കായികതാരങ്ങൾക്ക് മത്സരത്തിനുമുമ്പ് കഞ്ചാവ് ഉപയോ​ഗിക്കാമോ? നിരോധിതവസ്തുക്കളുടെ പട്ടികയിൽനിന്നും നീക്കം ചെയ്യുമോ

By Web TeamFirst Published Sep 15, 2021, 12:25 PM IST
Highlights

എന്നാൽ, ഒറിഗോണിൽ കഞ്ചാവ് നിയമവിധേയമാണ് എന്നതാണ് മറ്റൊരു കാര്യം. അവിടെ മാത്രമല്ല, അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിലും പല വിദേശരാജ്യങ്ങളിലും കഞ്ചാവ് നിയമവിധേയമാണ്. അതുകൊണ്ട് തന്നെ, വാഡയുടെ തീരുമാനത്തെ പലരും ചോദ്യം ചെയ്തു രംഗത്ത് വന്നു. 

ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) നിരോധിച്ച വസ്തുക്കളുടെ പട്ടികയിൽ കഞ്ചാവിനെ ഉൾപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കും. ടോക്കിയോ ഒളിംപിക്സില്‍ നിന്ന് അമേരിക്കൻ സ്പ്രിന്റ് ചാമ്പ്യൻ ഷക്കേരി റിച്ചാർഡ്സൺ അയോഗ്യയാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്. കഞ്ചാവ് ഉപയോ​ഗിച്ചു എന്നതിന്റെ പേരിലാണ് ഷക്കേരിയെ അയോ​ഗ്യയാക്കിയത്. 

2021 ഏപ്രിലിൽ, ഷക്കേരി 10.72 സെക്കൻഡിൽ വ്യക്തിഗത റെക്കോർഡിട്ടു. എക്കാലത്തെയും വേഗമേറിയ ആറാമത്തെ സ്ത്രീയും, ചരിത്രത്തിലെ നാലാമത്തെ വേഗമേറിയ അമേരിക്കൻ വനിതയുമായി മാറി. അതുകൊണ്ട് തന്നെ ടോക്കിയോ ഒളിമ്പിക്സിൽ അവർ സ്വർണം നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.

എന്നാൽ, ജൂലൈയിൽ നടന്ന ഉത്തേജകമരുന്ന് പരിശോധനയിൽ ഷക്കേരി കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ യുഎസ് ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി താരത്തെ ഒരു മാസം മത്സരങ്ങളിൽനിന്നു വിലക്കി. ഒളിംപിക്സ് തീരുന്നതിനിടയിൽ അവരുടെ വിലക്കിന്റെ കാലാവധി തീർന്നുവെങ്കിലും, യുഎസ് ഒളിംപിക് അസോസിയേഷൻ അവരെ അത്ലറ്റിക്സ് സംഘത്തിൽ ചേർത്തില്ല. ഒറിഗോണിൽ വച്ചാണ് അവരെ പരിശോധനയ്ക്ക് വിധേയയാക്കിയത്. അമ്മ മരിച്ച വാർത്തയറിഞ്ഞ് ആകെ തളർന്നുപോയ താൻ കഞ്ചാവ് ഉപയോ​ഗിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. 

എന്നാൽ, ഒറിഗോണിൽ കഞ്ചാവ് നിയമവിധേയമാണ് എന്നതാണ് മറ്റൊരു കാര്യം. അവിടെ മാത്രമല്ല, അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിലും പല വിദേശരാജ്യങ്ങളിലും കഞ്ചാവ് നിയമവിധേയമാണ്. അതുകൊണ്ട് തന്നെ, വാഡയുടെ തീരുമാനത്തെ പലരും ചോദ്യം ചെയ്തു രംഗത്ത് വന്നു. കഞ്ചാവ് നിരോധനം ചോദ്യം ചെയ്തവരിൽ ലോക അത്‌ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോയും ഉൾപ്പെടുന്നു.  

വാഡയുടെ നിരോധിച്ച പദാർത്ഥങ്ങളുടെ പട്ടിക, വിദഗ്ദ്ധസംഘം പുനഃപരിശോധിക്കാൻ ആരംഭിച്ചുവെങ്കിലും, 2022 വരെ കഞ്ചാവ് നിരോധിക്കപ്പെടും. കൂടാതെ, 2022 -ലെ നിരോധിത വസ്തുക്കളുടെ പട്ടികയിൽ പരിമിതമായ പരിഷ്കാരങ്ങൾ മാത്രമേ ഉണ്ടാകൂ എന്നും വാഡ പറഞ്ഞു. ലോകത്തിൽ പലയിടത്തും കഞ്ചാവ് നിയമവിധേയമോ, കുറ്റരഹിതമോ ആണെന്ന് വിമർശകർ വാദിച്ചു, ഇത് പ്രകടനം വർദ്ധിപ്പിക്കുന്നതല്ലെന്നും അവർ പറഞ്ഞു. എന്നാൽ, യു‌എസ്സിന്റെ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയുടെ സി‌ഇ‌ഒ ട്രാവിസ് ടൈഗാർട്ട് ഷക്കേരിയുടെ അവസ്ഥ ഹൃദയഭേദകമാണെന്ന് വിശേഷിപ്പിച്ചെങ്കിലും, നിയമം നിയമം തന്നെയാണെന്ന് വ്യക്തമാക്കി.  

click me!