
സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ് ജീവിക്കുന്ന ട്രാൻസ്ജെൻറർ വ്യക്തികളെ ഇന്നും സ്വീകരിക്കാനും അംഗീകരിക്കാനും നമ്മുടെ സമൂഹം തയ്യാറായിട്ടില്ല. പലപ്പോഴും അസ്വീകാര്യതയോടെ നമ്മളിൽ പലരും അവരെ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്നു. എന്നാൽ. അവരിലും മനുഷ്യത്വവും സ്നേഹവും നിറഞ്ഞ് നിൽക്കുന്നെന്ന് വ്യക്തമാക്കിയ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഖഗരിയ ജംഗ്ഷൻ എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവച്ച രണ്ട് ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. മൂവായിരത്തി ആറു നൂറോളം പേരാണ് ഫേസ്ബുക്ക് കുറിപ്പ് ലൈക്ക് ചെയ്തത്.
ട്രെയിനിൽ യാത്രയിൽ പലപ്പോഴും ട്രാന്‍സ്ജെന്‍ഡറുകൾ കയറുമ്പോൾ യാത്രക്കാരിൽ പലരും അസ്വസ്ഥത പ്രകടിപ്പിക്കുന്നു. എന്നാൽ ബീഹാറിലൂടെ ഓടുന്ന ഒരു ട്രെയിനിൽ നിന്നും ഈ ചിത്രങ്ങൾ കാഴ്ചക്കാരെ ഏറെ ആകർഷിച്ചു. ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഫേസ്ബുക്ക് കുറിപ്പിൽ ഇങ്ങനെ എഴുതി, യുവാവ് ട്രെയിനിൽ നിശബ്ദനായി ഏറെ സങ്കടത്തോടെ ഇരിക്കുകായിരുന്നു. ഇതിനടെ പതിവ് പോലെ ട്രാൻസ്ജെന്‍ഡർ യുവതി അവന്‍റെ അടുത്ത് വരികയും തലയിൽ കൈവച്ച് പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് യുവാവ് കരയുകയായിരുന്നു. കരച്ചിലിനിടെയിലൂടെ തന്‍റെ കൈയിൽ പണമില്ലെന്നും രണ്ട് ദിവസമായി ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നും അവൻ പറഞ്ഞു. പിന്നാലെ ഏവരെയും അമ്പരപ്പിച്ച് എന്തിനാണ് നീ കരയുന്നതെന്നും പണം ഞാന്‍ തരാമെന്നും ട്രാന്‍സ്ജെന്‍ഡർ യുവതി പറഞ്ഞു. പിന്നാലെ അവർ തന്‍റെ പേഴ്സിൽ നിന്നും പണമെടുത്ത് അയാൾക്ക് നൽകി. ആദ്യം അത് വാങ്ങാൻ അയാൽ തയ്യാറായില്ലെങ്കിലും തന്‍റെ പ്രാർത്ഥന ഇന്ന് നിന്നോടൊപ്പമുണ്ടാകുമെന്ന് പറഞ്ഞ് അവർ അടുത്ത ആളിന് അടുത്തേക്ക് നീങ്ങിയെന്നും കുറിപ്പിൽ പറയുന്നു.
ചിത്രങ്ങളും കുറിപ്പും വളരെ പെട്ടെന്ന് തന്നെ വൈറലായി. ട്രാന്‍സ്ജെന്‍ഡറിന്‍റെ പ്രവർത്തി കാഴ്ചക്കാരെ ഏറെ ആകർഷിച്ചു. അവർ പ്രശംസയും അഭിനന്ദനങ്ങളും കൊണ്ട് കമന്‍റ് ബോക്സ് നിറച്ചു. ലോകത്തിലെ എല്ലാവരും നല്ലവരല്ലാത്തതുപോലെ, എല്ലാ ട്രാൻസ്‌ജെൻഡർ വ്യക്തിയും മോശക്കാരനല്ലെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. ഈ ലോകത്ത് ഇപ്പോഴും നല്ല ആളുകൾ അവശേഷിക്കുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. അവരും മനുഷ്യരാണെന്നും കുറിപ്പ് തന്നെ കരയിച്ചെന്നും നിരവധി പേർ എഴുതി. അതേസമയം ചിത്രത്തിന്‍റെ ആധികാരികത ഇന്ത്യൻ റെയിൽവേ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.