
വാലില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോൾ മുതലയുടെ അപ്രതീക്ഷിത പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. മൈക്ക് ഹാല്‍സ്ടണ്‍ എന്ന വന്യജീവി പ്രവര്‍ത്തകനാണ് വീഡിയോ പങ്കുവച്ചത്. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടായ ദി റിയല്‍ ടാര്‍സന്‍ എന്ന അക്കൗണ്ടിലൂടെ മൈക്ക് തന്നെയാണ് വീഡിയോയും പങ്കുവച്ചത്. കുറ്റന്‍ പാമ്പുകളോടും മുതലകളോടുമൊപ്പമുള്ള നിരവധി വീഡിയോകൾ ഇതിനകം മൈക്ക് പങ്കുവച്ചിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോയില്‍ ഒരു കുളത്തില്‍വളര്‍ത്തുകയായിരുന്ന കുറ്റനൊരു മുതലയുടെ വാലില്‍ പിടിക്കാനുള്ള മൈക്കിന്‍റെ ശ്രമമാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കിയത്.
വീഡിയോയില്‍ കലങ്ങി മറിഞ്ഞൊരു കുളത്തില്‍ ശാന്തനായി പാതിവെള്ളത്തിന് മുകളില്‍ വെയില്‍ കാഞ്ഞിരിക്കുന്ന മുതലയെ കാണാം. തൊട്ട് പിന്നിലായി മൈക്ക് ഇരിപ്പുണ്ട്. അദ്ദേഹം കൂറ്റന്‍ മുതല എന്ന് പറഞ്ഞ് കൊണ്ട് വെള്ളത്തിലുള്ള മുതലയുടെ വാലില്‍ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. വാല്‍ ഒരു വിധത്തില്‍ പിടിച്ച് ഉയര്‍ത്തുന്നതനിടെ ഒരു നിമിഷാര്‍ദ്ധത്തിനിടെ മുതല തിരിഞ്ഞ് മൈക്കിനെ കടിച്ചെടുക്കാനായി ശ്രമിക്കുന്നു. മുതലയുടെ അപ്രതീക്ഷിത നീക്കത്തില്‍ ഭയന്ന് പോയ മൈക്ക് ഉടനെ തന്നെ അവിടെ നിന്നും പുറത്ത് കടക്കുന്നതും കാണാം. കൂറ്റന്‍ സുമാത്രന്‍ ഉപ്പുവെള്ള മുതല. ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ് വീഡിയോയെന്നും മൈക്ക് വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ തീ കൊണ്ടാണ് നിങ്ങൾ കളിക്കുന്നതെന്ന് മൈക്കിനെ ഓര്‍മ്മപ്പെടുത്തി. മറ്റ് ചിലര്‍ ആഫ്രിക്കയിലെ പ്രശസ്തമായ ശവപ്പെട്ടി നൃത്തത്തിന്‍റെ മീമുകളാണ് പങ്കുവച്ചത്. ഇതിനകം 53 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഇത് ബുദ്ധിപരമായ നീക്കമല്ല. വന്യമൃഗങ്ങളോട് കുറച്ച് കൂടി ബുദ്ധിപരമായി ഇടപെടുകയെന്ന് ഒരു കാഴ്ചക്കാരന്‍ മൈക്കിനെ ഉപദേശിച്ചു. ചെറിയൊരു അശ്രദ്ധ നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുമെന്ന് മറ്റ് ചിലര്‍ ഉപദേശിച്ചു. അതേസമയം മൈക്ക് ഏറെ പരിചിതനായ വന്യജീവി പ്രവര്‍ത്തകനാണെന്നും അദ്ദേഹം സുരക്ഷയെ കുറിച്ച് ഏറെ ബോധവാനാണെന്നും അദ്ദേഹത്തിന്‍റെ ആരാധകരും കുറിച്ചു.