
രാജ്യം വികസനത്തിന്‍റെ പാതയിലാണെന്നാണ് ഭരണാധികാരികൾ അവകാശപ്പെടുന്നത്. എന്നാല്‍ പുറത്ത് വരുന്ന പാല കാര്യങ്ങളും വികസനത്തെ പിന്നോട്ടിക്കുന്നവയാണെന്നതാണ് ഒരു യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും അടുത്തകാലത്തായി ഇന്ത്യയില്‍ തകര്‍ന്ന് വീണ പാലങ്ങളുടെയും ദേശീയ പാതകളുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ പാതയില്‍ പണിപൂര്‍ത്തിയായതും നിര്‍മ്മാണത്തില്‍ ഇരിക്കുന്നതുമായ 21 പാലങ്ങളാണ് 2024 ല്‍ മാത്രം തകർന്നതെന്ന് രാജ്യസഭയില്‍ ദേശീയ ഗതാഗത മന്ത്രാലയം അറിയിച്ചത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇത്തരം തകർച്ചകളുടെ മറ്റെരു മുഖം വെളിപ്പെടുത്തി.
ജാര്‍ഖണ്ഡിലെ ഖുണ്ടി എന്ന ഗ്രാമത്തില്‍ നിന്നുള്ള വീഡിയോയായിരുന്നു എഎന്‍ഐ പങ്കുവച്ചത്. വീഡിയോയില്‍ ഒരു കൂട്ടം കൂട്ടികൾ രാവിലെ സ്കൂളില്‍ പോകാനായി രണ്ടായി തകർന്ന് വീണ ഒരു പാലത്തിലൂടെ അതിസാഹസികമായി നടന്ന് പോകുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വീഡിയോയുടെ തുടക്കത്തില്‍ റോഡിലൂടെ നടന്ന് വരുന്ന കുട്ടികൾ തകർന്ന് വീണ പാലത്തിന്‍റെ വിള്ളലിലൂടെ താഴേയ്ക്ക് വീഴാതിരിക്കാന്‍ ഏറെ ശ്രദ്ധയോടെ ചാടിക്കടക്കുന്നത് കാണാം. പിന്നാലെ തകർന്ന പാലത്തിലൂടെ നദിയിലേക്ക് ഇറങ്ങുന്നു. അവിടെ നിന്നും തകരാതെ നില്‍ക്കുന്ന പാലത്തിലേക്ക് ഒരു മുളയേണിയിലൂടെ വിദ്യാര്‍ത്ഥികൾ പാട് പെട്ട് കയറുന്നതും വീഡിയോയില്‍ കാണാം.
ജൂണ്‍ 19 ന് ഉണ്ടായ മഴയെ തുടർന്നാണ് പെളാൽ ഗ്രാമത്തിലെ ബനൈ നദിയിൽ സ്ഥിതി ചെയ്യുന്ന പാലം തകർന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വാഹനങ്ങൾ മറുകര കടക്കാന്‍ വളഞ്ഞ വഴിയിലൂടെ പോകുന്നു. എന്നാല്‍ സ്കൂൾ കുട്ടികൾക്ക്, പ്രത്യേകിച്ചും സമീപ ഗ്രാമങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമങ്ങളില്‍ നിന്നുള്ള സ്കൂൾ കുട്ടികൾക്ക് പഠന യാത്ര ദുരിത യാത്രയായി മാറി. കുട്ടികൾക്ക് അപകടം സംഭവിക്കാതിരിക്കാനായി മാതാപിതാക്കളോ മറ്റ് മുതിർന്നവര്‍ ആരെങ്കിലുമോ കുട്ടികളെ രാവിലെയും വൈകുന്നേരവും സ്കൂളിലേക്ക് കൊണ്ടാക്കുകയും കൂട്ടിക്കൊണ്ട് വരികയും ചെയ്യുമെന്ന് ഗ്രാമവാസികൾ പറഞ്ഞു. അതേസമയം രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഒരു സമാന്തര രണ്ട് ലൈന്‍ റോഡിന്‍റെ പണി പൂര്‍ത്തിയാകുമെന്നും ദുരിതങ്ങൾക്ക് ശമനമാകുമെന്നും എസ്ഡിഒ അരവിന്ദ് ഓജ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം മുളയുടെ എണ്ണി പാലത്തില്‍ നിന്നും എടുത്ത് മാറ്റിയെന്നും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.