
കടക്കാരെ തെറ്റിദ്ധരിപ്പിച്ച് മോഷണം നടത്തുന്നത് ഇന്നൊരു പതിവ് കാഴ്ചയാണ്. പ്രത്യേകിച്ചും നന്നായി വസ്ത്രധാരണം ചെയ്ത് മാന്യമായി സംസാരിച്ച് കൊണ്ട് ആളുകളുടെ വിശ്വാസം നേടിയ ശേഷമാകും ഇത്തരക്കാര്‍ മോഷണം നടത്തുക. ആദ്യം യാതൊരു സംശയവും പുറമേയ്ക്ക് തോന്നില്ല. പക്ഷേ, ഇത്തരം മോഷ്ടാക്കളെല്ലാം കുടുങ്ങുന്നത് സിസിടിവി ക്യാമറയിലാണ്. അത്തരമൊരു സംഭവത്തിൽ ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ഉപഭോക്താക്കളായി നടിച്ചെത്തിയ ദമ്പതികൾ ഒരു ജ്വല്ലറി ഷോറൂമിൽ നിന്ന് ഏകദേശം 6 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. മോഷണത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളിൽ പതിഞ്ഞു. ജ്വല്ലറി ഉടമയുടെ പരാതിക്ക് പിന്നാലെ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നായ ഡിഎം റോഡിലെ ഒരു ജ്വല്ലറി കടയിലാണ് സംഭവം നടന്നത്. കടയുടമയായ ഗൗരവ് പണ്ഡിറ്റിന്‍റെ മൊഴി പ്രകാരം, ദമ്പതികൾ സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് ഷോറൂമിൽ എത്തിയത്. അവർ ജീവനക്കാരോട് സ്വർണ്ണ നെക്‌ലേസുകൾ ഉൾപ്പെടെ നിരവധി ആഭരണങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടു. ആഭരണങ്ങൾ എടുത്ത് വെക്കുന്നതിനിടെ വിൽപ്പനക്കാരൻറെ ശ്രദ്ധ മാറിയ തക്കം നോക്കി സ്ത്രീ സമർത്ഥമായി ആഭരണങ്ങൾ മോഷ്ടിച്ചു. അസാമാന്യമായ വേഗത്തിൽ അവർ നെക്‌ലേസ് വെച്ച ഒരു ബോക്‌സ് എടുത്ത് സാരിക്കുള്ളിൽ ഒളിപ്പിച്ചു. സംശയം തോന്നാത്ത വിധം നിമിഷങ്ങൾക്കുള്ളിൽ അവർ ഇത് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞു. ഈ സമയം ഭർത്താവ് ജീവനക്കാരനോട് സംസാരിച്ച് കൊണ്ട് അയാളുടെ ശ്രദ്ധ മാറ്റി.
മോഷണ ശേഷം ആർക്കും സംശയം തോന്നാത്ത വിധം ഡിസൈനുകൾ ഇഷ്ടമായില്ലെന്ന് ഭാവിച്ച് കൊണ്ട് ദമ്പതികൾ കടയിൽ നിന്ന് പോയി. ആ സമയത്ത് ജീവനക്കാർക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. എന്നാൽ, പിന്നീട് പതിവ് സ്റ്റോക്ക് പരിശോധനക്കിടെ നെക്‌ലേസ് വെച്ച ഒരു ബോക്‌സ് കാണാനില്ലെന്ന് ജ്വല്ലറി ഉടമ ഗൗരവ് പണ്ഡിറ്റ് കണ്ടെത്തി. ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് മോഷണ ദൃശ്യങ്ങൾ കണ്ടെത്തിയത്. ഗൗരവ് ഉടൻ തന്നെ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതികളായ ദമ്പതികളുടെ മുഖങ്ങളും പ്രവർത്തികളും വ്യക്തമായി കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഉത്സവ സീസണിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുമായി ഇടപഴകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കാൻ പൊലീസ് ജ്വല്ലറി ഉടമകളോട് ആവശ്യപ്പെട്ടു.