ്ടെത്താൻ സാധിച്ചു. കിട്ടാത്ത മൂന്ന് പേർക്ക് രണ്ട് മാസത്തെ ശമ്പളം അധികം നൽകി എന്നും പോസ്റ്റിൽ പറയുന്നു.
നമ്മൾ ജോലിക്ക് ആളുകളെ എടുക്കുമ്പോൾ അവരെ കുടുംബം എന്നാണ് വിളിക്കുന്നത്. അത് പറഞ്ഞാൽ പോരാ അവരെ കുടുംബമായി തന്നെ കാണണം എന്നും ഹർഷ് പൊഖർണ തന്റെ പോസ്റ്റിൽ പറയുന്നു. ഒരുപാടുപേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. വളരെ വലിയ കാര്യമാണ് ഈ സിഇഒ ചെയ്തത് എന്നും ഇത്തരം സിഇഒമാരെയാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നും പലരും അഭിപ്രായപ്പെട്ടു.