ഇത് ക്രൂരത, സംസാരിക്കുന്ന പൂച്ചയുടെ ഉടമയ്‍ക്കെതിരെ മൃഗസ്നേഹികള്‍, അവസാനം പൊലീസ് സ്റ്റേഷനിൽ പരാതിയും

By Web TeamFirst Published Nov 17, 2021, 8:57 PM IST
Highlights

പിന്നീട്, പുല്ലുവഴി ആസ്ഥാനമായ അനിമൽ ലീഗൽ ഫോഴ്‌സ് പള്ളുരുത്തി പൊലീസിന് പരാതി നൽകി. 

അടുത്തിടെയാണ് കേരളത്തിലെ ഒരു പൂച്ച(cat) വൈറലാ(viral)യത്. വൈറലാവാന്‍ കാരണം വേറെയൊന്നുമല്ല, ഈ പൂച്ച സംസാരിക്കുമത്രെ(talking cat). എന്നാല്‍, പൂച്ചയുടെ സംസാരം വൈറലായതോടെ ഉടമയ്ക്കെതിരെ മൃഗസ്നേഹികളുടെ രോഷവും ഉണ്ടായി. വിവിധ പെറ്റ്സ് ഗ്രൂപ്പുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പൂച്ച പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് പൂച്ചയുടെ ഉടമയ്ക്കെതിരെ ആളുകള്‍ പ്രതികരിച്ച് തുടങ്ങിയതും. നിരവധിപ്പേരാണ് പൂച്ചയുടെ വീഡിയോ ഷെയര്‍ ചെയ്തത്. പള്ളുരുത്തി സ്വദേശിയുടേതാണ് ഈ വൈറലായ പൂച്ച. 

എന്നാല്‍, പൂച്ചയുടെ ഉടമയുടെ കുട്ടി ഞെക്കുമ്പോഴാണ് അത് വാക്കുകള്‍ പോലെ താളത്തില്‍ കരയുന്നത് എന്നാണ് ആളുകള്‍ പറയുന്നത്. അത് വേദന കൊണ്ടുള്ള കരച്ചിലാണ് എന്നും ആളുകള്‍ വാദിക്കുന്നുണ്ട്. ഇങ്ങനെ അതിനെ വേദനിച്ച് സംസാരിക്കുന്നതു പോലെ കരയിച്ചാൽ പരാതി നൽകുമെന്നും പലരും അറിയിച്ചിരുന്നു. പിന്നീട്, പുല്ലുവഴി ആസ്ഥാനമായ അനിമൽ ലീഗൽ ഫോഴ്‌സ് പള്ളുരുത്തി പൊലീസിന് പരാതി നൽകി. ജന്തുക്കളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് പൂച്ചയെ കരയിച്ചു എന്നതിനാൽ കുട്ടികൾക്ക് എതിരെയുള്ള ക്രൂരത തടയൽ നിയമപ്രകാരവും ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് പരാതി നൽകിയത്.  

പരാതി കിട്ടിയിട്ടുണ്ട് എന്നും എന്നാൽ കൂടുതൽ അന്വേഷിച്ചതിന് ശേഷമേ എന്തെങ്കിലും ഇതേക്കുറിച്ച് പറയാൻ കഴിയൂ എന്നും പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ നിന്നും പറയുന്നു. 

(ചിത്രം പ്രതീകാത്മകം)
 
 

click me!