
നമ്മുടെ നാട്ടിൽ മാത്രമല്ല അങ്ങ് വിദേശത്തും പച്ചക്കറി തൊട്ടാൽ കൈ പൊള്ളുമെന്ന് തെളിയിക്കുകയാണ് ഒരു സമൂഹ മാധ്യമ പോസ്റ്റ്. സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന ഷിവി എന്ന ഇന്ത്യൻ യുവതി തന്‍റെ നാലുപേർ അടങ്ങുന്ന സസ്യാഹാര കുടുംബത്തിന്‍റെ പ്രതിമാസ പലചരക്ക് ചെലവുകൾ പങ്കുവെച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഓഗസ്റ്റിൽ തന്‍റെ കുടുംബം പലചരക്ക് സാധനങ്ങൾക്കായി ഏകദേശം 935 ഡോളർ ചെലവഴിച്ചതാണ് ഇവർ അവകാശപ്പെട്ടത്. ഏതാണ്ട് 83,000 ഇന്ത്യൻ രൂപയോളം വരുമിത്. എങ്ങനെയാണ് ഇത്രയും തുക ചെലവഴിച്ചതെന്നും അവര്‍ തന്‍റെ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചു.
ഇന്ത്യൻ പലചരക്ക് കടകൾ, കോസ്റ്റ്‌കോ, സേഫ്‌വേ, ട്രേഡർ ജോസ്, പ്രാദേശിക കർഷക വിപണി എന്നിവിടങ്ങളിൽ നിന്നാണ് താൻ പച്ചക്കറി ഉൾപ്പടെയുള്ള പലചരക്ക് സാധനങ്ങൾ വാങ്ങുന്നതെന്നാണ് ഷിവി പറയുന്നത്. ഇന്ത്യൻ പലചരക്ക് കടകളിൽ 225 ഡോളർ. കോസ്റ്റ്‌കോയിൽ നിന്നുള്ള ഒറ്റത്തവണ ഓൺലൈൻ ഓർഡറിന് 154 ഡോളർ, സേഫ്‌വേ ആൻഡ് ട്രേഡർ ജോസിൽ 351 ഡോളർ, കർഷക വിപണിയിൽ ഏകദേശം 120 ഡോളർ എന്നിങ്ങനെയാണ് ഓഗസ്റ്റ് മാസത്തിലെ ഏകദേശ ചെലവ് ഇനമായി ഇവർ വിശദമാക്കിയിരിക്കുന്നത്. ഉച്ചഭക്ഷണം ഉൾപ്പെടെ മിക്കവാറും എല്ലാ ഭക്ഷണങ്ങളും താൻ വീട്ടിൽ തന്നെ തയ്യാറാക്കാറുണ്ടെന്നും ഷിവി വിശദീകരിച്ചു. ഭക്ഷണം പരമാവധി വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കുന്നത് കൊണ്ടാണ് തങ്ങളുടെ ചെലവ് ഇത്രയുമാക്കി ചുരുക്കാൻ കഴിയുന്നതെന്നും ഇവർ വീഡിയോയിൽ അവകാശപ്പെട്ടു. .ഭക്ഷണം വീട്ടിൽ പാചകം ചെയ്തു കഴിക്കുന്നതിലൂടെ പ്രതിമാസം 50 ഡോളർ വരെ തങ്ങൾ ലാഭിക്കുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ നിരവധി പേർ തങ്ങളുടെ പലചരക്ക് ബില്ലുമായി ഒത്തു നോക്കി ഷിവിയെ അഭിനന്ദിച്ചു. സാധനങ്ങൾക്ക് വില കൂടുതലാണെങ്കിലും ഭക്ഷണം വീട്ടിൽ പാകം ചെയ്ത് കഴിക്കുമ്പോൾ ചെലവ് കുറയ്ക്കാൻ കഴിയുമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ചിലർ തങ്ങൾക്ക് 1,500 ഡോളറിൽ അധികം മാസം ചെലവ് വരാറുണ്ടെന്നായിരുന്നു അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ ഇതൊരു വലിയ ചെലവായി കരുതേണ്ടന്നും ചിലര്‍ ഉപദേശിച്ചു.