
പട്ടാപ്പകല്‍ ഹരിയാനയിലെ റിവാരി നഗരത്തില്‍ വീട്ടുമുറ്റത്തിരുന്ന ഒരു ബുള്ളറ്റും ഒരു ബൈക്കിനും തീയിട്ട ശേഷം വീട്ടിലേക്ക് വിളിച്ച് ഇത് ട്രെയിലറാണെന്നും ഒരു ലക്ഷം രൂപ മോചന ദ്രവ്യം വേണമെന്നും ആവശ്യപ്പെട്ടെന്ന് പരാതി. തുടർന്ന് വിളിച്ചയാൾ പണം കൈമാറിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
വീട്ടിന് മുന്നിലെ സിസിടിവിയാണ് സംഭവം പതിഞ്ഞത്. വീട്ടുമുറ്റത്ത് ഒരു ബുള്ളറ്റും സമീപത്തിരുന്ന ഒരു അപ്പാച്ചെ ബൈക്കും ഇരിക്കുന്നതായി കാണാം. മറുവശത്ത് നിന്നും നീല നിറത്തിലുള്ള പാന്‍റും ഷര്‍ട്ടും ധരിച്ച രണ്ട് പേര്‍ നടന്നു വരുന്നു. ഇതിലൊരാൾ വേഗം നടന്ന് മുന്നോട്ട് വന്ന് ബൈക്കുകൾക്ക് മുകളിലേക്ക് കൈയിലിരുന്ന കുപ്പിയില്‍ നിന്നും ഒരു ദ്രാവകം ഒഴിക്കുന്നു. രണ്ടാമത്തെ ബൈക്കിലും ദ്രാവകം ഒഴിച്ചതിന് പിന്നാലെ അതുവരെ മാറി നിന്ന രണ്ടാമത്തെയാൾ മുന്നോട്ട് വരികയും തന്‍റെ കൈയിലിരുന്ന തീപ്പെട്ടി കത്തിച്ച് എറിയുകയായിരുന്നു. ഇതോടെ രണ്ട് വാഹനങ്ങളിലും തീ പടർന്നു. ഇതിനിടെ ഇരുവരും അവിടെ നിന്നും പെട്ടെന്ന് തന്നെ പോയി.
തന്‍റെ രണ്ട് മോട്ടോർ സൈക്കിളുകൾ അജ്ഞാതർ കത്തിച്ചതായി ചിപ്റ്റ്‌വാഡ നിവാസി സിറ്റി പോലീസ് സ്റ്റേഷനിലെ ജഗൻ ഗേറ്റ് ഔട്ട്‌പോസ്റ്റിൽ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം നടന്ന് നിമിഷങ്ങൾക്ക് ശേഷം, പരാതിക്കാരന് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. വിളിച്ചയാൾ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും തുക നൽകിയില്ലെങ്കിൽ ഗുരുതരമായ നാശനഷ്ടം വരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. പ്രചരിക്കാൻ തുടങ്ങി, ഇത് പ്രദേശവാസികളിൽ ആശങ്ക ഉളവാക്കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സിസിടിവിയിൽ പതിഞ്ഞ പ്രതികളെ തിരിച്ചറിയാനും പണം തട്ടാൻ ഉപയോഗിച്ച ഫോൺ നമ്പർ കണ്ടെത്താനുമുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.