
താനെ കല്യാൺ ഈസ്റ്റിലെ കോൾസേവാഡി പ്രദേശത്ത് കഴിഞ്ഞ ശനിയാഴ്ച ഒരു യുവതി തന്‍റെ തൊഴിൽ ഉടമയെ ചെരുപ്പ് കൊണ്ട് മുഖത്തടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു സ്ത്രീയും പുരുഷനും അടി അടി എന്ന് പറഞ്ഞ് യുവതിയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കേൾക്കാം. അതെ കടയിലെ ജീവനക്കാരിയായിരുന്നു യുവതിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലാവുകയും കടയുടമയുടെ പ്രവര്‍ത്തിക്ക് അര്‍ഹിച്ച ശിക്ഷയെന്ന് നിരവധി പേര്‍ എഴുതുകയും ചെയ്തു.
യുവതി അതെ കടയിലെ ജീവനക്കാരിയായിരുന്നു. കടയുടമ യുവതിയ്ക്ക് നിരന്തരം അശ്ലീല സന്ദേശം അയക്കുന്ന പതിവുണ്ടായിരുന്നു. പല തവണ എതിര്‍ത്തെങ്കിലും ഇയാൾ സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. ഒടുവില്‍ ശല്യം സഹിക്കാനാകാതെ യുവതി സംഭവം വീട്ടില്‍ പറയുകയും പിന്നാലെ യുവതിയുടെ അമ്മയും ബന്ധുക്കളും യുവതിയെയും കൂട്ടി കടയിലെത്തിയെന്നും പ്രാദേശകി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബന്ധുക്കളും വീട്ടുകാരും യുവതിയെ കടയുടമയെ അടിക്കാന്‍ പ്രേരിപ്പിക്കുന്നതും യുവതി അയാളെ തന്‍റെ ചെരുപ്പ ഊരി അടിക്കുന്നതും വീഡിയോയില്‍ കാണാം. അടിയില്‍ നിന്നും രക്ഷപ്പെടാനായി ഇയാൾ കടയിൽ സാധനങ്ങൾ വയ്ക്കാനായി തിരിച്ച നീണ്ട കബോഡുകൾക്ക് ഇടയിൽ മറഞ്ഞിരിക്കുന്നു. ഇവിടെ നിന്നും ആളുകൾ ഇയാളെ വലിച്ച് പുറത്തിട്ട ശേഷം യുവതിയുടെ കാലില്‍ വീണ് മാപ്പ് ചോദിക്കാന്‍ ആവശ്യപ്പെടുന്നതും അയാൾ അത് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഈ സമയം കടയിലുണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
സംഭവത്തിനിടെ കടയ്ക്ക് മുന്നില്‍ ചെറിയൊരു ജനക്കൂട്ടം തടിച്ച് കൂടിയെന്നും പലരും പെണ്‍കുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ജോലിയിൽ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം സംഭവത്തിന്‍റെ വീഡിയോ വൈറലായെങ്കിലും പോലീസ് ഇതുവരെ ഈ പ്രശ്നത്തില്‍ പ്രതികരിച്ചിട്ടില്ല.