
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ വയോധിക അപകടത്തിൽപ്പെട്ടു. കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിൽ നിന്നും പുറപ്പെട്ടതിന് ശേഷം ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് വീഡിയോയില്‍ വ്യക്തം. റെയിൽവേ ട്രാക്കിലേക്ക് വീണുപോയ സ്ത്രീയെ ആർപിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട ഇവർക്ക് പ്രാഥമിക വൈദ്യസഹായം നൽകിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. റെയിൽവേ സിസിടിവിയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ പ്ലാറ്റ്ഫോമിൽ നിന്നും എടുത്ത ഗരീബ് രഥ് എക്സ്പ്രസിൽ (12593) നിരവധി ആളുകൾ ചാടിക്കയറുന്നത് കാണാം. ഇതിനിടയിലാണ് വയോധികയായ സ്ത്രീയും ട്രെയിനിലേക്ക് ചാടി കയറാൻ ശ്രമിച്ചത്. ഇതിനിടെ ചിലര്‍ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാരില്‍ ചിലര്‍ ഇറങ്ങാന്‍ ശ്രമിച്ചതോടെ സ്ത്രീയ്ക്ക് കയറാന്‍ പറ്റാതായി. ഇതിനിടെ ട്രെയിനിന്‍റെ വേഗം കൂടി. ഈ സമയം ഇവര്‍ ട്രെയില്‍ കയറാനായി വാതിലിലെ കമ്പിയില്‍ പിടിച്ചെങ്കിലും പിടി വിട്ട് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഫറൂഖാബാദ് നിവാസിയായ മഹിമ ഗാംഗ്‌വർ എന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ട്രെയിന്‍ മുന്നോട്ട് നീങ്ങുമ്പോൾ സ്ത്രീ വീണ ഭാഗത്തേക്ക് ഓടിയെത്തിവര്‍ താഴെയ്ക്ക് നോത്തി കൈ നീട്ടുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ ആരോ ട്രെയിനിലെ ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു. അതിനുള്ളില്‍ നിരവധി ബോഗികൾ സ്ത്രീയെ കടന്ന് മുന്നോട്ട് പോകുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. രണ്ടാമത്തെ വീഡിയോയില്‍ പ്ലാറ്റ് ഫോമിന് എതിര്‍വശത്തുള്ള ട്രെയിനിന്‍റെ മറുവശത്ത് കൂടി ഉദ്യോഗസ്ഥര്‍ ട്രെയിനിന് അടിയിലേക്ക് നൂണ്ട് കടക്കുന്നതും അത് വഴി മഹിമ ഗാംഗ്‌വറിന്‍റെ കൈ പിടിച്ച് കൂട്ടിക്കൊണ്ട് വരുന്നതും കാണാം. ചെരുപ്പുകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും കാര്യമായ പരിക്കുകളൊന്നും വീഡിയോയില്‍ ദൃശ്യമല്ല.
തോളിൽ ഒരു വലിയ ബാഗുമായാണ് ഇവർ തിടുക്കത്തിൽ ട്രെയിനിലേക്ക് കയറാൻ ശ്രമിച്ചത്. ഇതിനിടയിലാണ് ബാലൻസ് നഷ്ടപ്പെട്ട് ഇവര്‍ പ്ലാറ്റ് ഫോമിലേക്ക് മറിഞ്ഞ് വീണത്. ഭാഗ്യവശാൽ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും അപകടം കണ്ടത് കൃത്യസമയത്ത് ഇടപെട്ടതിനാല്‍ ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇവര്‍ താഴെ വീണ ശേഷം നിരവധി ബോഗികൾ കടന്ന് പോയിട്ടും കാര്യമായ പരിക്കുകളൊന്നും സംഭവിക്കാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി. സാരമായ പരിക്കേറ്റ മഹിമ ഗാംഗ്‌വറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ കുടുംബാംഗങ്ങളോടൊപ്പം വിട്ടയച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.