
നമ്മളൊക്കെ ഇലക്ട്രിസിറ്റി ഓഫീസിൽ പോകുന്നത് ബില്ലടക്കാനോ, അല്ലെങ്കിൽ എന്തെങ്കിലും അപേക്ഷകൾ നൽകാനോ ഒക്കെയായിരിക്കും. എന്നാൽ, കർണാടക(Karnataka)യിലെ ശിവമോഗ ജില്ലക്കാരനായ എം. ഹനുമന്തപ്പ പോകുന്നത് മറ്റൊരു ഉദ്ദേശത്തോടെയാണ്. അതും ഹനുമന്തപ്പ (Hanumanthappa) മിക്കവാറും എല്ലാ ദിവസവും അടുത്തുള്ള ഇലക്ട്രിസിറ്റി ഓഫീസിൽ (Electricity office) എത്തും. വെറും കൈയോടെയല്ല ആ പോക്ക്. കയ്യിൽ ഒരു മിക്സിയും, മൊബൈൽ ചാർജറുകളും ഒക്കെയായായിട്ടാണ് യാത്ര. അവിടെ എത്തിയ അദ്ദേഹം കൂട്ടാന് അരക്കുകയും, കുടുംബാംഗങ്ങളുടെ മൊബൈലുകൾ ചാർജ് ചെയ്യുകയും ചെയ്യുന്നു. ഇതൊക്കെ വീട്ടിൽ ആയിക്കൂടെ എന്ന് ചിന്തിക്കുകയാകും. അദ്ദേഹത്തിന് വീട്ടിൽ കണക്ഷൻ ഉണ്ടായിട്ടും ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. അതിന്റെ പ്രതിഷേധമാണ് ഇത്.
ഏകദേശം 10 മാസത്തോളം ഹനുമന്തപ്പ അടുത്തുള്ള ഇലക്ട്രിസിറ്റി ഓഫീസിൽ (മെസ്കോം) പോയി. ഉദ്യോഗസ്ഥർക്കും അതിൽ എതിർപ്പൊന്നുമില്ലായിരുന്നു. ഒരു കർഷകനായ അദ്ദേഹം അടുത്തിടെ ഒരു ഫാം ഹൗസ് പണിതു. അവിടെ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. വൈദ്യുതി ഇല്ലാതെ അദ്ദേഹത്തിന് ജോലി ചെയ്യാനും സാധിക്കുന്നില്ല. ഇതുമൂലം, ഉപജീവനം കഴിക്കാൻ പാടുപെടുകയാണ് അദ്ദേഹം. വൈദ്യുതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ മെസ്‌കോം അധികാരികളോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചിലർ കൈക്കൂലി നൽകിയാൽ സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്തു. അത് ചെയ്യാൻ തയ്യാറല്ലെന്ന് അദ്ദേഹവും പറഞ്ഞു. തുടർന്ന് സ്ഥലം എംഎൽഎയായ അശോകനായികയെ സമീപിച്ച് ഒരു ശുപാർശ കത്ത് സംഘടിപ്പിച്ചെങ്കിലും, അധികൃതർ അതും അവഗണിച്ചു. വൈകിട്ട് ആറു മുതൽ എട്ടു വരെ മാത്രമാണ് അദ്ദേഹത്തിന് കറന്റ് ലഭിക്കുന്നത്. ബാക്കി സമയം അദ്ദേഹത്തിന്റെ കുടുംബം ഇരുട്ടിലാണ്. എന്നാൽ, അയൽക്കാർക്കൊക്കെ ഇരുപതിനാല് മണിക്കൂറും വൈദ്യുതി ഉണ്ട് താനും.
ഒരു ദിവസം, അദ്ദേഹം ഒരു മുതിർന്ന മെസ്‌കോം ഉദ്യോഗസ്ഥനെ വിളിച്ച്, തന്റെ കഷ്ടപ്പാടുകൾ അറിയിച്ചു. ഇങ്ങനെ പോയാൽ എങ്ങനെയാണ് തങ്ങൾ മിക്സി ഉപയോഗിക്കുന്നതെന്നും, വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതെന്നും, ഫോണുകൾ ചാർജ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥനോട് ഹനുമന്തപ്പ ചോദിച്ചു. ഇത് കേട്ട് ഉദ്യോഗസ്ഥൻ, "എന്നാ പിന്നെ ഓഫീസിലോട്ട് പോരെ, ഇവിടെ ഇരുന്ന് കറിയ്ക്ക് അരച്ചോ" എന്ന് ദേഷ്യത്തോടെ പറഞ്ഞു. എന്നാൽ, ഹനുമന്തപ്പ ആ ഉപദേശം ശിരസാ വഹിച്ചു. പിറ്റേന്ന് രാവിലെ തന്നെ അദ്ദേഹം മിക്സിയും, മസാലകളും, മൊബൈൽ ചാർജറുകളും ഒക്കെയായി ഓഫീസിൽ ഹാജരായി. ആർക്കും ഒന്നും എതിർത്ത് പറയാൻ സാധിച്ചില്ല.
അദ്ദേഹത്തിന്റെ ഈ പ്രവൃത്തി ആരോ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അത് പെട്ടെന്ന് തന്നെ വൈറലായി. ഇതോടെ സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടു. വ്യക്തിപരമായ ആവശ്യങ്ങൾക്ക് സർക്കാർ ഓഫീസ് ഉപയോഗിക്കാൻ കർഷകനെ അനുവദിച്ചതിന് പത്തോളം ജൂനിയർ സ്റ്റാഫിന് നോട്ടീസ് ലഭിച്ചു. ഇതോടെ മസാല പൊടിക്കുന്നതിനായി മെസ്‌കോം ഓഫീസിലെത്തുന്നത് നിന്നെങ്കിലും, ഹനുമന്തപ്പയുടെ വീട്ടിൽ ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. മഴ കാരണം ഐപി സെറ്റുകൾ ചാർജ് ചെയ്യാൻ സാധിക്കാത്തത് കാരണമാണ് വൈദ്യുതി ലഭിക്കാൻ സമയമെടുക്കുന്നതെന്ന് ഒരു മെസ്കോം ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, ഒരു മാസത്തിനുള്ളിൽ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പ് നൽകി.