ഫ്രാൻസിലെ ഉപരിപഠനം, വിദ്യാർത്ഥിനിക്ക് വന്ന ചിലവ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, വൈറലായി വീഡിയോ

Published : Apr 05, 2026, 10:45 AM IST
viral video

Synopsis

ഉപരിപഠനത്തിനായി ഫ്രാൻസിലേക്ക് പോയ റൈൻ എന്ന ഇന്ത്യൻ വിദ്യാർത്ഥിനി തനിക്കുണ്ടായ ചിലവുകളെ കുറിച്ച് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. 44 ലക്ഷത്തിലധികം രൂപ ചിലവായി എന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. 

ഉപരിപഠനത്തിനായി ഇന്ന് ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. വിദേശത്ത് പഠിച്ച് അവിടെ തന്നെ ജോലി നേടി അവിടെ തന്നെ ജീവിക്കുക എന്നതാണ് പലരുടേയും ആ​ഗ്രഹം. എന്നാൽ, ഇത് അത്ര എളുപ്പമല്ല. ഒരുപാട് പണച്ചിലവ് വരുന്ന കാര്യമാണ് വിദേശത്തേക്ക് പോവുക, അവിടെ പഠിക്കുക എന്നത്. അങ്ങനെ ഫ്രാൻസിലേക്ക് വരാൻ തനിക്ക് എത്ര രൂപ ചിലവായെന്ന കണക്കുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ് റൈൻ എന്ന ഇന്ത്യൻ വിദ്യാർത്ഥിനി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ഓരോ കാര്യങ്ങൾക്കുമായി ചിലവായ തുക കൃത്യമായി റൈൻ വ്യക്തമാക്കുന്നുണ്ട്.

ഈ വലിയ തുക കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പഠനത്തിനായി ഇത്രയും അധികം പണം ചിലവാക്കുന്നത് ലാഭകരമാണോ എന്നാണ് പലരുടേയും സംശയം. റൈൻ പങ്കുവെച്ച ചിലവുകൾ ഇങ്ങനെയാണ്: യൂണിവേഴ്സിറ്റി ഫീസ് (3 വർഷത്തേക്ക്) 32,00,000, വിസയ്ക്കുള്ള ബാങ്ക് ബാലൻസ് 11,00,000, വിസ, വിമാന ടിക്കറ്റ് 60,000, ഫോറെക്സ് കാർഡ് 80,000, അറ്റസ്റ്റേഷൻ, അപ്പോസ്റ്റിൽ 6,000, ആകെ തുക 44,46,000.

 

 

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. 'ഇത് വളരെ വലിയ തുകയാണല്ലോ' എന്നും 'ഇത്രയും പണം ചിലവാക്കി അവിടെ പോകുന്നതിന് അതിന്റേതായ നേട്ടമുണ്ടോ' എന്നൊക്കെയാണ് പലരും കമന്റ് ബോക്സിൽ ചോദിക്കുന്നത്. എന്നാൽ, മറ്റ് ചിലർ റൈനിന്റെ ഭാവിക്ക് ആശംസകൾ നേരുകയാണ് ചെയ്തത്. അതേസമയം, ഇന്ന് പലരും തങ്ങൾക്ക് വിദേശത്തേക്ക് പോകാനും പഠനത്തിനുമായി ചെലവഴിക്കേണ്ടി വരുന്ന തുകയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ഇത് സഹായകരമാണെങ്കിലും ഈ പണച്ചിലവ് ആശങ്കയും ഉണ്ടാക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ വായ്പ പോലും തിരിച്ചടക്കാനാവുന്നില്ല, നാട്ടിലേക്ക് വരണോ? യുകെയിൽ നിന്നും ദമ്പതികൾ
നായയെ അയൽവാസി വിഷം വച്ചുകൊന്നു, ജോലി പോലും രാജിവച്ച് നിയമപഠനം, 3 വർഷം യുവതിയുടെ പോരാട്ടം