
പുലർച്ചെ മൂന്ന് മണിക്ക് ഉറങ്ങിയെഴുന്നേൽക്കുക. നമുക്ക് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ് അല്ലേ? എന്നാൽ, 3 മണിക്ക് ദിവസം ആരംഭിച്ച് ആഴ്ചയിൽ ആറു ദിവസവും ജോലി ചെയ്യുന്ന ഇന്ത്യൻ വംശജനായ സ്റ്റാർട്ടപ്പ് സ്ഥാപകനാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോക്സിമിറ്റി വർക്ക്സ് സ്ഥാപകനും സിഇഒയുമായ 35-കാരൻ ഹാർദിക് ജഗ്ദയാണ് 'ബിസിനസ് ഇൻസൈഡറിന്' നൽകിയ അഭിമുഖത്തിലൂടെ തന്റെ ദിനചര്യയും ജോലിരീതിയും വെളിപ്പെടുത്തിയത്. അതേസമയം, സിലിക്കൺ വാലിയിൽ സജീവ ചർച്ചയാകുന്ന '996' വർക്ക് കൾച്ചറിനെ (രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ, ആഴ്ചയിൽ 6 ദിവസം ജോലി ചെയ്യുന്ന രീതി) അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.
ഒളിമ്പിക് അത്ലറ്റുകളുടെ കഠിന പരിശീലനത്തിൽ നിന്നും വിശ്രമരീതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഈ ദിനചര്യ പിന്തുടരുന്നതെന്ന് ഹാർദിക് ജഗ്ദ പറയുന്നു. ജോലി ചെയ്ത മണിക്കൂറുകളുടെ എണ്ണമല്ല, മറിച്ച് ഓരോ ജീവനക്കാരന്റെയും ഏറ്റവും പ്രൊഡക്ടീവായ സമയത്തിന് പ്രാധാന്യം നൽകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
2017 -ലാണ് ഹാർദിക് സംരംഭകനാകുന്നത്. എന്നാൽ, കുടുംബപരമായ ബാധ്യതകൾ കാരണം താൻ ചെയ്തുകൊണ്ടിരുന്ന ജോലി വിടാൻ സാധിച്ചിരുന്നില്ല. തുടർന്ന് രാവിലെയും വൈകുന്നേരങ്ങളിലുമായി സ്വന്തം സ്വപ്നത്തിനായി സമയം മാറ്റിവെച്ച അദ്ദേഹം, 2019-ൽ പ്രോക്സിമിറ്റി വർക്ക്സ് ഔദ്യോഗികമായി ആരംഭിച്ചു. തുടക്കത്തിൽ ലൈവ് സ്പോർട്സ് സ്ട്രീമിംഗ് ടെക്നോളജിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനി, 2020 മുതൽ ഈ മേഖലയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.
കായികതാരങ്ങളുടെയും സംരംഭകരുടെയും ആത്മകഥകൾ വായിച്ചതാണ് രാവിലെ എഴുന്നേൽക്കാനും ആ സമയം ഉപയോഗപ്പെടുത്താനും അദ്ദേഹത്തിന് പ്രചോദനമായത്. നിലവിൽ അമേരിക്കയിലെ അഞ്ച് ജീവനക്കാർ ഉൾപ്പടെ ലോകമെമ്പാടുമായി ഏകദേശം 45 പേർ ഈ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. കമ്പനിയുടെ സഹസ്ഥാപകൻ ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്.
ഹാർദിക് ജഗ്ദയുടെ ദിനചര്യ ഇങ്ങനെ
പുലർച്ചെ 3 മണിക്കും 5 മണിക്കും ഇടയിൽ ഉണരുന്ന അദ്ദേഹം, രാവിലെ 6 മണിവരെ ഇമെയിലുകളോ മെസ്സേജുകളോ പരിശോധിക്കാറില്ല. ഈ തടസ്സങ്ങളില്ലാത്ത സമയം ബിസിനസ്സ് ഐഡിയയെപ്പറ്റി ചിന്തിക്കാനും വ്യായാമം ചെയ്യാനും തന്റെ ലക്ഷ്യങ്ങൾ കുറിച്ചുവെക്കാനുമാണ് ഉപയോഗിക്കുന്നത്.
രാവിലെ 7 മണിക്ക് ശേഷം എന്റെ സമയം എന്റേതല്ല എന്നാണ് ഹാർദിക് പറയുന്നത്. വിവിധ സ്ഥലത്ത് നിന്നുള്ള സഹപ്രവർത്തകർ ബന്ധപ്പെട്ടുതുടങ്ങുന്നത് ഈ സമയത്താണ്. രാവിലെ ഏഴരയോടെ മീറ്റിംഗുകൾ ആരംഭിക്കുന്നു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ കോളുകൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്ന അദ്ദേഹം, 3 മണിക്ക് വീണ്ടും വ്യായാമം ചെയ്യുന്നു. വൈകുന്നേരങ്ങൾ ക്രിയേറ്റീവായിട്ടുള്ള ജോലികൾക്കും കുടുംബാംഗങ്ങൾക്കൊപ്പമുള്ള സമയത്തിനും മാറ്റിവെക്കുന്ന ഹാർദിക്, രാത്രി 9 മണിയോടെ ഉറങ്ങാൻ കിടക്കും.
'996' സംസ്കാരത്തോട് വിയോജിപ്പ്
താൻ ആഴ്ചയിൽ ആറു ദിവസവും ജോലി ചെയ്യാറുണ്ടെങ്കിലും, ജീവനക്കാർ അതേ മാതൃക പിന്തുടരണമെന്ന് താൻ വാശിപിടിക്കാറില്ലെന്ന് ഹാർദിക് പറയുന്നു.